ന്യൂഡൽഹി: വെടിനിർത്തലിന് അമേരിക്ക ഇടപെട്ടെന്നും വ്യാപാരം അവസാനിപ്പിക്കുമെന്ന ഭീഷണിക്ക് ഇരുരാജ്യങ്ങളും വഴങ്ങിയെന്നുമടക്കം ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇന്ത്യ. മൂന്നാം കക്ഷിയുടെ ഇടപെടലില്ലാതെ ഇരുരാജ്യങ്ങളും തമ്മിലെ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തൽ നടപ്പായതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് ട്രംപ് രംഗത്തുവന്നതിനു പിന്നാലെയാണ് പ്രതികരണം. കശ്മീർ പ്രശ്നം ഉഭയകക്ഷി വിഷയമാണെന്നും അദ്ദേഹം അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
ഏപ്രിൽ 10നു രാവിലെ പാക് വ്യോമസേന താവളങ്ങളിൽ വൻനാശം വരുത്തി ഇന്ത്യ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ സൈനിക നടപടി അവസാനിപ്പിക്കാൻ പാകിസ്താൻ സന്നദ്ധത അറിയിക്കുകയായിരുന്നു. അതേ ദിവസം ഉച്ചക്ക് 12.37നാണ് പാക് ഹൈകമീഷനിൽനിന്ന് വിദേശകാര്യ മന്ത്രാലയത്തിൽ ടെലിഫോൺ കാൾ എത്തുന്നത്. ഹോട് ലൈനിലെ സാങ്കേതിക തടസ്സം കാരണം പാക് അധികൃതർക്ക് ആശയവിനിമയം സാധ്യമായില്ല. തുടർന്ന് 3.35നാണ് ഇരുരാജ്യങ്ങളുടെയും ഡി.ജി.എം.ഒമാർ സംഭാഷണം നടത്തുന്നത്. പൊതുവേദികളിൽ അതുവരെ വ്യക്തമാക്കിയ സന്ദേശം പാക് അധികൃതർക്കും കൈമാറി. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാനാണ് ഇന്ത്യ ആക്രമണം തുടങ്ങിയതെന്നും പാക് സേന വെടിയുതിർത്താൻ ഇന്ത്യ ഇനിയും തിരിച്ചടിക്കുമെന്നും അറിയിച്ചു. ഇതേ സന്ദേശം മറ്റു വിദേശരാജ്യങ്ങളും പാകിസ്താനുമായി പങ്കുവെച്ചിട്ടുണ്ടാകുമെന്നും ജയ്സ്വാൾ പറഞ്ഞു. കശ്മീർ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലെ ഉഭയകക്ഷി വിഷയമാണ്. ഈ നിലപാടിൽ മാറ്റമില്ല.
ആണവ യുദ്ധമായി മാറുമെന്ന ട്രംപിന്റെ ഭീഷണിയും ഇന്ത്യ തള്ളി. സൈനിക നടപടി പരമ്പരാഗത രീതി മാത്രം ഉപയോഗിച്ചായിരുന്നു. പാകിസ്താനും ആണവായുധ സാധ്യത തള്ളിയതാണ്. ആണവായുധ ഭീഷണിയും അതിർത്തി കടന്നുള്ള ഭീകരവാദവും ഇന്ത്യ പൊറുപ്പിക്കില്ലെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.
സിന്ധുനദീജല കരാർ അവസാനിപ്പിച്ചത് തുടരും. പാകിസ്താൻ സമ്പൂർണമായി അതിർത്തി കടന്നുള്ള ഭീകരത നിർത്തുംവരെ നിലപാടിൽ മാറ്റമില്ല. മേയ് ഏഴിന് ഓപറേഷൻ സിന്ദൂർ ആരംഭിച്ചതു മുതൽ ഇന്ത്യ, യു.എസ് നേതാക്കൾ തമ്മിൽ ചർച്ചകൾ നടന്നിരുന്നു. അതിൽ വ്യാപാര ചർച്ചകൾ വന്നില്ലെന്നും അദ്ദേഹം അറിയിച്ചു. യുദ്ധം നിർത്തിയില്ലെങ്കിൽ വ്യാപാരം അവസാനിപ്പിക്കുമെന്ന ഭീഷണിയാണ് ഇരുരാജ്യങ്ങളെയും പിന്തിരിപ്പിച്ചതെന്ന് ട്രംപ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.