അർധരാത്രി ഞെട്ടലോടെ ആ ദുഃഖവാർത്ത; വിതുമ്പി തമിഴ് മക്കൾ

ചെന്നൈ: 30 വർഷക്കാലം സംസ്​ഥാന–ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന, മുഖ്യമന്ത്രി ജയലളിതയുടെ വേർപാട് തമിഴകത്തിന് താങ്ങാനാകുന്നില്ല. നാലര വർഷക്കാലം ഇനിയും സംസ്​ഥാനം ഭരിക്കാൻ സമയമുള്ളപ്പോഴാണ് തമിഴക മക്കളുടെ ‘അമ്മ’യെ മരണം തട്ടിയെടുത്തത്.

കരുണാനിധി അടക്കം രാഷ്ട്രീയ എതിരാളികളുൾപ്പെടെ ജയലളിതയുടെ വേർപാടിൽ ദു$ഖിതരാണ്. ഭരണ–പ്രതിപക്ഷ ഭേദമെന്യേ എല്ലാവരുടെയും പ്രാർഥന വിഫലമാക്കിയാണ് ജയ വിടപറഞ്ഞത്. ചികിത്സയിൽ കഴിയവെ അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടായ വാർത്ത ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് പുറംലോകമറിഞ്ഞത്.

ആരോഗ്യനില വീണ്ടെടുത്ത് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് സ്വകാര്യ വാർഡിലേക്ക് മാറ്റി ചികിത്സ തുടരവെയാണ് സ്​ഥിതിഗതികൾ വഷളായത്. മരണവാർത്തയറിഞ്ഞതോടെ സ്​ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ അലമുറയിട്ട് ആശുപത്രിക്ക് മുന്നിലെത്തി. ജനം ആശുപത്രിക്ക് മുന്നിൽ കാത്തുകിടക്കുകയാണ്. സംഘർഷ സാധ്യത ഭയന്ന് ഞായറാഴ്ച രാത്രി മുതൽ അന്തർ സംസ്​ഥാന– ദീർഘദൂര ബസ്​ സർവിസുകൾ നിർത്തിവെച്ചിരുന്നു.

ജയയുടെ ആരോഗ്യനില വഷളായതിനെതുടർന്ന് പെട്രോൾ ബങ്കുകളും ഹോട്ടലുകളും വ്യാപാര സ്​ഥാപനങ്ങളും അടച്ചിരുന്നു. ചികിത്സ തുടരുകയാണെന്ന് തിങ്കളാഴ്ച രാവിലെ അറിഞ്ഞതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി. വിദ്യാലയങ്ങൾ പ്രവർത്തിച്ചു.

കടകമ്പോളങ്ങളും വാഹന ഗതാഗതവും ബസ്​, ട്രെയിൻ സർവിസും സാധാരണ നിലയിലായി. എങ്കിലും ഹാജർനില പൊതുവെ കുറവായിരുന്നു. ഉച്ചക്കുശേഷം ആരോഗ്യനില വഷളായതായ റിപ്പോർട്ടുകൾ വന്നതോടെ ജനം ആശങ്കയിലായി. ഒരുഘട്ടത്തിൽ ചാനലുകളിൽ ജയലളിത വിടവാങ്ങിയതായും വാർത്ത വന്നു. ഇതോടെ ജീവനക്കാർ ഓഫിസുകളിൽനിന്ന് നേരത്തേ വീട്ടിലേക്ക് മടങ്ങി. സ്​കൂളുകളും കോളജുകളും രണ്ടുമണിക്കൂർ നേരത്തേ വിട്ടു. കടകളും മറ്റും അടച്ചു. തിങ്കളാഴ്ച രാത്രി മുതൽ സംസ്​ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അണ്ണാ ഡി.എം.കെ ഭാരവാഹികളും പ്രവർത്തകരും ചെന്നൈയിലേക്ക് പ്രവഹിക്കുകയായിരുന്നു.

അമ്മ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന് പലരും ആത്മവിശ്വാസത്തോടെ വിളിച്ചുപറഞ്ഞു. അപ്പോളോ ആശുപത്രി പരിസരത്തും ചെന്നൈ നഗരത്തിലും പൊലീസും അർധ സൈനിക വിഭാഗങ്ങളും നിലയുറപ്പിച്ചിരുന്നു. ആരാധനാലയങ്ങളിൽ വിശേഷാൽ പൂജകളും പ്രാർഥനകളും വഴിപാടുകളും അരങ്ങേറി.

ജയലളിത മരിച്ചതായി ചില ചാനലുകൾ വാർത്ത പുറത്തുവിട്ടത് അണ്ണാ ഡി.എം.കെ പ്രവർത്തകരിലും പൊതുജനങ്ങളിലും കടുത്ത ആശങ്കയാണ് പരത്തിയത്. ഇത് വിശ്വസിച്ച് ചെന്നൈ റോയപേട്ടയിലെ പാർട്ടി ആസ്​ഥാനത്ത് പതാക താഴ്ത്തിക്കെട്ടി. ഈ സമയത്ത് പാർട്ടി ഭാരവാഹികളും പ്രവർത്തകരും പൊട്ടിക്കരഞ്ഞു. ഒടുവിൽ അർധരാത്രിയോടെ ആ ദുഃഖവാർത്തയുമെത്തി.

Tags:    
News Summary - jayalalitha deid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.