ന്യൂഡൽഹി: ജുഡീഷ്യറിക്കുമേലുള്ള കേന്ദ്രസർക്കാർ ഇടപെടലിനെതിരെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വർ വീണ്ടും രംഗത്ത്. കർണാടകയിലെ മുതിർന്ന ജില്ല സെഷൻസ് ജഡ്ജി പി. കൃഷ്ണ ഭട്ടിനെതിരെ കേന്ദ്ര നിർദേശപ്രകാരം കർണാടക ഹൈകോടതി നടത്തിയ അന്വേഷണത്തിനെതിരെയാണ് ചെലമേശ്വർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കും കത്തയച്ചത്. ഇതേത്തുടർന്ന് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.
ഹൈകോടതി ജഡ്ജിയായി ഉയർത്താൻ സുപ്രീംകോടതി കൊളീജിയം ശിപാർശചെയ്ത ജഡ്ജി പി. കൃഷ്ണ ഭട്ടിനെതിരെയാണ് വനിതജഡ്ജിയുടെ പരാതിയിൽ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് മഹേശ്വരി അന്വേഷണം നടത്തിയത്. അപമര്യാദയായി പെരുമാറുന്നുവെന്നും അധികാരദുർവിനിയോഗം നടത്തുന്നുവെന്നുമായിരുന്നു ഭട്ടിനെതിരായ പരാതി. ആദ്യം അന്വേഷിച്ച ജഡ്ജി പരാതി തള്ളിക്കളഞ്ഞു. ഭട്ടിനെ അപകീർത്തിപ്പെടുത്താനും ഹൈകോടതി ജഡ്ജിയായുള്ള അദ്ദേഹത്തിെൻറ സ്ഥാനക്കയറ്റും തടയാനും ലക്ഷ്യമിട്ടാണ് പരാതിയെന്നായിരുന്നു അന്വേഷണം നടത്തിയ ജഡ്ജി സുബ്രതോ കമാൽ മുഖർജിയുടെ കണ്ടെത്തൽ. കൃഷ്ണ ഭട്ടിെൻറ സ്ഥാനക്കയറ്റത്തിനുള്ള കൊളീജിയത്തിെൻറ ആദ്യ ശിപാർശ കേന്ദ്രം തള്ളിയിരുന്നു.
അന്വേഷണത്തിൽ കുറ്റമുക്തനാക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ കൊളീജിയം ശിപാർശ വീണ്ടും കേന്ദ്രത്തിന് അയച്ചു. ഇതിൽ കേന്ദ്രം തീരുമാനമെടുത്തിട്ടില്ല. പരാതി തള്ളിയതിനെത്തുടർന്ന് വനിത ജഡ്ജി കൃഷ്ണ ഭട്ടിനെതിരെ കേന്ദ്രത്തിനും സുപ്രീംകോടതിക്കും പരാതികളയക്കാൻ തുടങ്ങി. ഇത് പിടിവള്ളിയാക്കിയാണ് കേന്ദ്ര നിയമവകുപ്പ് പുതിയ അന്വേഷണത്തിന് കർണാടക ചീഫ് ജസ്റ്റിസിന് നിർദേശം നൽകിയത്. കൃഷ്ണ ഭട്ടിെൻറ സ്ഥാനക്കയറ്റം തടയുകയാണ് കേന്ദ്രനീക്കത്തിനുപിന്നിലെന്നാണ് ആരോപണം.
കുറ്റമുക്തനാക്കപ്പെടുകയും ഹൈകോടതി ജഡ്ജിയായി ഉയർത്താൻ ശിപാർശ ചെയ്യുകയും ചെയ്ത ജില്ല ജഡ്ജിക്കെതിരെ പഴയ ആരോപണം പൊടിതട്ടിയെടുത്ത് അന്വേഷണം നടത്താൻ ഹൈകോടതി ചീഫ് ജസ്റ്റിസിന് കഴിയുമോ എന്ന നിയമപ്രശ്നവും ചെലമേശ്വർ കത്തിൽ ഉന്നയിക്കുന്നു. ഏകപക്ഷീയ അന്വേഷണത്തിന് നിർദേശംനൽകിയ കേന്ദ്രനടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കുള്ള കത്തിൽ സൂചിപ്പിച്ചു. കാരണമില്ലാതെയാണ് കൃഷ്ണ ഭട്ടിെന ഹൈകോടതി ജഡ്ജിയായി ഉയർത്താനുള്ള നിർദേശം കേന്ദ്രം തിരിച്ചയച്ചതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കത്ത് ലഭിച്ചതിനെ തുടർന്ന് ചീഫ് ജസ്റ്റിസിെൻറ ഒാഫിസ് കർണാടക ചീഫ് ജസ്റ്റിസുമായി ബന്ധെപ്പട്ടപ്പോഴാണ്, അന്വേഷണം നിർത്തിെവച്ചതായി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.