ഹൈദരാബാദിലെ ആഗോള ബിസിനസ് ഉച്ചകോടിയിൽ ഇവാൻക ട്രംപ് ഇന്ന് സംസാരിക്കും

ഹൈദരാബാദ്: യു.എസ്. പ്രസിഡന്‍റ്   ഡോണാൾഡ് ട്രംപിന്‍റെ ഉപദേശകയും അദ്ദേഹത്തിന്‍റെ മകളുമായ ഇവാൻക ട്രംപ് ഗ്ളോബൽ ബിസിനസ് മീറ്റിൽ സംബന്ധിക്കാൻ ഹൈദരാബാദിലെത്തി. ഇന്ത്യയും യു.എസും സംയുക്തമായി നടത്തുന്ന ഉച്ചകോടിക്ക് ഇന്ത്യ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇവാൻക ട്രംപും ഇന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്യും.

ഇതിനുമുൻപും ഇവാൻക ഇന്ത്യയിലെത്തിയിട്ടുണ്ടെങ്കിലും വലിയൊരു ദൗത്യവുമായി എത്തുന്നത് ആദ്യമായാണ്. മാത്രമല്ല, ഒരു ആഗോള ഉച്ചകോടിയിൽ അമേരിക്കയെ പ്രതിനീധീകരിക്കുന്നതും ആദ്യമായാണ്. ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിലെ മുഖ്യ പ്രഭാഷണത്തിന് പുറമെ നാളെ മറ്റൊരു സെഷനിലും ഇവാൻക സംസാരിക്കും. ഈ ഉച്ചകോടിയുടെ തീം " സ്ത്രീകൾ ഒന്നാമത്, എല്ലാവർക്കും ഐശ്വര്യം" എന്നായിരിക്കുമെന്ന് മോദി ട്വീറ്റ് ചെയ്തു.

350 അംഗങ്ങളടങ്ങിയ പ്രതിനിധി സംഘത്തോടൊപ്പമാണ് ഇവാൻക ഹൈദരാബാദിലെത്തിയത്. ഉയർന്ന ഉദ്യോഗസ്ഥൻമാരടക്കമുള്ള സംഘത്തിൽ ഏറെ പേരും ഇൻഡോ-അമേരിക്കൻ വംശജരാണ്. 1200 സംരഭകർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ പകുതിയിലധികം പേരും സ്ത്രീകളാണ്. 

ഇന്ന് വൈകീട്ട് പ്രധാനമന്ത്രി മോദി അമേരിക്കൻ പ്രസിഡന്‍റിന്‍റെ മകൾക്ക് അത്താഴവിരുന്നും ഒരുക്കുന്നുണ്ട്. ഹൈദരാബാദിലെ ഫലക്നുമ കൊട്ടാരം അതിഗംഭീരമായ ഈ ചടങ്ങിനുവേണ്ടി ഒരുങ്ങിക്കഴിഞ്ഞു. പതിനായിരത്തിലേറെ പൊലീസുകാരാണ് ഉച്ചകോടിയുടെ സുരക്ഷയൊരുക്കുന്നത്. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപും യു.എസ് രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായാണ് സുരക്ഷാകാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. 

പുരാതന നഗരമായ ഹൈദരാബാദിന്‍റെ പ്രതീകമായ ചാർമിനാറും രത്നങ്ങൾക്കും വെള്ളി ആഭരണങ്ങൾക്കും വളകൾക്കും പ്രശസ്തമായ ചൂഡി ബസാറും ലാഡ് ബസാറും ഇവാൻക സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആഗോള ഉച്ചകോടിക്ക് വേണ്ടി ഹൈദരാബാദ് തയ്യാറായിക്കഴിഞ്ഞു. സ്കൂളുകൾക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ മാൻഹോളുകളും റോഡുകളിലെ കുഴികളും അടച്ച് പ്രധാന ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ ഹൈദരാബാിനെ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിൽ നിന്ന് യാചകരേയും ഒഴിവാക്കിയിട്ടുണ്ട്.

Tags:    
News Summary - Ivanka Trump, PM Modi To Address Global Business Meet In Hyderabad Today-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.