ജെല്ലിക്കെട്ട്: പ്രക്ഷോഭത്തിന്‍െറ ദിശമാറ്റാന്‍ ശ്രമം നടന്നെന്ന്്​

കോയമ്പത്തൂര്‍: സമീപകാലത്തെ ഏറ്റവും വലിയ യുവജന മുന്നേറ്റമായ തമിഴകത്തിലെ ജെല്ലിക്കെട്ട് സമരം ഒടുവില്‍ പൊലീസ് ലാത്തിച്ചാര്‍ജിലും അക്രമസംഭവങ്ങളിലും കലാശിച്ചു. ഒരാഴ്ചക്കാലമായി നടന്ന സമാധാനപരമായ വിദ്യാര്‍ഥി സമരം മാതൃകാപരമാണെന്നാണ് മാധ്യമങ്ങളും നിരീക്ഷകരും വിശേഷിപ്പിച്ചിരുന്നത്.

തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ജെല്ലിക്കെട്ടിനുള്ള വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ സമരം തുടര്‍ന്നത് സമര നേതാക്കളില്‍ ഭിന്നതക്ക് കാരണമായി. കോടതികളില്‍ ചോദ്യം ചെയ്യപ്പെടാത്ത വിധത്തിലുള്ള നിയമം പാസാക്കുക, പി.സി.എ നിയമം ഭേദഗതി ചെയ്യുക, മൃഗസ്നേഹി സംഘടനയായ പെറ്റയെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാലേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നായിരുന്നു ഒരു വിഭാഗം നിലപാട് സ്വീകരിച്ചത്. എന്നാല്‍, ഇതിന് കാലതാമസം ഉണ്ടാവുമെന്നും ജെല്ലിക്കെട്ട് വിഷയത്തില്‍ വിജയം നേടിയതിനാല്‍ സമരം അവസാനിപ്പിക്കണമെന്നും മറ്റൊരു വിഭാഗം ആവശ്യപ്പെട്ടു.

നിക്ഷിപ്ത താല്‍പര്യക്കാരായ ചില സംഘടനകള്‍ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായും സമരം നീട്ടിക്കൊണ്ടുപോവുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ആരോപണമുണ്ട്. സാമൂഹിക വിരുദ്ധ ശക്തികള്‍ സമരകേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറി പ്രക്ഷോഭത്തിന്‍െറ ദിശമാറ്റാന്‍ ശ്രമിച്ചതായി സമര നേതാക്കളും സിനിമ പ്രവര്‍ത്തകരുമായ ഹിപ്ഹോപ് തമിഴാ ബാന്‍ഡിലെ ആദിയും രാഘവ ലോറന്‍സും പ്രസ്താവിച്ചു.

വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ രൂപംകൊണ്ട വിദ്യാര്‍ഥി-യുവജന കൂട്ടായ്മയാണ് സമരത്തിന് തുടക്കം കുറിച്ചത്. ജെല്ലിക്കെട്ടിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഉപവാസം നടത്തിയ യുവാക്കളെ പൊലീസ് ബലപ്രയോഗിച്ച് അറസ്റ്റ് ചെയ്തതോടെ പ്രക്ഷോഭം ശക്തിപ്പെട്ടു. അഞ്ച് ദശാബ്ദം മുമ്പ് നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിനുശേഷം തമിഴകത്തുണ്ടായ വലിയ ജനകീയ മുന്നേറ്റമായി വിശേഷിപ്പിച്ചു. ഈ യുവജന കൂട്ടായ്മക്ക് നേതൃത്വമില്ളെന്നത് മുഖ്യ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Tags:    
News Summary - jallikettu protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.