അതുകൊണ്ടാണ്​​ നെഹ്​റു രാഷ്​ട്രശിൽപിയാവുന്നത്​...

 

ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയും രാഷ്​ട്രശിൽപിയുമായ ജവഹർലാൽ നെഹ്​റുവി​ന്​ ഇന്ത്യയുടെ ചരിത്രത്തിൽ നിർണായക സ്ഥാനമാണ്​ ഉള്ളത്​. വിഭജനവും, വർഗീയകലാപവും, നാട്ടുരാജ്യങ്ങളുടെ സംയോജനവും, കോളനിവാഴ്ച തകര്‍ത്തെറിഞ്ഞ ആടിയുലയുന്ന സാമ്പത്തികഘടനയും... ഏതു നിമിഷവും, ആഭ്യന്തരയുദ്ധത്തിലേക്കോ, ഏകാധിപത്യത്തിലേക്കോ , അരാജകത്വത്തിലേക്കോ വഴിമാറാവുന്ന രാജ്യത്തെ ഇന്ന്​ ഈ നിലയിലേക്ക്​ മാറ്റിയെടുത്തത്​ ജവഹർലാൽ നെഹ്​റുവാണ്​. നെഹ്​റുവി​​െൻറ ചരമവാർഷികത്തിൽ സമകാലിക ഇന്ത്യയിൽ നെഹ്​റുവി​​െൻറ പ്രസക്​തിയെ കുറിച്ചുള്ള  സുധാമേനോ​​െൻറ ഫേസ്​ബുക്ക്​ കുറിപ്പാണ്​ ചർച്ചയാവുന്നത്​. ജനാധിപത്യത്തെ സംരക്ഷിക്കാനായി എതിരാളികളെ പോലും ഒപ്പം കൂട്ടി രാജ്യത്തി​​െൻറ ഉയർച്ചക്കായി പ്രവർത്തിച്ച നെഹ്​റുവി​നെ കുറിച്ചാണ്​ ഫേസ്​ബുക്കിൽ പറയുന്നത്​​.

ഫേസ്​ബുക്ക്​ കുറിപ്പി​​െൻറ പൂർണ്ണ രൂപം

1947 ജൂലൈ 30ാം തീയതി, ഇന്ത്യ സ്വതന്ത്രയാകുന്നതിന് കൃത്യം രണ്ടാഴ്ച്ച മുൻപ്, പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു സ്വന്തം കൈപ്പടയിൽ, രാജാജിക്ക്‌ ( സി. രാജഗോപാലാചാരി)ക്ക് ഇങ്ങനെ എഴുതി: "എ​​െൻറ പ്രിയപ്പെട്ട രാജാജി, ഷൺമുഖം ചെട്ടിയെ എത്രയും പെട്ടെന്ന് കാണേണ്ട കാര്യം ഞാൻ ഓർമ്മിപ്പിക്കട്ടെ. അംബേദ്കറെ ഞാൻ കണ്ടു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു."(source:രാമചന്ദ്ര ഗുഹ).

