അട്ടാരി: വെള്ളിയാഴ്ച പുലർച്ചെ ആറുമണി. അട്ടാരിയിൽ അതിർത്തി രക്ഷാ സേനയുടെ(ബി.എസ്.എഫ്) കീഴിലുള്ള അട്ടാരി ജോയൻറ് പോസ്റ്റിലേക്ക് പുലർകാല മഞ്ഞ് വകഞ്ഞുമാറ്റി ജനങ്ങൾ വന്നുെകാണ്ടിരിക്കുന്നു.
ഒമ്പതുമണി ആയപ്പോഴേക്കും ചെക്പോസ്റ്റ് ജനനിബിഡമായി. പല വി.വി.െഎ.പികളും കടന്നു വന്ന ചെക്ക്പോസ്റ്റിലൂടെ ഇന്ന് ഒരു യഥാർഥ ഹീറോ വരുകയാണ്. അദ്ദേഹത്തെ ധോലക് കൊട്ടിയും നൃത്തം ചെയ്തും സ്വീകരിക്കാനാണ് ജനങ്ങൾ ഒഴുകിവന്നത്. ഇന്ത്യൻ മണ്ണിൽ അതിക്രമിച്ചു കയറിയ പാക് പോർവിമാനങ്ങളെ തുരത്തിയോടിച്ചതിനിടയിൽ നിയന്ത്രണരേഖക്കപ്പുറം വീണ് പാക് സേനയുടെ പിടിയിലായ ധീര പോരാളി അഭിനന്ദൻ വർധമാനെ കാത്തിരിക്കുകയാണ്, അമൃത്സറിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള അട്ടാരിയിൽ എത്തിയവർ.
കാത്തിരിപ്പ് ഉച്ചയും കഴിഞ്ഞ് വൈകുന്നേരമായിട്ടും ജനങ്ങളൊന്നും പിരിഞ്ഞുപോയില്ല. വൈകുന്നേരത്തോടെ അഭിനന്ദനെ അതിർത്തിയിൽ പാക് ഭാഗത്ത് എത്തിച്ചെങ്കിലും രാത്രി ഒമ്പതോടെയാണ് ഇന്ത്യൻ മണ്ണിലേക്ക് പ്രവേശിച്ചത്. അഭിനന്ദിെൻറ വരവു കണക്കിലെടുത്ത് പഞ്ചാബിലെ 553 കി.മീ. ദൈർഘ്യം വരുന്ന പാക് അതിർത്തിയിൽ ബി.എസ്.എഫിെൻറ നേതൃത്വത്തിൽ അതിസുരക്ഷയാണ് വെള്ളിയാഴ്ച ഒരുക്കിയത്. പഞ്ചാബ് പൊലീസും മറ്റു സുരക്ഷാ വിഭാഗങ്ങളും വെള്ളിയാഴ്ച പുലർെച്ച മുതൽ ഇവിടെ സന്നാഹമൊരുക്കി.
ഇനി വൈദ്യപരിശോധന; വിവരം തേടൽ
അഭിനന്ദൻ വർധമാനെ ഇനി വൈദ്യപരിശോധനക്ക് വിധേയമാക്കും. തുടർന്ന് പാകിസ്താനിൽ നേരിട്ട അനുഭവങ്ങളെക്കുറിച്ച സൈനികമായ ചോദ്യംചെയ്യലും ഉണ്ടാവും.
േപാർവിമാനം തകർന്ന് രക്ഷപ്പെടുന്ന ഘട്ടത്തിൽ പൈലറ്റിന് വലിയ ക്ഷതമേൽക്കാൻ സാധ്യതയുണ്ട്. പൈലറ്റ് മാത്രം യാത്രക്കാരനായ മിഗ്-21 ബൈസൺ വിമാനമാണ് അഭിനന്ദൻ പറത്തിയിരുന്നത്.
