പാകിസ്താൻ തെമ്മാടി രാഷ്ട്രം; ആണവോർജ കേന്ദ്രങ്ങൾ അന്താരാഷ്ട്ര ആണവ കമീഷൻ ഏറ്റെടുക്കണം -രാജ്നാഥ് സിങ്

ശ്രീനഗർ: പാകിസ്താൻ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് കേന്ദ്ര ​പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പാകിസ്താനിലെ ആണവോർജ കേന്ദ്രങ്ങൾ അന്താരാഷ്ട്ര ആണവ കമീഷൻ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാം തീവ്രവാദ ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി നടത്തിയ ശ്രീനഗർ സന്ദർശനത്തിനിടെ ബദാമി ബാഗ് കന്റോൺമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താന്റെ ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോർജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലേക്ക് മാറ്റണമെന്ന് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ​?. ആണവായുധ ബ്ലാക്മെയിലിങ്ങാണ് പാകിസ്താൻ നടത്തുന്നത്.

അതിനാല്‍ പാകിസ്താനിലെ ആണവായുധങ്ങളുടെ സൂക്ഷിപ്പു ചുമതല അന്താരാഷ്ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണമെന്നും കേന്ദ്ര പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. സൈനികരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഇന്ത്യൻ സൈന്യം പഠിപ്പിച്ച പാഠം തീവ്രവാദികൾ ഒരിക്കലും മറക്കില്ലെന്ന് രാജ് നാഥ് സിങ് പറഞ്ഞു. ഓപറേഷൻ സിന്ദൂരിൽ സൈന്യത്തിന്‍റെ ഒരു ലക്ഷ്യവും പിഴച്ചില്ല. കശ്മീരിൽ എത്തിയ പ്രതിരോധ മന്ത്രി കരസേനയിലെയും വ്യോമ സേനയിലെയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ചെയ്തു.

പഹല്‍ഗാം ആക്രമണത്തിനുശേഷം, പാകിസ്താനോടും തീവ്രവാദികളോടും ജമ്മു- കശ്മീരിലെ ജനങ്ങള്‍ കടുത്ത രോഷമാണ് പ്രകടിപ്പിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ ആണവ ഭീഷണി പോലും കണക്കിലെടുക്കാതെയാണ് ഇന്ത്യ ഭീകരവാദികള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തിയത്. അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകര താവളങ്ങളും ബങ്കറുകളും സൈന്യം നശിപ്പിച്ച രീതി, ശത്രുവിന് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഓപറേഷന്‍ സിന്ദൂര്‍ രാജ്യത്തോടുള്ള പ്രതിബദ്ധതയായിരുന്നു.

പ്രതികൂല കാലാവസ്ഥയിലും രാജ്യത്തിന്റെ സുരക്ഷക്കായി സേവനം അനുഷ്ഠിക്കുന്ന എല്ലാ സൈനികരെയും അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സൈനികസേവനത്തിനിടെ മരിച്ച സൈനികര്‍ക്ക് രാജ്‌നാഥ് സിങ് ആദരാഞ്ജലി അര്‍പ്പിച്ചു. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി രാജ്‌നാഥ് സിങ്ങിനെ സ്വീകരിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും രാജ്‌നാഥ് സിങ്ങിനെ അനുഗമിച്ചിരുന്നു.

Tags:    
News Summary - Pakistan is a rogue nation; International Atomic Energy Commission should take over its nuclear power plants - Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.