മാധ്യമ സ്വാതന്ത്ര്യം: 161ാം റാങ്കിലേക്ക് കൂപ്പുകുത്തി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യവും മാധ്യമ പ്രവർത്തകരുടെ സുരക്ഷയും കൂടുതൽ അപകടത്തിലേക്കെന്ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ.എസ്‌.എഫ്). സംഘടനയുടെ ഈ വർഷത്തെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സിൽ ഇന്ത്യയുടെ റാങ്ക് 11 പോയിന്‍റ് ഇടിഞ്ഞു. 180 രാജ്യങ്ങളിൽ മാധ്യമ സ്വാന്ത്ര്യത്തിന്റെ കാര്യത്തിൽ 161ാം റാങ്കിലേക്കാണ് ഇന്ത്യ ഇത്തവണ കൂപ്പുകുത്തിയത്. 2022-ൽ 150ാം റാങ്ക് ആയിരുന്നു. മാധ്യമപ്രവർത്തകരുടെ സ്ഥിതി വളരെ ഗുരുതരമാണെന്ന് ആർ.എസ്.എഫ് വിലയിരുത്തുന്ന 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഇടംപിടിച്ചിട്ടുണ്ട്.

മാധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങൾ, രാഷ്ട്രീയപരമായി പക്ഷംപിടിക്കുന്ന മാധ്യമങ്ങൾ, മാധ്യമങ്ങളുടെ ഉടമസ്ഥത കേന്ദ്രീകരണം തുടങ്ങിയവയാണ്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാവാൻ കാരണമായി ആർ.എസ്.എഫ് ചൂണ്ടിക്കാണിക്കുന്നത്.

രാഷ്ട്രീയ, സാമ്പത്തികം, നിയമനിർമാണം, സാമൂഹികം, സുരക്ഷാ എന്നിങ്ങളെ അഞ്ച് സൂചകങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് വേൾഡ് പ്രസ്സ് ഫ്രീഡം ഇൻഡക്‌സിൽ രാജ്യങ്ങൾക്ക് റാങ്ക് നിർണയിക്കുന്നത്. സുരക്ഷാ സൂചികയിലാണ് ഇന്ത്യ ഏറ്റവും മോശം പ്രടകനം കാഴ്ച വെക്കുന്നത്. ഇതിൽ 172 ആണ് ഇന്ത്യ‍യുടെ സ്ഥാനം. ചൈന, മെക്‌സിക്കോ, ഇറാൻ, പാകിസ്താൻ, സിറിയ, യെമൻ, ഉക്രെയ്ൻ, മ്യാൻമർ എന്നി രാജ്യങ്ങളാണ് ഇന്ത്യക്ക് താഴെയുള്ളത്. ലോകത്ത് മാധ്യമപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ മ്യാൻമർ ആണ് ഏറ്റവും പിറകിൽ.

മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായും നിർഭയമായും വാർത്ത ശേഖരിക്കാനും റിപ്പോർട്ട് ചെയ്യാനും സാഹചര്യം ലഭിക്കുന്നുണ്ടോ എന്നതും അവരുടെ തൊഴിൽ സുരക്ഷയുമാണ് സുരക്ഷാ സൂചകത്തിൽ മാനദണ്ഡമായി പരിഗണിക്കുന്നത്. കുറഞ്ഞത് 800 ദശലക്ഷം ഇന്ത്യക്കാർ പിന്തുടരുന്ന 70ലധികം മാധ്യമങ്ങൾ മോദിയുടെഅടുത്ത സുഹൃത്തായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ കമ്പനികളും മോദി സർക്കാരും തമ്മിൽ പരസ്യമായി പരസ്പര പ്രയോജനകരമായ ബന്ധങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ദക്ഷിണേഷ്യയിൽ പോലും മാധ്യമ പ്രവർത്തകർ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പാകിസ്താൻ ഇന്ത്യയേക്കാൾ നിരവധി റാങ്കുകൾ മുന്നിൽ 150ാം സ്ഥാനത്താണ്. താലിബാൻ നിയന്ത്രിക്കുന്ന അഫ്ഗാനിസ്ഥാനും 152ാം റാങ്കുമായി ഇന്ത്യക്കു മുകളിലുണ്ട്.  ഭൂട്ടാൻ 90ാം സ്ഥാനത്തും ശ്രീലങ്ക 135ാം സ്ഥാനത്തുമാണ്. 163ാം റാങ്കിൽ ബംഗ്ലാദേശ് മാത്രമാണ് ഇന്ത്യക്കു പിന്നിലുള്ളത്.

Tags:    
News Summary - India Slips 11 Ranks in Press Freedom Index, Now 161 of 180 Countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.