ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിയുടെ ബാഗിന് കേടുപാട്; മുഴുവൻ വില നൽകാൻ വിസമ്മതിച്ച് ഇൻഡിഗോ

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിൽ വിമാനക്കമ്പനികൾ പുലർത്തുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത യുവതിയുടെ 8,000 രൂപ വിലമതിക്കുന്ന ബാഗിന് കേടുപാട് സംഭവിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തകർന്ന ബാഗിന് പകരമായി വെറും 4,500 രൂപയോ അല്ലെങ്കിൽ മറ്റൊരു കമ്പനിയുടെ ബാഗോ നൽകാമെന്ന വിമാനക്കമ്പനിയുടെ നിലപാട് യാത്രക്കാരെ അവഹേളിക്കുന്നതാണെന്ന് ആക്ഷേപം.

യാത്രക്കാരനായ അശുതോഷ് എന്ന വ്യക്തിയാണ് തന്റെ സഹോദരിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. യുവതി ഉപയോഗിച്ചിരുന്ന 'മൊകോബാര' ബ്രാൻഡിന്റെ ഹാർഡ്-ഷെൽ ബാഗ് വിമാനത്താവളത്തിൽ തിരിച്ചുകിട്ടുമ്പോൾ വലിയ രീതിയിൽ വിണ്ടുകീറിയ നിലയിലായിരുന്നു. എന്നാൽ വിമാനക്കമ്പനിയുടെ നയമനുസരിച്ച് പൂർണ്ണമായ തുക നൽകാൻ കഴിയില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. ഉപഭോക്തൃ സുരക്ഷ രാജ്യത്ത് ഒരു തമാശയായി മാറിയിരിക്കുകയാണെന്നും വിമാനക്കമ്പനികളുടെ കുത്തക മനോഭാവമാണ് ഇത്തരം സേവനങ്ങൾക്ക് പിന്നിലെന്നും അശുതോഷ് കുറ്റപ്പെടുത്തി.

സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. ലഗേജുകളിൽ 'ഫ്രജൈൽ' ടാഗുകൾ നൽകാൻ പോലും പലപ്പോഴും ജീവനക്കാർ തയ്യാറാകുന്നില്ലെന്നും വിലപിടിപ്പുള്ള സാധനങ്ങൾ കടുത്ത അശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും യാത്രക്കാർ പരാതിപ്പെടുന്നു. ഇതിനു മുൻപും പ്രമുഖ വിമാനക്കമ്പനികൾക്കെതിരെ ഇത്തരം പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിൽ ഡി.ജി.സി.എ പോലുള്ള അധികാരികൾ പരാജയപ്പെടുകയാണെന്നും വിമർശനമുണ്ട്. ഇൻഡിഗോയുടെ വാഗ്ദാനം നിരസിച്ച് ഉപഭോക്തൃ ഫോറത്തെ സമീപിക്കാനാണ് യാത്രക്കാരന്റെ തീരുമാനം.

Tags:    
News Summary - IndiGo passenger's bag damaged; airline refuses to pay full compensation.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.