പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടം; 2 ബില്യൺ ഡോളറിന്റെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ

ന്യൂഡൽഹി: ആഗോള-മേഖലാ തലങ്ങളിൽ വർധിച്ചുവരുന്ന യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ ഇന്ത്യ വൻ പദ്ധതിക്കൊരുങ്ങുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തദ്ദേശീയ ഡ്രോൺ വേട്ടക്കാണ് രാജ്യം തയാറെടുക്കുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ വർഷം രാജ്യത്തെ ആഭ്യന്തര കമ്പനികളിൽനിന്ന് മാത്രം ഏകദേശം 2 ബില്യൺ ഡോളറിലധികം (ഏകദേശം 20,000 കോടി രൂപ) മൂല്യമുള്ള സൈനിക ഡ്രോണുകൾ വാങ്ങാനാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഓർഡർ നൽകി 18 മുതൽ 24 മാസങ്ങൾക്കുള്ളിൽ ഡ്രോണുകളുടെ വിതരണം പൂർത്തിയാകുമെന്നുമാണ് സൂചന. ഡ്രോണുകൾക്കായി അടുത്തിടെ സർക്കാർ നൽകിയ 30 ബില്യൺ രൂപയുടെ ഓർഡറുകളിൽ നിന്നുള്ള കുതിച്ചുചാട്ടമാണ് പുതിയ നീക്കം.

കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.എഫ്.ഐ) പ്രസിഡന്റ് സ്മിത് ഷായാണ് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യത്തെ അടിയന്തര സൈനിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അതിവേഗ സംഭരണ പാതയിലൂടെയായിരിക്കും പുതിയ ഓർഡറുകൾ നടപ്പിലാക്കുക. അടുത്ത ഘട്ടത്തിൽ തന്ത്രപ്രധാന ഡ്രോൺ സംഭരണം 200 ബില്യൺ രൂപ കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം മേയ് മാസത്തിൽ അതിർത്തിയിൽ പാകിസ്താനുമായി ഉണ്ടായ സംഘർഷങ്ങളിൽ ഇരുപക്ഷവും വൻതോതിൽ ഡ്രോണുകൾ വിന്യസിച്ചിരുന്നു. കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന ഡ്രോണുകളുടെ യുദ്ധശേഷി തെളിയിക്കുന്നതായിരുന്നു ഈ സംഭവം. ഇതിന് പുറമെ യുക്രെയ്ൻ, ഇറാൻ യുദ്ധങ്ങളിൽ ഡ്രോണുകൾ വരുത്തിയ യുദ്ധതന്ത്രങ്ങളിലെ മാറ്റങ്ങളും ഇന്ത്യയുടെ ഈ അടിയന്തര നീക്കത്തിന് വേഗത കൂട്ടി. കഴിഞ്ഞ മാർച്ചിൽ ട്രാൻസ്പോർട്ട് വിമാനങ്ങൾ, മിസൈൽ സംവിധാനങ്ങൾ, സായുധ ഡ്രോണുകൾ എന്നിവ വാങ്ങുന്നതിനായി 2.38 ട്രില്യൺ രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു.

ഇന്ത്യയുടെ ഈ നീക്കം രാജ്യത്തെ തദ്ദേശീയ ഡ്രോൺ നിർമാണ മേഖലക്ക് വലിയ ഉണർവേകും. നിലവിൽ ഇന്ത്യയിൽ അറുന്നൂറിലധികം ഡ്രോൺ നിർമാണ കമ്പനികളുണ്ടെങ്കിലും അതിൽ നൂറിലധികം കമ്പനികൾ പ്രതിരോധ മേഖലക്കായി മാത്രമാണ് പ്രവർത്തിക്കുന്നത്.

അദാനി ഗ്രൂപ്, ലാർസൻ ആൻഡ് ടൂബ്രോ , ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് തുടങ്ങിയ വൻകിട കമ്പനികൾ മുതൽ ഐഡിയഫോർജ് , ന്യൂസ്പേസ് റിസർച്ച്, ആസ്റ്റീരിയ എയറോസ്‌പേസ് തുടങ്ങിയ പ്രമുഖ സ്റ്റാർട്ടപ്പുകൾ വരെ പുതിയ ഓർഡറുകൾക്കായി മത്സരരംഗത്തുണ്ടാകും. നിരീക്ഷണം, ലോജിസ്റ്റിക്‌സ്, ലോയിറ്ററിങ് മ്യൂണിഷൻ, കൃത്യതയാർന്ന ആക്രമണ സംവിധാനങ്ങ എന്നിവക്കായുള്ള ഡ്രോണുകളാണ് പ്രധാനമായും നിർമിക്കുന്നത്.

മുൻകാലങ്ങളിലെ സങ്കീർണവും സമയമെടുക്കുന്നതുമായ പ്രതിരോധ സംഭരണ രീതികൾ മാറ്റിവെച്ച്, മാസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുന്ന അടിയന്തര അധികാരം ഉപയോഗിച്ചാണ് പ്രതിരോധ മന്ത്രാലയം ഇപ്പോൾ മുന്നോട്ട് പോകുന്നത്. തദ്ദേശീയ നിർമാണത്തിന് മുൻഗണന നൽകുന്നതിലൂടെ ഇന്ത്യൻ സൈന്യത്തിന്റെ നിരീക്ഷണ-ആക്രമണ ശേഷി വരുംവർഷങ്ങളിൽ ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - India to buy $2 billion worth of military drones; largest deal in history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.