പുതിയ ഇന്ത്യയുടെ ആദ്യത്തെ കാബിനറ് ആയിരുന്നു വിഷയം. കാബിനറ്റ് അംഗങ്ങൾ ആയിരിക്കാൻ കോൺഗ്രസ്സിൽ തന്നെ ധാരാളം പേരുണ്ടായിരുന്നു. എങ്കിലും, ചരിത്രവുമായുള്ള ഏറ്റവും സങ്കീർണ്ണമായ കൂടിക്കാഴ്ച്ചയാണ് ഇന്ത്യയെ കാത്തിരിക്കുന്നത് എന്ന് ജവഹർലാൽ നെഹ്‌റുവിന് അറിയാമായിരുന്നു. വിഭജനവും, വർഗീയകലാപവും, നാട്ടുരാജ്യങ്ങളുടെ സംയോജനവും, കോളനിവാഴ്ച തകര്‍ത്തെറിഞ്ഞ ആടിയുലയുന്ന സാമ്പത്തികഘടനയും... ഏതു നിമിഷവും, ആഭ്യന്തരയുദ്ധത്തിലേക്കോ, ഏകാധിപത്യത്തിലേക്കോ , അരാജകത്വത്തിലേക്കോ വഴുതി മാറാവുന്ന സങ്കീർണ്ണമായ ഒരു ചരിത്രസന്ധി ആയിരിക്കും അതെന്നും എത്ര കഴിവുറ്റ ഭരണാധികാരിക്കും ചുവട് പിഴച്ചുപോകാവുന്ന അസാധാരണമായ അവസ്ഥയാണ് ഇന്ത്യ നേരിടേണ്ടി വരികയെന്നും അനിതരസാധാരണമായ ഉൾക്കാഴ്ചയുള്ള അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് ആദ്യത്തെ കാബിനറ്റ് , എതിർസ്വരങ്ങളെ ബഹുമാനിച്ചുകൊണ്ട്, ഈ മഹാരാജ്യത്തി​​െൻറ വൈവിധ്യങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന, എല്ലാ പ്രഗത്ഭരെയും ഉൾപ്പെടുത്തികൊണ്ടാകണം എന്ന് നെഹ്‌റു തീരുമാനിച്ചു. അങ്ങനെയാണ് അംബേദ്‌ക്കറെ നേരിട്ട് കണ്ടതും, ഷൺമുഖം ചെട്ടിയെ കാണാൻ രാജാജിയോട് പറയുന്നതും.

മുപ്പതുകളിലും നാല്പതുകളിലും ഗാന്ധിജിക്കും കോൺഗ്രസ്സിനും എതിരെ അതിശക്തമായ വിമർശനം ഉയർത്തിയ ആളായിരുന്നു അംബേദ്‌കർ. ഗാന്ധിജിയുടെ സാർവത്രികമായ പ്രതിച്ഛായയുടെ നേർക്ക് നീതിയുക്തമായ ചോദ്യങ്ങൾ ഉയർത്തിയ ഒറ്റയാൾ! എന്നിട്ടും, ആദ്യത്തെ നിയമമന്ത്രിയുടെ സ്ഥാനത്തേക്ക് വേറൊരു പേര് ആലോചിക്കാൻ പോലും ഗാന്ധിജിയും നെഹ്രുവും മിനക്കെട്ടില്ല. അതുപോലെ ജസ്റ്റിസ് പാർട്ടിയുടെ നേതാവായിരുന്ന ഷൺമുഖം ചെട്ടി കോൺഗ്രസ്സിന്റെ കടുത്ത വിമർശകൻ ആയിരുന്നു. പക്ഷെ ഇന്ത്യയിലെ ഏറ്റവും മികച്ച ധനകാര്യ വിദഗ്ധൻ കൂടി ആയിരുന്നു അന്ന് ഷൺമുഖം ചെട്ടി.അതുകൊണ്ട് അദ്ദേഹത്തെ ധനകാര്യമന്ത്രി ആക്കുന്നത് രാജ്യത്തിന് ഗുണകരം ആകുമെന്ന് അല്ലാതെ അദ്ദേഹത്തിന്റെ കോൺഗ്രസ്സ് വിമർശനം നെഹ്‌റു കാര്യമാക്കിയില്ല.

എന്തിനേറെ, ദേശിയപ്രസ്ഥാനത്തിന് നേരെ എന്നും പുറം തിരിഞ്ഞു നിന്ന ഹിന്ദു മഹാസഭയുടെ നേതാവ് ശ്യാമപ്രസാദ് മുഖർജിയെ വ്യവസായമന്ത്രി ആക്കുന്നതിൽ വരെ എത്തി നിന്ന ഉദാത്തമായ ജനാധിപത്യ മര്യാദ ആയിരുന്നു നെഹ്രുവി​േൻറത്!
ഇന്നത്തെ ഒരു നേതാവിനും സ്വപ്‍നം കാണാൻ കഴിയാത്ത ഉന്നതമായ രാഷ്ട്രീയ ബോധം!

