ലഖ്നോ: നബിദിനത്തോടനുബന്ധിച്ച് ബാനർ കെട്ടിയതിന് മുസ്‍ലിം യുവാക്കൾക്കെതിരെ ഏകപക്ഷീയായി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട ബറേലിയിൽ ഇന്റർനെറ്റ് വിലക്ക്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുന്നോടിയായി ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ് വിലക്ക്.
ഫേസ്ബുക്ക്, യൂട്യൂബ്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് കിംവദന്തികൾ പ്രചരിപ്പിക്കുന്നതും വർഗീയ സംഘർഷം സൃഷ്ടിക്കുന്നതും തടയുന്നതിനാണ് ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് അധികൃതരുടെ അവകാശവാദം. എസ്.എം.എസ് സേവനങ്ങൾ, മൊബൈൽ ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ്, വയർലെസ് കണക്ഷനുകൾ എന്നിവയും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് ആഭ്യന്തര സെക്രട്ടറി ഗൗരവ് ദയാൽ പറഞ്ഞു.
ബറേലിയിൽ സുരക്ഷ സംവിധാനവും ശക്തമാക്കിയിട്ടുണ്ട്. പൊലീസ്, പ്രൊവിൻഷ്യൽ ആൻഡ് കോൺസ്റ്റാബുലറി (പി.എ.സി), റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) ഉദ്യോഗസ്ഥർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരും, ഡെപ്യൂട്ടി കളക്ടർമാരും, പൊലീസും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും അവരുടെ ഉത്തരവാദിത്തങ്ങൾ ഗൗരവമായി നിർവഹിക്കണമെന്ന് ഡിവിഷണൽ കമീഷണർ ഭൂപേന്ദ്ര എസ്. ചൗധരി പറഞ്ഞു. ബറേലിക്ക് പുറമെ, ഉത്തർപ്രദേശിലെ ഷാജഹാൻപൂർ, പിലിഭിത്ത്, ബുദൗൺ ജില്ലകളിലും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
‘ഐ ലവ് മുഹമ്മദ്’ ബാനറുകൾക്കെതിരായ പൊലീസ് നടപടിയെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ബറേലി സമാധാനത്തിലേക്ക് മടങ്ങിയിട്ടില്ല. ഇതുവരെ 82 പേരെ അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 26ന് നടന്ന പ്രതിഷേധങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇത്തിഹാദെ മില്ലത്ത് കൗൺസിൽ (ഐ.എം.സി) മേധാവി മൗലാന തൗഖീർ ഖാന്റെ ഒമ്പത് അനുയായികളെ കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. വെടിവെപ്പിൽ കാലിന് പരിക്കേറ്റ രണ്ട് പേർ ഉൾപ്പെടെയാണിത്.
സെപ്റ്റംബർ നാലിന് കാൺപൂരിലെ മൊഹല്ല സയ്യിദ് നഗർ പ്രദേശത്തെ ജാഫർ വാലി ഗലിയിൽ നബിദിനാഘോഷത്തോടനുബന്ധിച്ച് ഉയർത്തിയ ‘ഐ ലവ് മുഹമ്മദ്’ ബാനറിന്റെ പേരിലാണ് സംഘർഷങ്ങൾ ഉടലെടുത്തത്. പുതിയ ആഘോഷ രീതിയാണിതെന്നും അനുവദിക്കില്ലെന്നും വ്യക്തമാക്കി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ രംഗത്തുവന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്.
പിന്നാലെ മുസ്‍ലിം യുവാക്കൾക്കെതിരെ യു.പി പൊലീസ് ഏകപക്ഷീയായി കേസെടുക്കുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായ ഉയർന്ന കടുത്ത പ്രതിഷേധമാണ് ‘ഐ ലവ് മുഹമ്മദ് കാമ്പയിൻ ’ ആയി മാറിയത്. ഉത്തരാഖണ്ഡ്, ഗുജറാത്ത് ഉൾപ്പെടെ സംസ്ഥാനങ്ങളിലും കാമ്പയിൻ പ്രചരിക്കുകയും, ബാനറുകൾക്കും പോസ്റ്ററുകൾക്കുമെതിരെ പൊലീസ് നടപടി ആരംഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.