22 കേസുകളിൽ പ്രതി; കംബോഡിയൻ പങ്കാളിയെ വിവാഹം കഴിക്കാൻ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവന് 12 മണിക്കൂർ പരോൾ

ചണ്ഡീഗഡ്: കൊലപാതകം ഉൾപ്പെടെ 22 കേസുകളിൽ പ്രതിയായ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവന് കംബോഡിയൻ പങ്കാളിയെ വിവാഹം കഴിക്കാൻ 12 മണിക്കൂർ കസ്റ്റഡി പരോൾ. ഹരിയാന സ്വദേശി മെയിൻപാൽ ധില്ലക്കാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി പൊലീസ് കനത്ത സുരക്ഷയിൽ പരോൾ അനുവദിച്ചത്.

വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ 12 മണിക്കൂറാണ് ധില്ലക്ക് കസ്റ്റഡി പരോൾ അനുവദിച്ചത്. ഝജ്ജർ ജില്ലയിലെ ഫാംഹൗസിൽവെച്ചായിരുന്നു വിവാഹച്ചടങ്ങ്. കംബോഡിയൻ സ്വദേശിയായ മെറ്റ ചാനെയാണ് ധില്ല വിവാഹം കഴിച്ചത്.

2018ൽ പരോളിലിറങ്ങി ഒളിവിൽ പോയതിന് പിന്നാലെയാണ് ധില്ല കംബോഡിയയിലെത്തിയത്. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് രാജ്യം വിട്ടത്. കംബോഡിയയിൽവെച്ചാണ് മെറ്റ ചാനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കുകയും കുട്ടികളുണ്ടാകുകയും ചെയ്തു. മെറ്റയുടെ മൂന്ന് കുട്ടികളും വിവാഹത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയിട്ടുണ്ട്.

ഹരിയാനയിലെ ബാഡ്‌ലി ഗ്രാമം സ്വദേശിയായ 50കാരനായ ധില്ല 2025 സെപ്റ്റംബറിലാണ് കംബോഡിയയിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. സി.ബി.ഐയുടെ നേതൃത്വത്തിൽ ഹരിയാന പൊലീസും കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളും ചേർന്നായിരുന്നു ഇയാളെ ഇന്ത്യയിലെത്തിച്ചത്.

ധില്ലക്കെതിരെ കൊലപാതകം ഉൾപ്പെടെ 22 കേസുകളുണ്ടെന്നാണ് അധികൃതർ പറയുന്നത്. 2007ലും 2010ലും രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഹിസാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിച്ചുവരികയായിരുന്നു. ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ ആറ് ആഴ്ചത്തെ പരോൾ ലഭിച്ച ധില്ല പിന്നീട് ഒളിവിൽ പോവുകയായിരുന്നു. 2018 ജൂലൈ 17ന് പരോളിലിറങ്ങിയ ഇയാൾ ഓഗസ്റ്റ് 29ന് ‘സോനു കുമാർ’ എന്ന വ്യാജപേരിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഇന്ത്യ വിട്ടതായാണ് അധികൃതർ വ്യക്തമാക്കിയത്.

ധില്ലക്കെതിരെ ഹരിയാന പൊലീസിന്റെ ആവശ്യപ്രകാരം  ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണത്തിൽ ഇയാൾ തായ്‌ലൻഡിൽനിന്ന് കംബോഡിയയിലേക്ക് കടന്നതായി കണ്ടെത്തി. കംബോഡിയയിലെ സീം റീപ്പ് മേഖലയിൽ താമസിച്ചിരുന്ന ധില്ല അവിടെ ഒരു നൈറ്റ് ക്ലബ് നടത്തിയിരുന്നതായും പ്രാദേശിക യുവതിയെ വിവാഹം കഴിച്ച് കുട്ടികളോടൊപ്പം താമസിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

2025 മാർച്ചിൽ ഇന്റർപോൾ വഴി കംബോഡിയൻ അധികൃതരോട് ധില്ലയെ താൽക്കാലികമായി അറസ്റ്റ് ചെയ്യാൻ സി.ബി.ഐ ആവശ്യപ്പെട്ടു. ജൂലൈയിൽ ഇയാളെ അറസ്റ്റ് ചെയ്തതായി കംബോഡിയ അറിയിച്ചു. തുടർന്ന് നയതന്ത്ര നടപടികളിലൂടെ ഇന്ത്യയിലേക്ക് കൈമാറുകയായിരുന്നു.

Tags:    
News Summary - Accused in 22 cases: Imprisoned underworld boss granted 12-hour parole to marry Cambodian partner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.