ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനെ തുടർന്നുണ്ടായ കൂട്ടമരണത്തിൽ കോർപ്പറേഷർ അധികൃതർക്കെതിരെ നടപടി. മുനിസിപ്പൽ കമീഷണർ ദിലീപ് കുമാർ യാദവിനെയും അഡീഷനൽ കമീഷണർ റോഹിത് സിസോനിയയെയും സ്ഥാനത്തുനിന്ന് നീക്കി. സംഭവത്തെ തുടർന്ന് മുനിസിപ്പൽ കമീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് നടപടി സ്വീകരിച്ചത്.
അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്നതിനെ തുടർന്നാണ് നിരവധി പേർ കൂട്ടത്തോടെ മരണപ്പെട്ടതെന്നും 200 ലധികം പേർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതെന്നും ലാബ് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.
ഇതുവരെ 10 മരണങ്ങളാണ് കോർപ്പറേഷൻ സ്ഥിരീകരിച്ചത്. അതേസമയം, ദേശീയ മനുഷ്യാവകാശ കമീഷൻ മധ്യപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി മലിനമായ വെള്ളം വിതരണം ചെയ്യുന്നതിനെക്കുറിച്ച് നാട്ടുകാർ പരാതിപ്പെട്ടിരുന്നുവെങ്കിലും അധികാരികൾ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കമീഷൻ അറിയിച്ചു.
അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം പത്ത് പേരാണ് ഇത് വരെ മരണപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിലുള്ള 32പേരുടെ നില ഗുരുതരമാണ്. അപകടത്തിന് കാരണമായർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ഭഗീരഥപുര കോളനിയിൽ മുനിസിപ്പൽ പൈപ്പ് വഴി വിതരണം ചെയ്ത നർമ്മദ നദീ ജലം കുടിച്ച ശേഷമാണ് തങ്ങൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. വെള്ളം കുടിച്ചതിന് പിന്നാലെ ഇവർക്ക് ഛർദ്ദിയും വയറ് വേദനയും അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡിസംബർ 25 മുതൽ മുനിസിപ്പാലിറ്റിയിൽ നിന്നും വിതരണം ചെയ്ത കുടിവെള്ളത്തിന് അസാധാരണായ മണവും രുചി വ്യത്യാസവും അനുഭവപ്പെട്ടിരുന്നു. തുടർന്ന് മുനിസിപ്പൽ അധികൃതർ നടത്തിയ പരിശോധനയിലാണ് കുടിവെള്ള പൈപ്പിന് മുകളിലായുള്ള ശൗചാലയത്തിൽ നിന്ന് മലിനജലം ചോർന്ന് പൈപ്പ് ലൈനിലേക്ക് കലർന്നതായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.