ന്യൂഡൽഹി: ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും യാത്രാചെലവുകൾ നിയന്ത്രിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്തെ ഐ.ടി ജീവനക്കാർ. ഐ.ടി മേഖലയിൽ സാധ്യമായ ഇടങ്ങളിലെല്ലാം 'വർക്ക് ഫ്രം ഹോം' പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ടി ജീവനക്കാരുടെ സംഘടനയായ 'നൈറ്റ്സ്' കേന്ദ്ര സർക്കാരിന് കത്തയച്ചു. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്കാണ് സംഘടന കത്തു നൽകിയത്.
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും യാത്രാ പരിപാടികൾ പരമാവധി ഒഴിവാക്കി ഓൺലൈൻ മീറ്റിങുകൾ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇത് രാജ്യത്തോടുള്ള ഉത്തരവാദിത്തമായി കണ്ട് നടപ്പിലാക്കാൻ ഐ.ടി കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഉൽപ്പാദനക്ഷമതയെ ബാധിക്കില്ലെന്ന് കോവിഡ് കാലത്ത് തെളിയിക്കപ്പെട്ടതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ലക്ഷക്കണക്കിന് ഐ.ടി ജീവനക്കാർ ദിവസവും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ട് യാത്ര ചെയ്യുന്നത് വൻതോതിൽ ഇന്ധനനഷ്ടത്തിന് കാരണമാകുന്നുണ്ട്. കോവിഡ് ലോക്ഡൗൺ കാലത്ത് കമ്പനികൾ വൻതോതിൽ പണം മുടക്കി സൈബറുകളും ക്ലൗഡ് സംവിധാനങ്ങളും ഒരുക്കിയതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പ്രായോഗികമാണ്. ഡിജിറ്റലായി ചെയ്യാവുന്ന ജോലികൾക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി മലിനീകരണവും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ സഹായിക്കുമെന്നും നൈറ്റ്സ് വ്യക്തമാക്കുന്നു. വർക്ക് ഫ്രം ഹോമിനെ ഒരു സൗകര്യമായി കാണാതെ 'ദേശീയ താല്‍പ്പര്യമുള്ള സാമ്പത്തിക നടപടി'യായി കണ്ട് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ മാർഗ്ഗനിർദ്ദേശം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഐ.ടി ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.