കോടതി വിധി ലംഘിച്ച് തമിഴകത്ത് ജെല്ലിക്കെട്ട് സംഘടിപ്പിക്കാന്‍ നീക്കം

ചെന്നൈ: പരമോന്നത കോടതിയുടെ വിധിയെ വെല്ലുവിളിച്ച് തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളില്‍ രണ്ടാം ദിവസവും ജെല്ലിക്കെട്ട്  മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ നീക്കം നടന്നു. കാളപ്പോര് മത്സരങ്ങളുടെ കേന്ദ്രമായ മധുര, പളനി, നാഗപട്ടിണം, കോയമ്പത്തൂര്‍ മേഖലകളിലാണ് തീവ്ര തമിഴ്അനുകൂല സംഘടനകളുടെ പിന്‍ബലത്തോടെ യുവാക്കള്‍ കാള കൂറ്റന്‍മാരുമായി രംഗത്തെത്തിയത്. മധുര ജില്ലയിലെ കരൈസല്‍ കുളത്തെ മൈതാനത്ത് കാളപ്പോരിനായി അന്‍പതോളം യുവാക്കള്‍ അഞ്ച് കാളകളുമായി സംഘടിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തത്തെിയ പൊലീസ് മത്സരം തടയുകയായിരുന്നു. എന്നാല്‍, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പളനിക്ക് സമീപം ആണ്ടിപ്പട്ടി ഗ്രാമത്തിലും നാഗപട്ടിണം ജില്ലയിലെ വലിവാളം പഞ്ചായത്തിലെ കൊടിയലാനത്തൂര്‍ ഗ്രാമത്തിലും ജെല്ലിക്കെട്ട് മത്സരം സംഘടിപ്പിച്ചു.

നാംതമിഴര്‍ കക്ഷി പ്രവര്‍ത്തകരാണ് മിക്കയിടത്തും സംഘാടകരായി രംഗത്തുള്ളത്. കോയമ്പത്തൂര്‍ - പാലക്കാട് ദേശീയ പാതയില്‍ എട്ടിമടൈക്ക് സമീപം നൂറോളം കര്‍ഷകരുടെ നേതൃത്വത്തില്‍ കാളവണ്ടിയോട്ട മത്സരം നടന്നു. 100 കാളവണ്ടികളും 200 കാളകളും പങ്കെടുത്തതായി മത്സരം സംഘടിപ്പിച്ച കാളവണ്ടിയോട്ട കമ്മിറ്റി പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നെങ്കിലും പൊലീസ് സംയമനം പാലിച്ചു. സുരക്ഷയുടെ ഭാഗമായി കോയമ്പത്തൂര്‍- പാലക്കാട് ദേശീയ പാതയില്‍ നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. വന്യജീവി പട്ടികയിലുള്ള കാളകളെ യാതൊരു  മത്സരങ്ങള്‍ക്കും ഉപയോഗിക്കാന്‍ പാടില്ളെന്നാണ് സുപ്രീംകോടതി നിര്‍ദേശം. കഴിഞ്ഞദിവസം നാം തമിഴര്‍ കക്ഷി നേതൃത്വത്തില്‍ കടലൂരില്‍ കാളപ്പോര് സംഘടിപ്പിച്ച 28 പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്ന് തൈപൊങ്കലാണ്.  ഞായറാഴ്ച മാട്ടുപൊങ്കല്‍ ദിനത്തില്‍ സംസ്ഥാനത്ത് വന്‍ പ്രതിഷേധം ഉയരാനും സുപ്രീംകോടതി നിര്‍ദേശം മറികടന്ന് ഗ്രാമങ്ങളില്‍ ജെല്ലിക്കെട്ട് മത്സരങ്ങള്‍ നടക്കാനും സാധ്യതയുണ്ട്. കോടതി നിര്‍ദേശം പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവ് പാലിച്ച് മത്സരങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച മൃഗസ്നേഹി സംഘടനായയ ‘പെറ്റ’ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും കത്തുനല്‍കി. കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിനും കത്ത് കൈമാറി. 2010- 14 കാലത്ത് 17 പേര്‍ മരണപ്പെടുകയും 1500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇവര്‍ ചൂണ്ടിക്കാട്ടി.  

അതേസമയം, കഴിഞ്ഞദിവസം പുറത്തുവന്ന സുപ്രീംകോടതി തീരുമാനത്തില്‍ സംസ്ഥാനമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ സംഘടിക്കുന്ന വിദ്യാര്‍ഥികള്‍ ചെന്നൈ ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ സമര രംഗത്താണ്. ചെന്നൈ മറീനാ ബീച്ചില്‍ മനുഷ്യ ചങ്ങല തീര്‍ത്തു. വിവിധ സ്ഥലങ്ങളില്‍ കാളകുമായി റോഡ് ഉപരോധിച്ചു. പെറ്റ സംഘടനയെ അനുകൂലിച്ച നടി തൃഷയുടെ സിനിമ ഷൂട്ടിങ് ജെല്ലിക്കെട്ട് അനുകൂലികള്‍ തടസ്സപ്പെടുത്തി.

ഡി.എം.കെനേതൃത്വത്തില്‍ സംസ്ഥാനത്ത് വന്‍ പ്രതിഷേധ യോഗങ്ങള്‍ നടന്നു. ചെന്നൈയില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചു. കോടതി ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ എന്തുകൊണ്ട് കേന്ദ്രം മടിക്കുന്നെന്ന് അദ്ദേഹം ചോദിച്ചു. വിഷയവുമായി സമീപിച്ച അണ്ണാഡി.എം.കെ എം.പിമാരെ കാണാന്‍ മോദി സമയം നല്‍കാതിരുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ബി.ജെ.പിയും അണ്ണാ ഡി.എംകെയും വിഷയം ഇരട്ടത്താപ്പ് സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്രാവശ്യത്തെ പൊങ്കല്‍ ദിനങ്ങള്‍ ജെല്ലിക്കെട്ടിനായുള്ള വന്‍ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

Tags:    
News Summary - jallikattu in tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.