മുംബൈ: മുംബൈയിലെ ഭൂലേശ്വറിൽ ഘോഷയാത്രക്കിടെ ഭീമൻ ഗണപതി വിഗ്രഹം ജനക്കൂട്ടത്തിനു മുകളിലേക്ക് മറിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു.
ഗണേശോത്സവ ആഘോഷങ്ങൾക്ക് മുന്നോടിയായി ഭുലേശ്വറിൽ നടന്ന ഗണപതി വിഗ്രഹത്തിന്റെ ആഗമന ഘോഷയാത്രക്കിടെയാണ് അപകടം. ശനിയാഴ്ച രാത്രി 10 മണിയോടെ ഭുലേശ്വറിലെ ഡോ. ആത്മാറാം മർച്ചന്റ് റോഡ് കബൂതർഖാന ജയ് അംബെ ചൗക്കിലാണ് ദുരന്തം. ഭുലേശ്വർ ചാ രാജ എന്ന ജനപ്രിയ ഉത്സവ സമിതിയുടെ 22 അടിയിലധികം ഉയരമുള്ള ഭീമാകാരമായ ഗണപതി വിഗ്രഹമാണ് മറിഞ്ഞുവീണത്.
വിഗ്രഹം ഉറപ്പിച്ചു നിർത്തിയിരുന്ന ഇരുമ്പ് ഫ്രെയിമിൽനിന്ന് വേർപ്പെട്ടാണ് വിഗ്രഹം മറിഞ്ഞു വീണതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. ലാൽബാഗിൽ നിന്നു നിർമാണം പൂർത്തിയാക്കി ട്രോളിയിൽ ഭുലേശ്വറിലെ താൽക്കാലിക പന്തലിലേക്ക് കൊണ്ടുവരുന്നതിനിടയിലായിരുന്നു വിഗ്രഹം വശങ്ങളിലേക്ക് ചരിഞ്ഞുവീണത്.
വൈഭവ് ഘേനന്ദ് (38), പവൻ ചൗരസ്യ (25), ലാവണ്യ ഗനേർ (അഞ്ച്), ദിവ്യ ഗനേർ (ഏഴ്), കുനാൽ കാശിദ് (26) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ വിഗ്രഹം കൊണ്ടുവന്ന ട്രോളിക്ക് മുകളിലാണ് ഇരുന്നിരുന്നതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ ഡിബി മാർഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലും വ്യാപകമായി ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിൽ ഒന്നാണ് 'ഗണേശോത്സവം'. ഈ ആഘോഷ വേളകളിൽ ആളുകൾ ഗണേശ വിഗ്രഹങ്ങൾ വീടുകളിലേക്കോ പന്തലുകളിലേക്കോ എഴുന്നള്ളിച്ച് കൊണ്ടുവന്ന് ആരാധന നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.