യുവ അഭിഭാഷകരുടെ സ്വന്തം ‘ചാച്ചാജി’ ജസ്റ്റിസ് കരോൾ പടിയിറങ്ങി

ന്യൂഡൽഹി: സുപ്രീം കോടതിയിലെ യുവ അഭിഭാഷകർക്ക് ജസ്റ്റിസ് സഞ്ജയ് കരോൾ ഒരു ജഡ്ജി മാത്രമായിരുന്നില്ല. സ്നേഹത്തോടെ ‘ചാച്ചാജി’ എന്ന് വിളിക്കുന്ന ഒരു മുതിർന്ന സഹപ്രവർത്തകൻ കൂടിയായിരുന്നു. യുവ അഭിഭാഷകരെ ചേർത്തുനിർത്തിയ അദ്ദേഹം ശനിയാഴ്ച സുപ്രീം കോടതി ജഡ്ജി സ്ഥാനത്തുനിന്ന് വിരമിച്ചു.

പുതുമുഖ അഭിഭാഷകർക്ക് അവസരങ്ങൾ നൽകുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്ന ജസ്റ്റിസ് കരോൾ വിവിധ കേസുകളിൽ ഏകദേശം 500 യുവ അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. ജനപ്രിയ കോമിക് കഥാപാത്രമായ ചാച്ചാ ചൗധരിയെ ഓർമിപ്പിക്കുന്ന രൂപഭാവവും യുവ അഭിഭാഷകരോടുള്ള അടുപ്പവുമാണ് ‘ചാച്ചാജി’ എന്ന അദ്ദേഹത്തിന്‍റെ വിളിപ്പേരിന് പിന്നിൽ.

ഹിമാചൽ പ്രദേശിലെ ആദ്യ പൈതൃക ഗ്രാമമായ ഗർലിയാണ് ജസ്റ്റിസ് കരോളിന്റെ സ്വദേശം. 2007 മാർച്ച് 8ന് ഹിമാചൽ പ്രദേശ് ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റ അദ്ദേഹം പിന്നീട് ത്രിപുര, പട്ന ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. വീട്ടമ്മമാരുടെ പ്രതിഫലമില്ലാത്ത അധ്വാനത്തിന് സാമ്പത്തിക മൂല്യം നൽകിയ വിധിയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഇടപെടലുകളിൽ ഒന്ന്. 2026 ജൂൺ 11ൽ റോഡപകടത്തിൽ മരിച്ച സ്ത്രീയുടെ വീട്ടുജോലിക്കും കുട്ടികളുടെ പരിചരണത്തിനും പ്രതിമാസം 30000 എന്ന മൂല്യം കോടതി വിധിയിൽ കണക്കാക്കി.

ഇതോടെ കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരം 8 ലക്ഷത്തിൽ നിന്ന് 63 ലക്ഷമായി ഉയർന്നു. വീട്ടമ്മമാരുടെ അധ്വാനത്തിന് ശമ്പളം ലഭിക്കുന്നില്ലെങ്കിലും അതിന് സാമ്പത്തിക മൂല്യമുണ്ടെന്നും വിധിയിൽ വ്യക്തമാക്കി. യാത്രക്കാരെ വിശേഷിപ്പിക്കാൻ റെയിൽവേ ഉപയോഗിക്കുന്ന ‘സെക്കൻഡ് ക്ലാസ്’ എന്ന പ്രയോഗം ഒഴിവാക്കണമെന്നും ജസ്റ്റിസ് കരോൾ അഭിപ്രായപ്പെട്ടിരുന്നു. മനുഷ്യരോടുള്ള കരുതലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു.

ഹിമാചൽ പ്രദേശ് ഹൈകോടതി ജഡ്ജിയായിരിക്കെ വഴിയരികിൽ കുഴഞ്ഞുവീണ ഒരാളെ വാഹനം നിർത്തി ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കിയ സംഭവം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് വിടവാങ്ങൽ ചടങ്ങിൽ അനുസ്മരിച്ചു. കോവിഡ് കാലത്ത് പട്ന ഹൈകോടതി ചീഫ് ജസ്റ്റിസായിരിക്കെ ദുരിതത്തിലായവർക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനും അദ്ദേഹം ഇടപെട്ടു. ജസ്റ്റിസ് കരോൾ ശനിയാഴ്ച സുപ്രീം കോടതിയിൽ നിന്ന് പടിയിറങ്ങുകയാണ്. എന്നാൽ യുവ അഭിഭാഷകർക്ക് നൽകിയ അവസരങ്ങളും ആത്മവിശ്വാസവും ‘ചാച്ചാജി’ എന്ന പേരിനൊപ്പം തുടരും.

Tags:    
News Summary - Justice Karol Retires, Young Lawyers Remember

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.