ന്യൂഡൽഹി: കേരളത്തിെൻറ തീരക്കടലിൽ 2012ൽ രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചു കൊന്ന കേസ് ഇന്ത്യ കൈകാര്യം ചെയ്ത രീതി അന്താരാഷ്ട്ര കോടതി ശരിവെച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടെന്നും ട്രൈബ്യൂണൽ വിധിച്ചു.
2012 ഫെബ്രുവരി 15നാണ് എൻറിക ലെക്സി എന്ന ഇറ്റാലിയൻ എണ്ണക്കപ്പലിലെ നാവികർ, കൊല്ലം മൂദാക്കര സ്വദേശി ജലസ്റ്റിൻ, കന്യാകുമാരി സ്വദേശി അജീഷ് ബിങ്കി എന്നീ മീൻപിടിത്തക്കാരെ കൊലപ്പെടുത്തിയത്. സമുദ്ര നിയമവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടി വ്യവസ്ഥകൾക്ക് അനുസൃതമായി ഇന്ത്യ ഈ കേസ് കൈകാര്യം ചെയ്തതിനെയാണ് അന്താരാഷ്ട്ര ട്രൈബ്യൂണൽ ശരിവെച്ചത്.
2015 ജൂൺ 26നാണ് യു.എൻ ഉടമ്പടി പ്രകാരം ട്രൈബ്യൂണൽ രൂപവത്കരിച്ചത്്. കേസ് കൈകാര്യം ചെയ്യാൻ ഇന്ത്യക്കുള്ള അധികാരം ചോദ്യം ചെയ്ത ഇറ്റലിയുടെ അഭ്യർഥന പ്രകാരമായിരുന്നു ട്രൈബ്യൂണൽ രൂപവത്കരണം.
കടൽ സഞ്ചാരത്തിന് ഇന്ത്യക്കാർക്കുള്ള സ്വാതന്ത്ര്യത്തിെൻറ ലംഘനമാണ് ഇറ്റാലിയൻ നാവികരായ സാൽവതോർ ഗിറോൺ, ലത്തോറെ മാർസി മിലാനോ എന്നിവരും അതുവഴി ഇറ്റലിയും നടത്തിയതെന്ന് ട്രൈബ്യൂണൽ വിധിച്ചു. കടൽക്കൊല കേസിൽ ഇന്ത്യക്കും ഇറ്റലിക്കും ഒരുപോലെ അധികാരപരിധിയുണ്ട്. നാവികർക്കെതിരെ ക്രിമിനൽ നടപടി മുന്നോട്ടു കൊണ്ടുപോകാൻ നിയമപരമായ അവകാശമുണ്ട്. യു.എൻ ചട്ടങ്ങൾക്ക് വിരുദ്ധമായി നാവികർ പെരുമാറി.
സെൻറ് ആൻറണി എന്ന മീൻപിടിത്ത ബോട്ടിലെ ജീവനക്കാർ നേരിട്ട ജീവാപായം, പരിക്കേൽപിക്കൽ, വസ്തുനാശം, മാനസിക സംഘർഷം എന്നിവക്ക് നഷ്ടപരിഹാരം ലഭിക്കാൻ ഇന്ത്യക്ക് അർഹതയുണ്ട്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ കൂടിയാലോചന നടത്തി ധാരണയിലെത്തണം.നാവികരെ കസ്റ്റഡിയിൽവെച്ചതിന് നഷ്ടപരിഹാരം വേണമെന്ന ഇറ്റലിയുടെ വാദം ട്രൈബ്യൂണൽ തള്ളി. മറ്റൊരു രാജ്യത്തിെൻറ ഉദ്യോഗസ്ഥരെന്ന നിലയിൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പു കൽപിക്കാനുള്ള അധികാരം ഇല്ലെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. ഉത്തരവിന് അനുസൃതമായ തുടർനടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ സെൻറ് ആൻറണി എന്ന ബോട്ടിലുണ്ടായിരുന്നവരാണ് നാവികരുടെ വെടിയേറ്റ് മരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.