വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ സംഘം; തരൂരിന്റെ പേര് നിർദേശിച്ചിട്ടില്ലെന്ന് കോൺഗ്രസ്

​ന്യൂഡൽഹി: പാക് ഭീകരത തുറന്നു കാട്ടാൻ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന പ്രതിനിധി സംഘങ്ങൾ സംബന്ധിച്ച് വിവാദം. കോൺഗ്രസ് നിർദേശിക്കാതെ തന്നെ ശശി തരൂരിന്റെ പേര് ഉൾപ്പെടുത്തിയതാണ് പുതിയ വിവാദത്തിന് കാരണമായത്. കോൺഗ്രസ് നേതാവ് ജയ്റാം രമേശാണ് കഴിഞ്ഞ ദിവസം സംഘത്തിൽ ഉൾപ്പെടുത്താൻ നിർദേശിച്ച എം.പിമാരുടെ പട്ടിക പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം കിരൺ റിജിജ്ജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയേയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും വിളിച്ച് പാക് ഭീകരവാദത്തിൽ ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളിൽ വിശദീകരിക്കാൻ പോകുന്ന സംഘത്തിൽ ഉൾപ്പെടുത്താൻ നാല് എം.പിമാരുടെ പേര് നിർദേശിക്കാൻ ആവശ്യപ്പെട്ടു.

തുടർന്ന് ആനന്ദ് ശർമ്മ, ഗൗരവ് ഗോഗോയ്, സയീസ് നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരുടെ പേരുകൾ നിർദേശിച്ചുവെന്ന് എക്സിലെ പോസ്റ്റിൽ ജയ്റാം രമേശ് വ്യക്തമാക്കി. ഇതോടെ കോൺഗ്രസ് നിർദേശമില്ലാതെയാണ് തിരുവനന്തപുരം എം.പിയായ ശശി തരൂരിന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് വ്യക്തമായി.

പഹൽഗാം ഭീകരാക്രമണത്തെയും ഓപറേഷൻ സിന്ദൂറിനെയും തുടർന്നുള്ള നിർണായക നയതന്ത്ര നീക്കത്തിൽ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങ​ളെ ധരിപ്പിക്കാൻ കേന്ദ്രസർക്കാർ സർവകക്ഷി സംഘത്തെ അയക്കുന്നു.

മുസ്‍ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ, സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ്, മുൻ വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ തുടങ്ങിയവർ കേരളത്തിൽനിന്ന് സംഘത്തിലുണ്ടാകും. കേ​ന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് സർവകക്ഷി സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.പിമാരെ ​ഇക്കാര്യം നേരിൽ വിളിച്ചറിയിച്ചത്.



Tags:    
News Summary - Indian delegation to foreign countries; Congress says Tharoor's name not suggested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.