തേജസ്വി സൂര്യയുടെ വിദ്വേഷ പ്രസ്താവന; യൂത്ത് ലീഗ് ബാംഗ്ലൂർ കമീഷണർക്ക് പരാതി നൽകി

ബംഗളൂരു: ബംഗളൂരു കോർപറേഷൻ പരിധിയിലെ കോവിഡ് വാർറൂമിലെത്തി വർഗീയ പരാമർശം നടത്തിയ ബി.ജെ.പി നേതാവ് തേജസ്വി സൂര്യ എം.പിക്കെതിരെ മുസ്​ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. മുസ്​ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു, ട്രഷറർ മുഹമ്മദ് യൂനുസ് കർണാടകയിൽ നിന്നുള്ള ദേശീയ സെക്രട്ടറി ഉമർ ഫാറൂഖ് ഇനാംദാർ എന്നിവർ സംയുക്തമായാണ് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്തിന് പരാതി നൽകിയത്.

കോവിഡ് മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പൊതുതേണ്ട അവസരത്തിൽ ചികിത്സ കേന്ദ്രത്തിലെത്തി ആരോഗ്യ പ്രവർത്തകരുടെ മതം പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കുന്ന എം.പി ക്കെതിരെ കർശന നടപടി വേണമെന്ന് യൂത്ത് ലീഗ് പരാതിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗികൾക്ക് ബെഡ് ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടർന്ന് ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നുള്ള എം.പി തേജസ്വി സൂര്യ കോ വിഡ് വാർ റൂമിലെത്തി വർഗീയ പരാമർശം നടത്തിയത്. അവിടെ കരാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മുസ്​ലിം ജീവനക്കാരുടെ പേര് വിവരങ്ങളുമായി ആശുപത്രിയിലെത്തിയ എം.പി യും സഹപ്രവർത്തകരും അവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നതും ഇത് മദ്രസയാണോ എന്ന് ചോദിക്കുന്നതും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ബി.ജെ.പി എം.എൽ.എ സതീഷ് റെഡ്​ഢിയുടെ നേതൃത്വത്തിലാണ് ബെഡ് ലഭിക്കേണ്ടവരുടെ മുൻഗണനാക്രമം അട്ടിമറിച്ചത് എന്ന് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മരണസംഖ്യ വർധിക്കുകയും ചികിത്സ സൗകര്യങ്ങൾ അപര്യാപ്തമാവുകയും ചെയ്തതിനെ തുടർന്ന് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി ക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് പതിവു പോലെ പച്ചയായ വർഗീയ പ്രചരണം നടത്തുന്നത് എന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആരോപിക്കുന്നു.

ഓക്സിജൻ കരിഞ്ചന്തയിൽ വിൽക്കുന്നതിനെക്കുറിച്ച് രാജ്യത്ത് വാർത്തകൾ വരുന്നുണ്ട്. ഇപ്പോഴിതാ ആശുപത്രി ബെഡുകൾ പോലും കരിഞ്ചന്തയിൽ വിൽക്കുന്ന ജനപ്രതിനിധികളുടെ പാർട്ടിയായി ബി.ജെ.പി മാറിയിരിക്കുന്നു. മനുഷ്യർ മരിച്ചു വീഴുമ്പോഴും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കൻമാർ മതം പറഞ്ഞ് നടക്കുന്നത് ലജ്ജാകരമാണ്. മഹാമാരിക്കാലത്തും മത വർഗീയതയുടെ പ്രചാരകനായ തേജസ്വിക്കെതിരെ യൂത്ത് ലീഗ് ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ആസിഫ് അൻസാരി, ഫൈസൽ ബാബു എന്നിവർ പറഞ്ഞു. പരാതിയിൽ തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ നിയമപരമായ എല്ലാ വഴികളിലൂടെയും പോരാട്ടം തുടരുമെന്നും നേതാക്കൾ പറഞ്ഞു.

Tags:    
News Summary - iuml complaint against Tejasvi Surya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.