ജമ്മു കശ്​മീർ താമസ നിയമം, തൊഴിൽ സംവരണം: ആശങ്കയുമായി ബി.ജെ.പിയും

ന്യൂഡൽഹി: കേന്ദ്ര ഭരണപ്രദേശമാക്കിയ ജമ്മു കശ്​മീരിൽ കഴിഞ്ഞ ദിവസം നടപ്പാക്കിയ താമസ നിയമവും തൊഴിൽ സംവരണവും ആശങ്ക ഉയർത്തുന്നതാണെന്ന പരാതിയുമായി​ ബി.ജെ.പിയും രംഗത്തെത്തി. പുതിയ നിയമത്തിനെതിരെ മറ്റുപാർട്ടികൾ നേരത്തെതന്നെ വിമർശനമുന്നയിച്ചിരുന്നു.

രാജ്യം കൊറോണക്കെതിരായ പോരാട്ടത്തിൽ മുഴുകിയപ്പോഴാണ്​ ബുധനാഴ്ച കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്​. കേന്ദ്രഭരണ പ്രദേശത്തെ സ്​ഥിരതാമസ സർട്ടിഫിക്കറ്റ്​, സർക്കാർ ജോലിക്കുള്ള അർഹത എന്നിവയാണ്​ ഇതിൽ നിർവചിക്കുന്നത്​. ഇതുപ്രകാരം താഴ്​ന്ന ക്ലാസ്​ ജോലികൾക്ക്​ മാത്രമാണ്​ പ്രദേശവാസികൾക്ക്​ തൊഴിൽ സംവരണം നൽകുക. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്​തികകൾ‌ക്ക് സംവരണം ബാധകമാകില്ല. കൂടാതെ, ഈ നിയമമനുസരിച്ച്​ ജമ്മു കശ്മീരിൽ ജോലിചെയ്യുന്ന അന്യസംസ്​ഥാനക്കാർ 15 വർഷം ഇവിടെയുണ്ടെങ്കിൽ പ്രദേശവാസികളായി പരിഗണിക്കും. ഇത്​ എന്നുമുതൽ താമസിക്കുന്നവർക്കാണ്​ ബാധകമാവുക എന്നത്​ പോലും വ്യക്​തമാക്കിയിട്ടില്ല.

താഴ്​ന്ന ജോലികൾ മാത്രം നാട്ടുകാർക്കായി നീക്കിവെക്കുന്നത്​ അംഗീരിക്കാനാവില്ലെന്ന്​ ബി.​ജെ.പി വൃത്തങ്ങൾ പറയുന്നു. ഉയർന്ന തലത്തിലുള്ള ജോലികൾ എല്ലാവർക്കും ലഭ്യമാക്കുന്നത്​ അസന്തുലിതാവസ്​ഥ സൃഷ്​ടിക്കും. സ്​ഥിരതാമസത്തിനുള്ള അവകാശവാദം ആർക്കും ഉന്നയിക്കാമെന്ന സ്​ഥിതി പുതിയ വിജ്ഞാപനത്തോടെ സംജാതമാകും. ഇതുസംബന്ധിച്ച ആശങ്കകൾ പാർട്ടി ദേശീയ നേതൃത്വവുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും പങ്കുവെച്ചതായും ബി.ജെ.പി വക്​താവ്​ അറിയിച്ചു. ‘വോട്ടെടുപ്പ് നടക്കുമ്പോൾ ഇത് ഞങ്ങളെ ദോഷകരമായി ബാധിക്കും. ജനങ്ങളിൽനിന്ന് തിരിച്ചടി നേരിടേണ്ടിവരും’ പാർട്ടി നേതാവ് പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട്​ ചെയ്യുന്നു.

ജമ്മു കശ്മീർ ഘടകം ഉന്നയിച്ച കാര്യങ്ങൾ പരിഗണന അർഹിക്കുന്നതാണെന്ന്​ ബി.ജെ.പി ജനറൽ സെക്രട്ടറി റാം മാധവ് പറഞ്ഞു. ജമ്മുവിലെ ജനങ്ങളുടെ ആശങ്കകളെക്കുറിച്ച് അമിത്​ ഷായെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇത് പരിശോധിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും റാം മാധവ് സ്ഥിരീകരിച്ചു.

മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻറുമായ ഉമർ അബ്ദുല്ലയും പുതിയ നിയമത്തെ രൂക്ഷമായി എതിർത്തിരുന്നു.

ഫെബ്രുവരി 18ന് ആഭ്യന്തര മന്ത്രാലയം നൽകിയ കണക്കുപ്രകാരം ജമ്മു കശ്മീരിൽ 84,000 ജോലി ഒഴിവുകളാണുള്ളത്​. അതിൽ 7552 ഒഴിവുകളും ഗസറ്റഡ് പോസ്​റ്റുകളാണ്​. 22,078 നാലാം ക്ലാസ് പോസ്റ്റും 54375 ഗസറ്റഡ് അല്ലാത്തതും ഒഴിവുണ്ട്​.

Tags:    
News Summary - Jammu BJP raises concerns over new J&K domicile rule with national leadership, Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.