ന്യൂഡൽഹി: സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന് ഇടക്കാല ജാമ്യം അനുവദിക്കാതെ ദീർഘകാലം കസ്റ്റഡിയിൽ വെക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് സുപ്രീംകോടതി.
ജാമ്യം നിഷേധിക്കാനാവാത്ത സാധാരണ കുറ്റങ്ങൾ മാത്രമാണ് ടീസ്റ്റക്കെതിരെയുള്ളതെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് ചൂണ്ടിക്കാട്ടി. യു.എ.പി.എ, പോട്ട നിയമങ്ങളൊന്നും ബാധകമല്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സാധാരണ കുറ്റങ്ങൾ മാത്രം.
ഇപ്പോഴത്തെ എഫ്.ഐ.ആർ എന്താണ്? കോടതിയിൽ നടന്നതിനേക്കാൾ കൂടുതലൊന്നുമില്ല. സുപ്രീംകോടതി വിധി പകർത്തിയതല്ലാതെ അധിക വിവരങ്ങൾ എന്താണുള്ളത്?
സുപ്രീംകോടതി വിധി ഉദ്ധരിക്കുന്നതല്ലാതെ സർക്കാറിന്‍റെ പരാതിയിൽ ഒന്നും കാണാനില്ല. ജൂൺ 24ന് വിധി വന്നു. 25ന് പൊലീസ് പരാതി തയാറാക്കി. അത് എഴുതിയ പൊലീസ് ഓഫിസർക്ക് അതിൽ കൂടുതൽ ഒരു വിവരവുമില്ല. ഒറ്റ ദിവസത്തിനുള്ളിൽ പരാതി പൊലീസ് ഫയൽ ചെയ്തു. എന്തു വസ്തുതകളാണ് രണ്ടുമാസത്തിനിടയിൽ പൊലീസ് കണ്ടെത്തിയത്?
ഒന്നാമത്, ആ വനിത രണ്ടുമാസമായി കസ്റ്റഡിയിലാണ്. രണ്ടാമത്, കസ്റ്റഡിയിൽ ചോദ്യംചെയ്യൽ നടന്നു. അതിൽനിന്ന് എന്തെങ്കിലും കിട്ടിയോ? കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചോ? അതല്ല അന്വേഷണം തുടരുന്നുണ്ടോ?
കോടതിക്ക് നൽകിയ രേഖകൾ വ്യാജമാണെന്ന് പൊലീസ് പറയുന്നു. ഇത്തരമൊരു കേസിൽ ആദ്യദിവസങ്ങളിലെ പൊലീസ് കസ്റ്റഡി കഴിഞ്ഞാൽ, കസ്റ്റഡിയിൽ വെക്കാതെ തന്നെ അന്വേഷണം നടത്താൻ പറ്റും. അന്വേഷണം തടസ്സപ്പെടുത്തുന്ന ഒന്നും ഈ കേസിൽ ഇല്ല.
വനിതയെന്ന നിലയിൽ അനുകൂല പരിഗണനക്കും അർഹതയുണ്ട്.ഹൈകോടതിയുടെ സമീപനത്തെയും സുപ്രീംകോടതി ചോദ്യംചെയ്തു. ഇത്തരമൊരു കേസിൽ, ആഗസ്റ്റ് മൂന്നിന് നോട്ടീസ് അയച്ച്, മറുപടി നൽകാൻ സെപ്റ്റംബർ 19 വരെയുള്ള നീണ്ടസമയം നൽകുകയാണോ ഹൈകോടതി ചെയ്യുക?
ഒരു ജാമ്യഹരജിക്ക് മറുപടി നൽകാൻ ആറാഴ്ച സമയം വേണമെന്നോ? ഇതാണോ ഗുജറാത്ത് ഹൈകോടതിയുടെ പതിവു രീതി? ഒരു വനിത ഉൾപ്പെട്ട ഇതുപോലൊരു കേസിൽ ആറാഴ്ച സർക്കാറിന് മറുപടി നൽകാൻ സാവകാശം നൽകിയ ഒരു സംഭവമെങ്കിലും പറയാനുണ്ടോ?
ഇതുപോലൊരു കുറ്റം ചെയ്ത സ്ത്രീകൾ വേറെ ഉണ്ടാവില്ലെന്നായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഈ കേസിൽ സുപ്രീംകോടതി ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വാദിച്ചു. മറ്റേതെങ്കിലുമൊരു ഹരജിക്കാരൻ ഇങ്ങനെ സുപ്രീംകോടതിയിലേക്ക് ഓടിയെത്തിയാൽ അത് ഇതേപോലെ പരിഗണിക്കുമോ?
ആയിരക്കണക്കിന് ഹരജിക്കാർ ഇങ്ങനെ കാത്തുനിൽപുണ്ട്. ഇത്തരം കേസുകളിൽ ഹൈകോടതിയാണ് അന്തിമ തീർപ്പ് കൽപിക്കേണ്ടത്. പ്രതിക്ക് പ്രത്യേക പരിഗണന നൽകരുതെന്നാണ് സംസ്ഥാന സർക്കാറിന്‍റെ നിലപാട്. കോടതി നടപടികൾ മുൻനിർത്തി കേസെടുക്കാൻ പാടില്ലെന്ന് ടീസ്റ്റക്കുവേണ്ടി ഹാജരായ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
കോടതിക്ക് വ്യാജരേഖ നൽകിയെന്ന ആരോപണം കോടതിയാണ് പരിഗണിക്കേണ്ടത്. കോടതി രേഖാമൂലം പരാതിപ്പെടാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാവില്ല. കോടതി പരാമർശങ്ങളല്ലാതെ, മറ്റൊരു രേഖയും പൊലീസിന്‍റെ പക്കൽ ഇല്ല. കേസ് നിലനിൽക്കില്ലെന്ന് കപിൽ സിബൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.