അതിര്‍ത്തി കടക്കാന്‍ ജയ്ശെ മുഹമ്മദ് ഭീകരർ ഉപയോഗിച്ചതെന്ന് കരുതുന്ന തുരങ്കം

നഗ്രോടയില്‍ കൊല്ലപ്പെട്ട ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തുരങ്കം കണ്ടെത്തി

ശ്രീനഗർ: ജമ്മു-ശ്രീനഗർ ദേശീയപാതയിലെ നഗ്രോടയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ജയ്ശെ മുഹമ്മദ് ഭീകരർ അതിർത്തി കടന്ന് ഇന്ത്യയിലെത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന തുരങ്കം സുരക്ഷാസൈന്യം കണ്ടെത്തി. സാംബ സെക്ടറിൽ രാജ്യാന്തര അതിർത്തിക്ക് സമീപത്താണ് തുരങ്കം കണ്ടെത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

സാംബ സെക്ടറിലെ തുരങ്കം വഴിയാണ് നാല് ഭീകരരും ഇന്ത്യയിലേക്ക് കടന്നതെന്ന് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ജമ്മു -കശ്മീർ പൊലീസിന്റെ സഹായത്തോടെ ബി.എസ്.എഫ് വ്യാപക തിരച്ചിൽ നടത്തിയത്. തുടർന്ന് സാംബ ജില്ലയിലെ റീഗൽ ഗ്രാമത്തിന് സമീപം 30- 40 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തുകയായിരുന്നു.

26/11 മുംബൈ ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തിൽ പുൽവാമ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്താനുള്ള പദ്ധതിയുമായി പാകിസ്താനിൽനിന്ന് എത്തിയ നാല് ഭീകകരെയാണ് കഴിഞ്ഞ ദിവസം സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്. ട്രക്കിൽ സഞ്ചരിച്ച ഇവരെ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നഗ്രോടയ്ക്ക് സമീപമുള്ള ടോൾ പ്ലാസക്ക് സമീപത്തു വെച്ചാണ് സുരക്ഷാസൈന്യം കൊലപ്പെടുത്തിയത്. വൻ ആയുധശേഖരവും ഇവരിൽ നിന്ന് കണ്ടെത്തിയിരുന്നു.

തുരങ്കത്തിലൂടെ എത്തിയ ഭീകരരെ ട്രക്കിൽ ദേശീയപാതയിൽ എത്താൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് ജമ്മു - കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് പറഞ്ഞു. നാല് ഭീകരരെയും അയച്ചത് ജെയ്ശെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിന്റെ അർധ സഹോദരൻ അബ്ദുൾ റഊഫ് അസ്ഗർ ആണെന്ന് റിപ്പോർട്ടുണ്ട്.

ആക്രമണം ആസൂത്രണം ചെയ്യാനായി ബഹവൽപൂരിൽ നടന്ന യോഗത്തിൽ ജെയ്ശെ തീവ്രവാദി സംഘടനയിലെ മൗലാന അബു ജുൻഡാലും മുഫ്തി തൗസീഫും പങ്കെടുത്തതയും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ആസൂത്രണത്തിന് ശേഷം ഭീകരരെ തെരഞ്ഞെടുക്കുന്നതിനും പരിശീലനം നൽകുന്നതിനും ജെയ്ശെയുടെ ശക്കർഗഡ് യൂണിറ്റിനെയാണ് ചുമതലപ്പെടുത്തിയത്.

നഗ്രോട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഭീകരർക്ക് ചാവേർ ആക്രമണത്തിനുള്ള പരിശീലനവും കശ്മീരിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനുള്ള പരിശീലനവും ലഭിച്ചിരുന്നു. 

Tags:    
News Summary - J&K: Cross-border tunnel found in Samba, may have been used by Nagrota militants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.