പൊലീസ് ശരിയല്ല, അത്കൊണ്ട് ഞാൻ ദാവൂദ് ഇബ്രാഹീമിന്‍റെ ഗ്യാങിൽ ചേരുന്നു - ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്
ന്യൂഡൽഹി : ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ച രാജ്യസഭാ എം.പി രാഘവ് ഛദ്ദയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ഛദ്ദയുടെ രാഷ്ട്രീയ ചുവടുമാറ്റത്തെ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായുള്ള കൂട്ടുകെട്ടിനോട് ഉപമിച്ചാണ് പ്രകാശ് രാജ് രംഗത്തെത്തിയത്. "കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തിൽനിന്ന് പൊലീസ് സേന വ്യതിചലിച്ചതിനാൽ ഞാൻ ജോലി രാജിവയ്ക്കുന്നു, പകരം ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു - രാഘവ് ചദ്ദ" എന്നായിരുന്നു പ്രകാശ് രാജിന്റെ എക്സ് (ട്വിറ്റർ) പോസ്റ്റ്. ആം ആദ്മി പാർട്ടി മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചതിനാലാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന ഛദ്ദയുടെ ന്യായീകരണത്തെയാണ് പ്രകാശ് രാജ് ഈ വാക്കുകളിലൂടെ പരിഹസിച്ചത്.
രാഘവ് ഛദ്ദയ്ക്കൊപ്പം ആം ആദ്മിയിലെ മറ്റു മുതിർന്ന നേതാക്കളും വിട്ട് ബി.ജെ.പിയിലേക്ക് ചേർന്നിട്ടുണ്ട്. രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്തുനിന്ന് ഛദ്ദയെ മാറ്റിയതിനെത്തുടർന്ന് പാർട്ടി നേതൃത്വവുമായി അദ്ദേഹം കടുത്ത ഭിന്നതയിലായിരുന്നു. താൻ ഇത്രയും കാലം തെറ്റായ പാർട്ടിയിലെ ശരിയായ ആളായിരുന്നുവെന്നാണ് ചദ്ദ പ്രതികരിച്ചത്.
എന്റെ രക്തവും വിയർപ്പും ഉപയോഗിച്ച് വളർത്തിയതും എന്റെ യൗവനത്തിന്റെ 15 വർഷം നൽകിയതുമായ ആം ആദ്മി പാർട്ടി അതിന്റെ തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും അടിസ്ഥാന ധാർമ്മികതകളിൽ നിന്നും വ്യതിചലിച്ചു. ഇപ്പോൾ ഈ പാർട്ടി രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കുവേണ്ടിയല്ല, മറിച്ച് അതിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, തെറ്റായ പാർട്ടിയിൽ ഞാൻ ശരിയായ ആളാണെന്ന് എനിക്ക് തോന്നുന്നു. അതിനാൽ ഇന്ന്, ഞാൻ ആം ആദ്മിയിൽ നിന്ന് അകന്നു നിൽക്കുകയും പൊതുജനങ്ങളുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നുവെന്ന് പ്രഖ്യാപിക്കുന്നു -രാഘവ് ചദ്ദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.