അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണം നിമിത്തമായി; 10 വർഷത്തിനുശേഷം അച്ഛനെ കണ്ടുമുട്ടി മകന്‍

സിനിമാക്കഥകളെ വെല്ലുന്ന പുനസമാഗമത്തിന്റെ വാർത്തയാണ് ഝാർഖണ്ഡ് സംസ്ഥാനത്തുനിന്ന് പുറത്തുവരുന്നത്. കാലങ്ങൾക്കുമുമ്പ് വേർപിരിഞ്ഞുപോയ പിതാവും പുത്രനും 10 വർഷത്തിനുശേഷമാണ് പരസ്പരം കണ്ടുമുട്ടിയയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഝാര്‍ഖണ്ഡിലെ രാംഗഡിലെ ഡിവൈന്‍ ഓംകാര്‍ മിഷന്‍ എന്നു പേരുള്ള അനാഥാലയത്തിലാണ് അപൂര്‍വ കൂടിക്കാഴ്ച നടന്നത്. അനാഥാലയത്തില്‍ വളര്‍ന്ന ശിവം വര്‍മ എന്ന പതിമൂന്നു വയസുകാരന്‍ അച്ഛന്‍ ടിങ്കു വര്‍മയെ തിരിച്ചറിയുകയായിരുന്നു.

2013-ല്‍ ഭാര്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറായ ടിങ്കു വര്‍മയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് മൂന്ന് വയസുകാരനായിരുന്നു ശിവം. തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ശിവത്തെ അധികൃതര്‍ അനാഥാലയത്തിന് കൈമാറി. അനാഥാലയത്തിന് കീഴിലുള്ള സ്‌കൂളില്‍ എട്ടാം ക്ലാസിലാണ് ശിവം ഇപ്പോള്‍ പഠിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ടിങ്കു ജയില്‍ മോചിതനായത്. പിന്നീട് ഓട്ടോറിക്ഷാ ഓടിച്ചും കൂലിപ്പണിയെടുത്തും ജീവിക്കുകയായിരുന്നു.

അനാഥാലയം നടത്തുന്ന സന്നദ്ധ സംഘടനയുടെ സൗജന്യ ഭക്ഷണ വിതരണത്തില്‍ എത്തിയാണ് ടിങ്കു പലപ്പോഴും വിശപ്പടക്കാറുള്ളത്. ഇവിടെ ഭക്ഷണം വിളമ്പാന്‍ എത്തിയതായിരുന്നു ശിവം. ഇതിനിടയില്‍ ഭക്ഷണത്തിനായി വരി നില്‍ക്കുന്ന ആള്‍ക്ക് അച്ഛന്റെ മുഖസാദൃശ്യമുള്ളതായി ശിവത്തിന് തോന്നി. തുടര്‍ന്ന് അയാളുടെ അടുത്തെത്തി ശിവം സംസാരിക്കുകയായിരുന്നു. ഇതോടെ ശിവത്തിനെയും ടിങ്കു തിരിച്ഛറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

ഇരുവരും സംസാരിക്കുന്നതും കരയുന്നതും സന്നദ്ധ സംഘടനയുടെ മാനേജർ രാകേഷ് നാഗിയുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇവരുടെ ജീവിത കഥ പുറത്തുവന്നത്. ‘മൂന്ന് വയസ്സുള്ളപ്പോൾ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരാണ് കുട്ടിയെ ഞങ്ങൾക്ക് കൈമാറിയെന്ന്’ഡിവൈൻ ഓംകാർ മിഷന്റെ മാനേജർ രാജേഷ് നാഗി പറഞ്ഞു. അവൻ ഞങ്ങളുടെ ഹോസ്റ്റലിൽ താമസിച്ച് ഞങ്ങളുടെ സ്കൂളിൽ പഠിക്കുകയായിരുന്നു. ടിങ്കു പലപ്പോഴും 'ലംഗാർ സേവ'യിൽ പങ്കെടുക്കാറുണ്ട്.

'ജീവിതത്തിൽ ഒരിക്കലും ഞാന്‍ എന്‍റെ അച്ഛനെ കാണുമെന്ന് കരുതിയിരുന്നില്ല. അച്ഛനെ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്'- ശിവം പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അച്ഛനൊപ്പം മകനെ വിടുമെന്ന് ഡിവൈന്‍ ഓംകാര്‍ മിഷന്‍ വ്യക്തമാക്കി. തന്റെ കുട്ടിക്കാലം ചിലവഴിച്ച, പത്ത് വര്‍ഷത്തെ ഓര്‍മകളുള്ള അനാഥാലയം വിടുന്നതില്‍ ഒരുപാട് സങ്കടമുണ്ടെന്നും ശിവം കൂട്ടിച്ചേര്‍ത്തു. മകനെ പത്ത് വര്‍ഷം സംരക്ഷിച്ച അനാഥാലയത്തിനോട് ടിങ്കു വര്‍മ നന്ദി അറിയിച്ചു.

Tags:    
News Summary - Jharkhand boy ‘orphaned’ at 3, recognises father at social feast, reunited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.