ജെല്ലിക്കെട്ട്: ഇരുട്ടില്‍തപ്പി കേന്ദ്രവും തമിഴ്നാടും

കോയമ്പത്തൂര്‍: ജെല്ലിക്കെട്ട് പ്രശ്നത്തില്‍ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും രാഷ്ട്രീയക്കുരുക്കില്‍. വിദ്യാര്‍ഥി-യുവജന വിഭാഗങ്ങള്‍ രാവും പകലും തുടര്‍ച്ചയായി നടത്തുന്ന പ്രക്ഷോഭം ശക്തിപ്പെടുമ്പോള്‍ പരിഹാരം കാണാനാവാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഇരുട്ടില്‍തപ്പുകയാണ്. മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയെങ്കിലും കേന്ദ്രം കൈമലര്‍ത്തുകയായിരുന്നു.

സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്രം സമര്‍പ്പിച്ച പുന$പരിശോധന ഹരജിയുടെ വിധിപ്രഖ്യാപനം നടക്കാനിരിക്കെ ഇക്കാര്യത്തില്‍ പ്രത്യേക ഓര്‍ഡിനന്‍സിറക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജെല്ലിക്കെട്ട് പ്രശ്നത്തില്‍ സുപ്രീംകോടതി വിധി പ്രതികൂലമായാല്‍ ഇതിനെ മറികടക്കാന്‍ നിയമനിര്‍മാണം നടത്തുക മാത്രമാണ് കേന്ദ്രത്തിന് മുന്നിലുള്ള പോംവഴി. എന്നാല്‍, ഭരണഘടന പ്രകാരം സംസ്ഥാന സര്‍ക്കാറിന് ജെല്ലിക്കെട്ട് നടത്താന്‍ പ്രത്യേക ഉത്തരവിറക്കാന്‍ കഴിയുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അത്തരമൊരു നീക്കമുണ്ടായാല്‍ സുപ്രീംകോടതിയുടെ വിമര്‍ശനം നേരിടേണ്ടിവരും. 2009ല്‍ ഡി.എം.കെ സര്‍ക്കാര്‍ ജെല്ലിക്കെട്ട് സുരക്ഷിതമായി നടത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി നിയമനിര്‍മാണം നടത്തിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജെല്ലിക്കെട്ട് സംഘടിപ്പിച്ചു. ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വം നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. അതിനിടെ നിയമസഭ സമ്മേളനം വിളിച്ചുകൂട്ടി ജെല്ലിക്കെട്ട് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സര്‍വകക്ഷി യോഗം വിളിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജന്‍ ആവശ്യപ്പെട്ടു.

മൂന്നു ദിവസമായി സമാധാനപരമായി സമരം നടത്തിയിരുന്ന പ്രക്ഷോഭകാരികള്‍ ഡല്‍ഹി ചര്‍ച്ച പരാജയപ്പെട്ടതിനുശേഷം ട്രെയിന്‍ തടയല്‍ സമരം പോലുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. ഇതിനാല്‍ തെക്കന്‍ തമിഴകത്ത് ട്രെയിന്‍ ഗതാഗതം അവതാളത്തിലായിരിക്കയാണ്.

Tags:    
News Summary - jallikattu issues in tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.