പ്രതിരോധ, ഭീകര വിരുദ്ധ സഹകരണം: ഇന്ത്യ-ഇസ്രായേല്‍ ധാരണ

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം പ്രതിരോധ-ഭീകരവിരുദ്ധ രംഗത്ത് സഹകരണം ശക്തമാക്കാന്‍ ഇന്ത്യ- ഇസ്രായേല്‍ ധാരണ. ഭീകരവാദ സംഘടനകള്‍ക്കും അതിന് താവളമൊരുക്കുന്നവര്‍ക്കുമെതിരെ ആഗോള സമൂഹം കര്‍ക്കശ നിലപാടെടുക്കണമെന്നും ഇരുരാജ്യങ്ങളും ആഹ്വാനം ചെയ്തു.

ഇന്ത്യ സന്ദര്‍ശിക്കുന്ന ഇസ്രായേല്‍ പ്രസിഡന്‍റ് റ്യൂവെന്‍ റിവ്ലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലെ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം വിപുലമാക്കാന്‍ ധാരണയായത്. വ്യാപാരം, കൃഷി, ജലവിഭവം, നിക്ഷേപം, സൈബര്‍ ക്രൈം എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കും.

ഭീകരതയുടെയും തീവ്രവാദത്തിന്‍െറയും നിരന്തര ഭീഷണി നേരിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഇസ്രായേലുമെന്ന് റിവ്ലിനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പ്രധാനമന്ത്രി മോദി വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ പ്രായോഗികവും സൂക്ഷ്മവുമായ ഇടപെടലുകള്‍ ആവശ്യമാണ്. ഇന്‍റര്‍നെറ്റ് രംഗത്തടക്കം സഹകരണം വിപുലപ്പെടുത്തിവേണം ഈ ഭീഷണികളെ അതിജീവിക്കാന്‍. ഭീകരതക്ക് അതിരുകളില്ളെന്നും ആഗോള വെല്ലുവിളിയാണെന്നും പറഞ്ഞ മോദി അതിന് മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ അയല്‍രാജ്യം ഭീകരതയുടെ ഉറവിടങ്ങളിലൊന്നാണെന്നും പാകിസ്താനെ പരാമര്‍ശിച്ച് മോദി പറഞ്ഞു.

റിവ്ലിന്‍െറ സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തിലെ നിര്‍ണായക മുന്നേറ്റമാണെന്ന് ചൂണ്ടിക്കാണിച്ച മോദി, ഉല്‍പാദനം-നിര്‍മാണം എന്നിവയിലൂടെയാണ് ഇസ്രായേലുമായി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി. കൃഷി-ജലവിഭവ കൈകാര്യം എന്നീ മേഖലകളില്‍  രണ്ട് ഉടമ്പടികളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. വരള്‍ച്ചബാധിത പ്രദേശങ്ങളിലെ സൂക്ഷ്മ ജലസേചന രീതികളില്‍ ഇസ്രായേലിന്‍െറ പ്രാഗല്ഭ്യം ഇന്ത്യയില്‍ ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഇതില്‍ ഒരു കരാര്‍.

ഇന്ത്യയില്‍ നിര്‍മാണവും ഉല്‍പാദനവും നടത്താന്‍ ഇസ്രായേല്‍ സന്നദ്ധമാണെന്ന് റിവ്ലിന്‍ പറഞ്ഞു. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ ഇസ്രായേല്‍ പ്രസിഡന്‍റു കൂടിയാണ് റിവ്ലിന്‍. ഐക്യരാഷ്ട്രസഭ സുരക്ഷസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പൂര്‍ണ പിന്തുണ നല്‍കിയ ഇസ്രായേലിനെ മോദി നന്ദി അറിയിച്ചു. അതിനിടെ, അടുത്തവര്‍ഷം ആദ്യം മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നു. 1992 മുതലാണ് ഇന്ത്യ-ഇസ്രായേല്‍ നയതന്ത്ര ബന്ധം തുടങ്ങുന്നത്. ഇതിന്‍െറ 25ാം വര്‍ഷം കൂടിയാണ് 2017.

Tags:    
News Summary - india isreal treaty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.