പുതിയ ഐഫോൺ 18 പ്രോ ആണോ? ചോദിച്ച് ഉറപ്പുവരുത്തി; പിന്നാലെ യുവതിയുടെ ഫോൺ തട്ടിയെടുത്ത് ബൈക്കിലെത്തിയ സംഘം
ന്യൂഡൽഹി: ഗ്രേറ്റർ നോയിഡ വെസ്റ്റിൽ ഇ റിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പുതിയ ഐഫോൺ 18 പ്രോ ബൈക്കിലെത്തിയ രണ്ടുപേർ തട്ടിയെടുത്തതായി പരാതി. പുതിയ ഫോണാണ് യുവതിയുടെ കൈവശമുള്ളതെന്ന് മനസ്സിലാക്കിയതിന് പിന്നാലെയാണ് ഫോൺ കവർന്നത്. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
ശുഭി ഭണ്ഡാരി എന്ന യുവതിയുടെ ഫോണാണ് ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തത്. ഇ റിക്ഷാ യാത്രക്കുള്ള പണം ഓൺലൈനായി നൽകുന്നതിന് ഫോൺ പുറത്തെടുത്തപ്പോഴാണ് ഹെൽമറ്റ് ധരിച്ച രണ്ടുപേർ മോട്ടോർ സൈക്കിളിലെത്തിയത്.
ഇവർ യുവതിയോട് ആദ്യം വഴി ചോദിച്ചു. പിന്നാലെ കൈയിലുണ്ടായിരുന്ന ഫോൺ നോക്കി ‘പുതിയ ഐഫോൺ ആണോ?’ എന്ന് ചോദിച്ചു. ഫോൺ പുതിയ മോഡലാണെന്ന് യുവതി മറുപടി നൽകിയതോടെ പിന്നിലിരുന്നയാൾ ഫോൺ തട്ടിയെടുക്കുകയും ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നു.
മൂന്ന് ദിവസം മുമ്പാണ് യുവതി ഐഫോൺ 18 പ്രോ വാങ്ങിയത്. സംഭവത്തിന് പിന്നാലെ കുടുംബം ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ബിസ്രഖ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഓൺലൈൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ബിസ്രഖ് എസ്.എച്ച്.ഒ രഞ്ജീത് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.