അയോധ്യയിലെ രാമ ക്ഷേത്രം

ഒന്നും രണ്ടുമല്ല... 105 തവണ പണം മോഷ്ടിച്ചു; അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ്‌ഐടി ചാർജ്ഷീറ്റ് സെപ്റ്റംബർ 25ന് സമർപ്പിക്കും

അയോധ്യ: ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ വഴിപാടുകളിലും സംഭാവനകളിലും ഉണ്ടായ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സെപ്റ്റംബർ 25-ഓടെ സമർപ്പിക്കുമെന്ന് കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ അനധികൃതമായി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് എസ്.ഐ.ടി അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് ജൂൺ 25നാണ് അയോധ്യയിലെ രാം ജന്മഭൂമി പൊലീസ് സ്റ്റേഷനിൽ എട്ട് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, ബാങ്ക് രേഖകൾ, മൊബൈൽ ഡാറ്റ എന്നിവ വിശദമായി പരിശോധിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ക്ഷേത്രത്തിലെ പി.എഫ്.സി കെട്ടിടത്തിലെ കൗണ്ടിങ് റൂമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ, അനുമതിയില്ലാതെ പണം രഹസ്യമായി കടത്തിയ 105 സംഭവങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ കുറ്റകൃത്യങ്ങളിൽ മറ്റ് ചില വ്യക്തികളും സഹായിച്ചിട്ടുണ്ടെന്ന് എസ്‌ഐടി കണ്ടെത്തി. സിസിടിവിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ബാങ്ക് നിക്ഷേപങ്ങളും സ്വത്തുവിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന 803 വിലപിടിപ്പുള്ള വസ്തുക്കളുടെ രസീതുകളും രേഖകളും പരിശോധിച്ചെങ്കിലും യാതൊരുവിധ ക്രമക്കേടുകളും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, രസീതുകൾ നൽകിയിട്ടില്ലാത്ത 86 വിലപിടിപ്പുള്ള വസ്തുക്കൾ പ്രത്യേകം തിരിച്ചറിഞ്ഞ് പരിശോധന നടത്തിയിട്ടുണ്ട്.

വെള്ളിയെന്ന് വിശേഷിപ്പിച്ച 944.411 കിലോഗ്രാം വെളുത്ത ലോഹവുമായി ബന്ധപ്പെട്ട രേഖകൾ എസ്‌ഐടി പരിശോധിച്ചു. കൂടാതെ, സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ച അവകാശവാദങ്ങളും അന്വേഷണ പരിധിയിൽ വന്നിട്ടുണ്ട്. 200 കിലോഗ്രാം, 38.288 കിലോഗ്രാം തൂക്കമുള്ള വെള്ളി കട്ടകൾ, വെള്ളി മണികൾ, ചരൺ പാദുകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ യാതൊരു ക്രമക്കേടും കണ്ടെത്തിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ ട്രസ്റ്റ് ഓഫീസർമാർ, അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് ജീവനക്കാർ, ബാങ്ക് ഉദ്യോഗസ്ഥർ, സെക്യൂരിറ്റി ജീവനക്കാർ, സിസിടിവി ഓപ്പറേറ്റർമാർ, ചാർട്ടേർഡ് അക്കൗണ്ടന്റുമാർ എന്നിവരുൾപ്പെടെ 173 സാക്ഷികളുടെ മൊഴികൾ സെപ്റ്റംബർ 14 വരെ എസ്‌ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ടെന്നും നിയമപ്രകാരം ആവശ്യമെങ്കിൽ കുറ്റപത്രം സമർപ്പിച്ച ശേഷവും തുടർ അന്വേഷണം നടത്താമെന്നും എസ്‌ഐടി വ്യക്തമാക്കി. കുറ്റപത്രത്തിന്റെ പകർപ്പ് കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിന്റെ അടുത്ത വാദം നവംബർ 2ന് നടക്കും.

Tags:    
News Summary - 105 theft incidents caught on Ayodhya Ram temple CCTV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.