എഫ്-16 വിമാനം വെടിവെച്ചിടുന്നതിനിടയിൽ സ്വന്തം വിമാനം തകർന്നു. ഇത്തരം ഘട്ടങ്ങളിൽ വിമാനത്തിൽനിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടാനുള്ള ശ്രമത്തിലാണ് പൈലറ്റിന് നെട്ടല്ലിനും മറ്റും ക്ഷതമേൽക്കുക. ‘എജക്ട് ബട്ടൺ’ അമർത്തിയാൽ ഇരിപ്പിടം വേഗത്തിൽ ഉയരുകയും വിമാനത്തിെൻറ മുകൾഭാഗം തകർത്ത് പൈലറ്റ് പുറത്തു വരുകയും പാരച്യൂട്ട് നിവരുകയുമാണ് ചെയ്യുക.
പാരച്യൂട്ടിൽ പാകിസ്താനിൽ ചെന്നുവീണ അഭിനന്ദന് നാട്ടുകാരുടെ മർദനം ഏൽക്കേണ്ടിവന്നു. ചോരയൊലിക്കുന്ന മുഖവുമായി പാകിസ്താൻ സേന അഭിനന്ദനെ മോചിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇൗ ആഘാതങ്ങളും വൈദ്യപരിശോധനയിൽ ബോധ്യപ്പെടും.
എല്ലാ നടപടികളും പൂർത്തിയായശേഷമേ അഭിനന്ദൻ മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ സാധ്യതയുള്ളൂ. അന്യരാജ്യത്തിന് ഏതെങ്കിലും രഹസ്യ വിവരങ്ങൾ കൈമാറിപ്പോയിട്ടുണ്ടോ, അവിടത്തെ പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ചാണ് സേന വിവരങ്ങൾ ആരായുക. സൈനികരെ കൈമാറുന്ന നടപടിയിലും അന്താരാഷ്ട്ര മാനദണ്ഡങ്ങൾപ്രകാരം വൈദ്യപരിശോധന നിർബന്ധമാണ്. മോചനഘട്ടത്തൽ വർധമാന് അകമ്പടിയായിനിന്ന ഇന്ത്യൻ എയർ അറ്റാഷെ ജെ.ടി. കുര്യനും നയതന്ത്ര പ്രതിനിധികളുമാണ് ഇക്കാര്യങ്ങളിൽ സാക്ഷികളായി നിൽക്കുക.
കാത്തിരിക്കുന്നത് ബഹുമതികൾ; ഒപ്പം സിനിമയും
ന്യൂഡൽഹി: ലോകശ്രദ്ധ നേടിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ കാത്തിരിക്കുന്നത് വലിയ സേനാ ബഹുമതികൾ. ഒപ്പം ആ സാഹസികത വൈകാതെ സിനിമയാകാനും സാധ്യത. അഭിനന്ദെൻറ കഥ പ്രമേയമാക്കി സിനിമക്ക് ടൈറ്റിലുകൾ ഇതിനകം ബുക്ക് ചെയ്തുകഴിഞ്ഞു.യുദ്ധസമാനമായ സാഹചര്യങ്ങളിൽ അസാധാരണ സാഹസികതയും മനോധൈര്യവും കാണിച്ചതു മുൻനിർത്തി മഹാവീർ ചക്ര പോലുള്ള ബഹുമതികൾ അഭിനന്ദന് നൽകിയേക്കും.
പാകിസ്താെൻറ പക്കലുള്ള ഏറ്റവും മുന്തിയ എഫ്-16 വിമാനം വെടിവെച്ചുവീഴ്ത്തിയതും സൈനിക തലത്തിൽ ഏറെ ശ്രദ്ധേയ നേട്ടമാണ്. അമേരിക്കയിൽനിന്ന് പാകിസ്താന് ലഭിച്ച വിമാനമാണിത്. മുമ്പ് എഫ്-16ന് ഇന്ത്യ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.