സീനിയോറിറ്റി ലംഘിക്കപ്പെട്ടത് ഒരിക്കല്‍ മാത്രം; നല്‍കുന്നത് തെറ്റായ സന്ദേശം

ന്യൂഡല്‍ഹി: കരസേനയുടെ ചരിത്രത്തില്‍ മുമ്പ് ഒരു തവണ മാത്രമാണ് സീനിയോറിറ്റി മറികടന്ന സേന മേധാവിയുടെ നിയമനം നടന്നത്. 1983ല്‍ ഇന്ദിര സര്‍ക്കാറിന്‍െറ കാലത്ത് ലഫ്റ്റനന്‍റ് ജനറല്‍ എസ്.കെ. സിന്‍ഹയെ പിന്തള്ളി ജനറല്‍ എ.എസ്. വൈദ്യയെ കരസേന മേധാവിയാക്കിയത് അന്ന് പ്രതിപക്ഷത്തായിരുന്ന സംഘ്പരിവാറും എതിര്‍ത്തിരുന്നു. ഇന്ന് ബി.ജെ.പി സര്‍ക്കാര്‍ ഇന്ദിരയുടെ പാത പിന്തുടരുമ്പോള്‍ ആദ്യം എതിര്‍പ്പുമായി രംഗത്തുവന്നത് കോണ്‍ഗ്രസാണ്. ബ്ളൂ സ്റ്റാര്‍ ഓപറേഷനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും എസ്.കെ. സിന്‍ഹയും തമ്മിലുണ്ടായ ഉടക്കാണ് സിന്‍ഹക്ക് അര്‍ഹിച്ച കരസേന മേധാവി പദവി നഷ്ടമാക്കിയത്. 

എന്നാല്‍, ഇന്ന് തഴയപ്പെട്ടവരും സര്‍ക്കാറും തമ്മില്‍ അത്തരം പ്രശ്നങ്ങളൊന്നുമുള്ളതായി റിപ്പോര്‍ട്ടില്ല. അതേസമയം, മോദി സര്‍ക്കാറിന്‍െറ തീരുമാനം കരസേനയുടെ തലപ്പത്ത് ഒരു മുസ്ലിം ഓഫിസറുടെ നിയമനത്തിനുള്ള സാധ്യത ഇല്ലാതാക്കിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന അഭിപ്രായം പ്രതിരോധ മേഖലയില്‍നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്. സൈന്യത്തില്‍ ജാതിക്കും മതത്തിനും സ്ഥാനമില്ല. എങ്കിലും ബി.ജെ.പി നയിക്കുന്ന സര്‍ക്കാറിന്‍െറ തീരുമാനം ഒരു മുസ്ലിം കരസേന മേധാവിയുടെ സാധ്യത ഇല്ലാതാക്കുന്നത് അതിര്‍ത്തി കാക്കുന്ന സേനയെക്കുറിച്ച് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സീനിയോറിറ്റി മറികടന്നുള്ള നിയമനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറോ, പ്രതിരോധ മന്ത്രാലയമോ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, യുദ്ധസമാനമായ സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിട്ട് പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ളതിനാലാണ് ബിപിന്‍ റാവത്തിനെ തെരഞ്ഞെടുത്തതെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. തഴയപ്പെട്ടവരുടെ കാര്യശേഷിയെക്കുറിച്ച് സര്‍ക്കാറിനുള്ള അവിശ്വാസമാണ് ഇതിലൂടെ പുറത്തുവരുന്നത്. തഴയപ്പെട്ട ഓഫിസര്‍മാരുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.

83ല്‍ കരസേന മേധാവി പദവി നിഷേധിക്കപ്പെട്ടപ്പോള്‍ സേനയില്‍നിന്ന് രാജിവെച്ചാണ് എസ്.കെ. സിന്‍ഹ പ്രതികരിച്ചത്. ശേഷം ഇന്ദിരയുടെ വിമര്‍ശകനായി നിറഞ്ഞുനിന്ന അദ്ദേഹം 84ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിഹാറിലെ പാട്ന മണ്ഡലത്തില്‍നിന്ന് പ്രതിപക്ഷ പിന്തുണയോടെ കോണ്‍ഗ്രസിനെതിരെ മത്സരിച്ചുവെങ്കിലും തോല്‍ക്കുകയായിരുന്നു.

Tags:    
News Summary - indian Army Chief Bipin Rawat posting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.