ഗാന്ധിജിയും നെഹ്രുവും പട്ടേലും ഒക്കെ ജയിലിൽ കിടക്കുമ്പോൾ ബ്രിട്ടീഷ് ബ്യുറോക്രസിയുടെ അധികാരഘടനയുടെ ഭാഗമായിരുന്നു വി പി മേനോനും, തർലോക് സിങ്ങും. പക്ഷെ, ബ്രിട്ടീഷുകാരുടെ പാദസേവകർ എന്ന് പറഞ്ഞുകൊണ്ട് മാറ്റി നിർത്താതെ അദ്ദേഹം അവരുടെ കഴിവുകൾ കൃത്യമായി ഉപയോഗിച്ചു. അങ്ങനെ വി.പി. മേനോൻ, പട്ടേലിനൊപ്പം ചേർന്ന് നാട്ടുരാജ്യങ്ങളെ ലയിപ്പിക്കുന്ന ഏറ്റവും പ്രയാസം നിറഞ്ഞ ഉത്തരവാദിത്വം അതിഗംഭീരമായി പൂർത്തിയാക്കി. മറ്റൊരു അതുല്യ പ്രതിഭാശാലിയായ സുകുമാർ സെന്നിനെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടത്താൻ നിയുക്തനാക്കി. തർലോക് സിംഗ് പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥിപ്രവാഹത്തെ ഒരു വൻദുരന്തം ആകാതെ നിയന്ത്രിച്ചു.

എതിരാളികളുടെ സ്വകാര്യജീവിതം നിറം പിടിപ്പിച്ച കഥകൾ ആക്കാനും , അവരെ വിഡ്ഢിയും മണ്ടനും രാജ്യദ്രോഹിയും ആക്കാനും മിനക്കെടാത്ത അദ്ദേഹം അവരുടെ പ്രാഗല്ഭ്യത്തെ എങ്ങനെ പ്രയോജനപെടുത്താം എന്ന് മാത്രമാണ് ശ്രദ്ധിച്ചത്..

അങ്ങനെയാണ് ഏകശിലാരൂപമല്ലാത്ത ഒരു ദേശരാഷ്ട്രമാതൃക സമാനതകളില്ലാത്ത ധൈഷണികതയോടെ, അതിലേറെ പ്രായോഗികതയോടെ നെഹ്‌റു കെട്ടിപ്പടുത്തത്‌. അത് കൊണ്ടാണ് അദ്ദേഹം രാഷ്ട്രശില്പി ആകുന്നത് .

ജവഹർലാൽ നെഹ്രുവിന്റെ "മഹാക്ഷേത്രങ്ങൾ" അയോധ്യയിലും സോമനാഥിലും, മഥുരയിലും ആയിരുന്നില്ല. ആ മഹാക്ഷേത്രങ്ങൾ നിർമ്മിക്കാൻ അദ്ദേഹം ഇന്ത്യൻ ജനതയെ ധ്രുവീകരിച്ചിട്ടുമില്ല. അത് കോടിക്കണക്കിനു മനുഷ്യർക്ക് തൊഴിൽ സുരക്ഷയും, രാജ്യത്തിന് വ്യാവസായിക പുരോഗതിയും നൽകിയ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു. ഇന്ന്, ആ മഹാക്ഷേത്രങ്ങളിൽ ബാക്കിയുള്ളത് കൂടി സ്വകാര്യ മേഖലക്ക്‌ വിറ്റഴിക്കുമ്പോഴാണ്, ജവഹർലാൽ നെഹ്‌റു വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ അത്രമേൽ പ്രസക്തനാകുന്നത് ....അദ്ദേഹത്തി​​െൻറ ഓർമകൾ പോലും രാഷ്ട്ര ശരീരത്തിൽ നിന്ന് മായ്ചുകളയാൻ നിരന്തരം ശ്രമിക്കുമ്പോഴും, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു എന്ന സ്റ്റേറ്റ്സ് മാൻ, ഇന്നും ഇന്ത്യൻ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നത് അദ്ദേഹത്തിന്റെ കൈയൊപ്പ് ആഴത്തിൽ പതിഞ്ഞത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ആയതുകൊണ്ടാണ്..

മരിക്കാത്ത ഓർമകൾക്ക് മുന്നിൽ പ്രണാമം.

Full View
Tags:    
News Summary - Jawaharlal nehru death anniversery-India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.