ജനസംഖ്യയിൽ കടിച്ചുതൂങ്ങി ആർ.എസ്.എസ്: 'മതംമാറ്റവും കുടിയേറ്റവും ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് കാരണം; ഇന്ത്യയിൽ യുവാക്കൾ കുറയും വൃദ്ധർ കൂടും'

ന്യൂഡൽഹി: രാജ്യത്ത് മതപരമായ ജനസംഖ്യ അസന്തുലിതത്വമുണ്ടാകുമെന്ന വ്യാജ പ്രചാരണങ്ങൾക്ക് ചൂടുപിടിപ്പിച്ച് ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലെ. വിജയദശമി ദിനത്തിൽ നടത്തിയ വാർഷികപ്രസംഗത്തിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർ​ശത്തിന്റെ ചുവടുപിടിച്ചാണ് ഹൊസബലെയുടെ വിശദീകരണം. രാജ്യത്ത് സമഗ്ര ജനസംഖ്യാ നിയന്ത്രണ നയം കൊണ്ടുവരണമെന്നായിരുന്നു ഭാഗവതിന്റെ ആവശ്യം.

മതപരിവർത്തനവും അയൽരാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റവുമാണ് ഇന്ത്യയിൽ ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് കാരണമെന്നാണ് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞത്. പ്രയാഗ്‌രാജിൽ നടന്ന ആർഎസ്‌എസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ അവസാന ദിനത്തിലായിരുന്നു ഹൊസബലെയുടെ പരാമർശം. നാല് ദിവസമായി നടന്ന യോഗം രാജ്യത്തെ മതപരിവർത്തനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഹിന്ദുമതത്തിൽ നിന്ന് മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ആളുകൾക്ക് സംവരണാനുകൂല്യം നൽകരുതെന്നും അത്തരം മതപരിവർത്തനങ്ങൾ തടയുന്നതിന് കർശനമായ നിയമങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ബംഗ്ലാദേശിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാർ വടക്കൻ ബിഹാറിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സ്ഥിരതാമസമാക്കിയിട്ടുണ്ട്. അത്തരം കുടിയേറ്റം തടയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും അവരുടെ ജനസംഖ്യ വർധിക്കുകയാണ്. എല്ലാ സമുദായങ്ങൾക്കും ഒരേപോലെ ബാധകമായ ജനസംഖ്യാ നയം രൂപീകരിക്കണം' -ഹൊസബലെ പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നയങ്ങൾ രാജ്യത്തെ യുവാക്കളുടെ എണ്ണം കുറയ്ക്കുകയും വൃദ്ധരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുമെന്നും ഹൊസബലെ പറഞ്ഞു. "കഴിഞ്ഞ 10-20 വർഷം ​കൊണ്ട് രാജ്യത്തിന്റെ കുടുംബങ്ങളിലെ അംഗസംഖ്യ 3.4 ൽ നിന്ന് 1.9 ആയി കുറഞ്ഞു. ഇതുമൂലം, വരും വർഷങ്ങളിൽ യുവാക്കളുടെ എണ്ണം കുറയുകയും പ്രായമായവരുടെ എണ്ണം വർധിക്കുകയും ചെയ്യും' -അദ്ദേഹം പറഞ്ഞു.

അതേസമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് സംഘപരിവാർ ജനസംഖ്യാ നുണ പടച്ചുവിടുന്നതെന്ന് മോഹൻ ഭാഗവതിനുള്ള മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വിദ്വേഷരാഷ്ട്രീയം വളർത്തി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള ഈ വിപത്കരമായ നീക്കം മതനിരപേക്ഷ സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന ഭാഗവതിന്റെ വിജയദശമി പ്രസംഗത്തെ കേന്ദ്രസർക്കാർ തന്നെ പുറത്തുവിട്ട കണക്കുകൾ നിരത്തിയാണ് പിണറായി പൊളിച്ചടുക്കിയത്. വസ്തുതയ്ക്കു നിരക്കുന്നതോ കണക്കുകളുടെ പിൻബലമുള്ളതോ അല്ല ഭാഗവതിന്റെ പ്രചാരണം. ഹിന്ദുക്കൾ സമീപ ഭാവിയിൽ ന്യൂനപക്ഷമായി മാറുമെന്ന നുണ സംഘപരിവാർ വർഷങ്ങളായി പ്രചരിപ്പിക്കുകയാണ്. ആ ആയുധം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ആർ.എസ്.എസ്.

ടോട്ടൽ ഫെർട്ടിലിറ്റി റേറ്റി"നെ (TFR) ബന്ധപ്പെടുത്തിയാണ് ജനസംഖ്യാ വർധനവ് കണക്കാക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ രാജ്യത്തെ മറ്റ് മതങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കുറയുന്നതായാണ് കേന്ദ്രസർക്കാരിന്റെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019-21 ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ (NFHS -5) യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സർവെ പ്രകാരം ഹിന്ദു, മുസ്‍ലിം സമുദായങ്ങളിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് യഥാക്രമം 1.9 ഉം 2.3 ഉം ആണ്. വ്യത്യാസം വെറും 0.4 മാത്രമാണ്. മുസ്‍ലിം സമുദായത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് 2015-16 ല്‍ 2.6 ആയിരുന്നത് 2019-21 ല്‍ 2.3 ആയി കുറഞ്ഞു. 1992-93 ൽ ഇത് 4.4 ആയിരുന്നു. ഇരുപതുവർഷങ്ങൾക്കിടെ ഫെർട്ടിലിറ്റി നിരക്കിന്റെ കാര്യത്തിൽ 41.2 ശതമാനത്തിന്റെ കുറവാണ് ഹിന്ദു സമുദായത്തിലുണ്ടായതെങ്കിൽ മുസ്ലിങ്ങള്‍ക്കിടയില്‍ 46.5 ശതമാനമാണ് കുറവുണ്ടായത്.

സെൻസസ് കണക്കു പ്രകാരം ഹിന്ദു ജനസംഖ്യാ വർധനവിൽ 3.1 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. എന്നാൽ മുസ്‍ലിം ജനസംഖ്യാ വർധനവിൽ 4.7 ശതമാനം ഇടിവാണ് ഉണ്ടായത്. പൊതുമധ്യത്തിൽ ഇത്തരം കണക്കുകൾ ലഭ്യമായിരിക്കുമ്പോഴാണ് ആർ.എസ്.എസ് തെറ്റായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് വർഗീയത പരത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Infiltrators from neighbouring countries, religious conversion causing population imbalance: RSS general secretary Dattatreya Hosabale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.