ശ്രീനഗർ: ജമ്മു കശ്മീരിലെ മദ്യവിൽപനയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം അബദ്ധമായിപ്പോയെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല. മദ്യനിരോധനം സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകവേ തന്റെ നിലപാട് വിശദീകരിക്കുന്നതിൽ വന്ന വീഴ്ച രാഷ്ട്രീയ എതിരാളികൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നടത്തിയ പ്രതികരണത്തിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസം മദ്യനിരോധനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘ആരെങ്കിലും നിങ്ങളെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുന്നുണ്ടോ? നിങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് മദ്യശാലകളിൽ പോകുന്നത്. ഞങ്ങൾ ആരെയും അങ്ങോട്ട് വലിച്ചിഴക്കുന്നില്ല’ എന്നായിരുന്നു ഉമറിന്റെ മറുപടി. ഇതിനെതിരെ ജനവികാരം ശക്തമായതോടെയാണ് മുഖ്യമന്ത്രി വിശദീകരണവുമായി എത്തിയത്.
‘റോഡരികിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സംഭവിക്കുന്ന പിഴവാണിത്. വിശദമായ മറുപടി അർഹിക്കുന്ന ചോദ്യങ്ങൾക്ക് സമയക്കുറവ് മൂലം നൽകുന്ന ഹ്രസ്വമായ മറുപടികൾ എതിരാളികൾ ആയുധമാക്കുന്നു. മതം അനുവദിക്കുന്നവർക്ക് മാത്രമാണ് മദ്യശാലകൾ. ജമ്മു കശ്മീരിൽ ഒരു സർക്കാരും മദ്യനിരോധനം ഏർപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ മതം മദ്യപാനം വിലക്കുന്നു, ആരും മദ്യപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല’-ഉമർ അബ്ദുല്ല പറഞ്ഞു.
ഒക്ടോബറിൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷം ഒരു പുതിയ മദ്യശാല പോലും തുറന്നിട്ടില്ലെന്നും, യുവാക്കളെ വഴിതെറ്റിക്കുന്ന രീതിയിൽ ജനവാസ മേഖലകളിൽ നിലവിലുള്ളവ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമർ അബ്ദുല്ലയുടെ മലക്കംമറിച്ചിൽ യുക്തിരഹിതമാണെന്ന് പി.ഡി.പി നേതാവ് ഇൽതിജ മുഫ്തി ആരോപിച്ചു. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ മദ്യനിരോധനം ഏർപ്പെടുത്തുന്നത് ഇതര മതസ്ഥരുടെ അവകാശത്തെ ബാധിക്കുമെന്ന വാദം തെറ്റാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഗുജറാത്തും ബീഹാറും മദ്യനിരോധനം വിജയകരമായി നടപ്പിലാക്കിയത് അവർ ഉദാഹരണമായി കാട്ടി.
നാഷണൽ കോൺഫറൻസ് എം.പി ആഗ റുഹുല്ലയും മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി രംഗത്തെത്തി. മദ്യനിരോധനം സംബന്ധിച്ച ഉമറിന്റെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതാണെന്നും സംസ്ഥാനത്ത് പൂർണ മദ്യനിരോധനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയിൽ മദ്യശാലകൾ പൂട്ടുമെന്ന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.