റാഞ്ചി: പിഴവുകളുണ്ടെന്ന് ആരോപിക്കപ്പെടുന്ന പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന സമരം 22-ാം ദിവസത്തിലേക്ക് കടന്നിരിക്കെ ഭാവിയിലെ പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കുമെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ, ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ യുവാക്കളും സർക്കാരിലുള്ള അവരുടെ വിശ്വാസവും തനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും കുറ്റപ്പെടുത്തുന്ന രീതിയിലുള്ള വാദപ്രതിവാദങ്ങളിൽ ഏർപ്പെടില്ല. പകരം നീതി ഉറപ്പാക്കും. പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരികയാണ്. അക്കാദമിക് കലണ്ടർ പുറത്തിറക്കുകയും പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ‘ഛാത്രോം കി ബാത് - ഛാത്രോം കെ സാഥ്’ എന്ന സംരംഭം ആരംഭിച്ചിട്ടുണ്ടെന്നും ഇതിൽ വിദ്യാർഥികളുടെ മാതാപിതാക്കളും അധ്യാപകരും വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഭിക്കുന്ന നിർദേശങ്ങൾ വിദഗ്ധരുമായി പരിശോധിച്ച ശേഷം നിയമത്തിനും ഭരണഘടനാ മാനദണ്ഡങ്ങൾക്കും അനുസൃതമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച വിദ്യാഭ്യാസ സംവിധാനം രൂപപ്പെടുത്തുന്നതിൽ വിദ്യാർഥികളുടെ പങ്കാളിത്തം നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കളുടെ സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടുമെന്നും മാഫിയയുടെ ഇടപെടൽ കാരണം കഴിവുകൾ പാഴാകാൻ അനുവദിക്കില്ലെന്നും പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ഭാവിയിലും പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 80-ാം സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ ഉന്നയിക്കുന്നതിന് പകരം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രം സംസാരിക്കാനാണ് തീരുമാനമെന്ന് വിദ്യാർഥി നേതാവ് രവീന്ദർ പാസ്വാൻ പറഞ്ഞു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഝാർഖണ്ഡിൽ വിദ്യാർഥികളും യുവാക്കളും പങ്കെടുക്കുന്ന വിപുലമായ തിരംഗ യാത്ര സംഘടിപ്പിച്ചതായും രവീന്ദർ അറിയിച്ചു. രാജ്യത്തോടുള്ള സ്നേഹവും ദേശാഭിമാനവും പ്രകടിപ്പിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും യുവാക്കളും യാത്രയിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെ.പി.എസ്.സി, ജെ.എസ്.എസ്.സി നടത്തിയ പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നതായി ആരോപിച്ചാണ് വിദ്യാർഥികൾ സമരം നടത്തുന്നത്. ജെ.എസ്.എസ്.സി ജി.സി.എൽ പരീക്ഷ റദ്ദാക്കണമെന്നതും സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.