ന്യൂഡൽഹി: ഫലസ്തീനികളുടെ മണ്ണിൽനിന്ന് ഇസ്രായേൽ നിരുപാധികം പിൻവാങ്ങണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവായിരുന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പതിറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ പ്രഭാഷണത്തിന്റെ വിഡിയോ വൈറൽ.
ഫലസ്തീനി സംഘടന ഹമാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമിക്കുകയും തിരിച്ചടിയുണ്ടാകുകയും ചെയ്തതിനു പിന്നാലെയാണ് 1977ൽ ജനത പാർട്ടി വിജയാഘോഷ പരിപാടിയിലെ വാജ്പേയി പ്രസംഗം സമൂഹമാധ്യമങ്ങളിൽ വീണ്ടും സജീവമായത്. രാജ്യം ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ‘‘അറബികളുടെ ഭൂമിയിൽ ഇസ്രായേൽ അധിനിവേശം നടത്തിയിരിക്കുന്നു. അത് വിട്ടുനൽകിയേ പറ്റൂ’’- വാജ്പേയി ആവശ്യപ്പെട്ടു.
‘‘ജനത സർക്കാർ രൂപം നൽകാൻ പോകുകയാണെന്ന് പറയുന്നു. അത് അറബികൾക്ക് പിന്തുണ നൽകുന്നതാകും. ഇസ്രായേലിനെയും പിന്തുണക്കും. ആദരണീയനായ മൊറാർജി സാഹചര്യം വ്യക്തമാക്കിയിട്ടുണ്ട്. തെറ്റിദ്ധാരണ നീക്കാൻ ഞാനും പറയുകയാണ്. അഥവാ, ഓരോ വിഷയവും അതിന്റെ അർഹതയും അനർഹതയും നോക്കിയാകും പരിഗണിക്കുക. എന്നാൽ, മധ്യപൂർവ ദേശത്ത് കാര്യങ്ങൾ വ്യക്തമാണ്- അറബികളുടെ മണ്ണ് ഇസ്രായേൽ അധിനിവേശം നടത്തിയിരിക്കുകയാണ്. അത് ഒഴിഞ്ഞുകൊടുക്കണം.
Former PM & BJP leader Atal Bihari Vajpayee called Israel as 'occupation force' & said, they should vacate the land of Palestinians that they've occupied. pic.twitter.com/8rZfJTnzS6
— Gabbar (@Gabbar0099) October 8, 2023
അതിക്രമി, ആക്രമണത്തിലൂടെ നേടിയെടുത്ത ഫലങ്ങൾ ആസ്വദിക്കുകയാണ്. നമ്മുടെ ബന്ധത്തിൽ അത് നാം സ്വീകരിക്കുകയില്ല. നമുക്ക് ബാധകമായ നിയമം മറ്റുള്ളവർക്കും ബാധകമാണ്. അറബികളുടെ മണ്ണ് വിട്ടുകൊടുത്തേ പറ്റൂ. ഫലസ്തീന്റെയും ഫലസ്തീനികളുടെയും കൃത്യമായ അവകാശങ്ങൾ പ്രഖ്യാപിക്കപ്പെടണം. ഇസ്രായേലിന്റെ അസ്തിത്വം റഷ്യ അംഗീകരിച്ചതാണ്. അമേരിക്കയും. നാമും സ്വീകരിച്ചിട്ടുണ്ട്’’- വാജ്പേയിയുടെ വാക്കുകൾ വ്യക്തം.
അധിനിവേശം അവസാനിപ്പിക്കാൻ മധ്യപൂർവ ദേശത്ത് ഒരു പരിഹാരം രൂപപ്പെടുത്താനാകണം. അതാകണം, ശാശ്വത സമാധാനത്തിന്റെ അടിസ്ഥാനം. ഇവിടെ തെറ്റിദ്ധാരണക്ക് എന്തു സാധ്യതയാണുള്ളത്? ചിലപ്പോൾ, ഒരു പ്രഭാഷകനെന്ന നിലക്ക് എന്റെ അധികാരത്തെ ഞാൻ കടന്നുകയറുകയാകാം. ഇനി മുതൽ നമ്മുടെ പുതിയ വിദേശകാര്യ മന്ത്രിയാകും വിദേശ നയത്തെകുറിച്ച് പുതിയ വെളിച്ചം വീശുക’’- വാജ്പേയി കൂട്ടിച്ചേർത്തു.
1977ലെ തെരഞ്ഞെടുപ്പിൽ ജനത പാർട്ടി 270 സീറ്റ് നേടിയപ്പോൾ സഖ്യകക്ഷിയായ കോൺഗ്രസ് ഫോർ ഡെമോക്രസി 28 സീറ്റും നേടിയാണ് രാജ്യത്ത് ആദ്യമായി കോൺഗ്രസ് ഇതര സർക്കാർ നിലവിൽ വന്നത്. ഡൽഹി ഷാഹി ഇമാം അടക്കം ജനത പാർട്ടിക്ക് വോട്ടു നൽകാനാവശ്യപ്പെട്ട് രംഗത്തെത്തിയ തെരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്. നിലവിൽ പക്ഷേ, മോദി സർക്കാർ ഇസ്രായേലുമായി പരസ്യ സഹകരണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.