ഇന്ത്യക്കാർ ഭക്ഷ്യധാന്യങ്ങളേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നത് പാലും പഴങ്ങളും പച്ചക്കറികളും വാങ്ങാൻ; സർവേ

ന്യൂഡൽഹി: ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് ഭക്ഷ്യധാന്യങ്ങൾ വാങ്ങാനല്ലെന്ന് സർവേ. പഴങ്ങളും പാലും പച്ചക്കറികളുമാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടുന്നതെന്നാണ് 2022-23ലെ ഏറ്റവും പുതിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ(ഹൗസ്ഹോൾഡ് കൺസംപ്ഷൻ എക്സ്​പെൻഡിച്ചർ സർവേ-എച്ച്.സി.ഇ.എസ്)യിൽ കണ്ടെത്തിയത്. അടിസ്ഥാനപരമായി കൂടുതൽ കലോറി നൽകുന്ന ഭക്ഷണസാധനങ്ങളിൽ നിന്ന് പ്രോട്ടീനുകളും മൈക്രോ ന്യൂട്രിയന്റുകളും അടങ്ങിയവയിലേക്കുള്ള മാറ്റം കൂടിയാണിത്.

മുട്ട, മത്സ്യം, മാംസം എന്നിവയ്ക്കുള്ള ചെലവ് ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ വർധിക്കുകയാണ്. നാഷനൽ സാംപിൾ സർവേ ഓഫിസ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ഇന്ത്യക്കാർ ഭക്ഷണത്തിനായി ചെലവാക്കുന്ന തുകയിൽ ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ 2021ൽ ആവറേജ് മന്ത്‍ലി പർക്യാപിറ്റ കൺസംപ്ഷൻ എക്സ്​പെൻഡിച്ചർ (എം.പി.സി.ഇ) 52.9 ശതമാനം ആയിരുന്നത് 2011-12 വർഷമെത്തിയപ്പോൾ 46.4 ശതമാനമായി കുറഞ്ഞു. 2004-05 വർഷങ്ങളിൽ അത് 53.1 ശതമാനവും 1999-2000 ത്തിൽ 59.4 ശതമാനവുമായിരുന്നു.

നാഗരിക മേഖലയിലും കുറവുണ്ട്. 1999-2000 വർഷങ്ങളിൽ എം.പി.സി.ഇ 48.1 ശതമാനമായിരുന്നു. 2004-05 വർഷങ്ങളിൽ അത് 42.6 ശതമാനമായി കുറഞ്ഞു. 2022-23 ​ലെത്തിയപ്പോൾ 39.2 ശതമാനമായി മാറി.

വരുമാനം വർധിച്ചാലും ചില കുടുംബങ്ങൾ ഭക്ഷണത്തിനായി പണം ചെലവഴിക്കുന്നത് കുറയുന്നതിൽ അദ്ഭുതപ്പെടാനില്ലെന്നും സർവേയിൽ പറയുന്നു. ഗ്രാമീണ-നാഗരിക മേഖലകളിൽ ധാന്യങ്ങളും പയറുവർഗങ്ങളും വാങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. അതേസമയം, ധാന്യങ്ങളെയും പയറുവർഗങ്ങളെയും അപേക്ഷിച്ച് പാലും മുട്ടയും വാങ്ങുന്നതിന്റെ അളവ് വർധിക്കുകയും ചെയ്തു. അതുപോലെ പഴങ്ങളും പച്ചക്കറികളും വൈറ്റമിനുകളും മിനറൽസും കൂടുതലുള്ള ഭക്ഷണസാധനങ്ങൾ വാങ്ങുന്നതിന്റെ അളവും വർധിച്ചു. 2022-23 വർഷങ്ങളിലാണ് ധാന്യങ്ങളേക്കാൾ പഴവർഗങ്ങൾക്കും പച്ചക്കറികൾക്കുമായി ആളുകൾ പണംമാറ്റിവെച്ചത്.

അതുപോലെ മാംസവും മത്സ്യവും ഉപയോഗിക്കുന്നതും വർധിച്ചു. അതുപോലെ സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, ബീവറേജസ്, പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ എന്നിവ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണവും വർധിച്ചു.

Tags:    
News Summary - Indians spending more on milk, fruits and vegetables than foodgrains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.