‘ഓപ്പറേഷൻ സിന്ദൂറിൽ’ വൻ വിജയം; റഷ്യയിൽ നിന്ന് കൂടുതൽ എസ്-400 മിസൈൽ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ

ന്യൂഡൽഹി: കഴിഞ്ഞവർഷം പാകിസ്താനെതിരെ നടന്ന 'ഓപ്പറേഷൻ സിന്ദൂറി'ൽ കൈവരിച്ച വൻ വിജയത്തിന് പിന്നാലെ, റഷ്യയിൽ നിന്ന് കൂടുതൽ 'എസ്-400 ട്രയംഫ്' (S-400 Triumf) വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ ചർച്ചകൾ ആരംഭിച്ചു. അത്യാധുനിക മിസൈൽ പ്രതിരോധ പ്ലാറ്റ്‌ഫോമിന്റെ പുതിയ ബാച്ചുകൾ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റഷ്യൻ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി-ടെക്നിക്കൽ കോപ്പറേഷൻ (FSVTS)  സ്ഥിരീകരിച്ചു.

റഷ്യൻ സർക്കാർ മാധ്യമമായ 'ആർ.ടി ഇന്ത്യ' എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, ഓപ്പറേഷൻ സിന്ദൂറിനിടെ എസ്-400 അതിന്റെ കരുത്ത് തെളിയിച്ചതായും, ഇതേത്തുടർന്നാണ് 2018ലെ കരാർ പ്രകാരമുള്ള അഞ്ച് റീജുമെന്റുകൾക്ക് പുറമെ കൂടുതൽ സംവിധാനങ്ങൾ സ്വന്തമാക്കാൻ ഇന്ത്യ താല്പര്യം പ്രകടിപ്പിച്ചതെന്നും വ്യക്തമാക്കുന്നു.

അധികമായി അഞ്ച് എസ്-400 റീജുമെന്റ് സംവിധാനങ്ങൾ കൂടി സംഭരിക്കുന്നതിനുള്ള പദ്ധതികൾക്ക് ഇന്ത്യയുടെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) അംഗീകാരം നൽകിയതായാണ് റിപ്പോർട്ടുകൾ. 2018ൽ ഒപ്പുവെച്ച 5.4 ബില്യൺ ഡോളറിന്റെ പഴയ കരാർ പ്രകാരമുള്ള മിസൈലുകളുടെ വിതരണം റഷ്യ പൂർത്തിയാക്കുന്നതിനൊപ്പമാണ് പുതിയ ചർച്ചകളും നടക്കുന്നത്.

പഴയ കരാറിലെ ആദ്യത്തെ മൂന്ന് എസ്-400 സംവിധാനങ്ങൾ 2023ഓടെ റഷ്യ ഇന്ത്യക്ക് കൈമാറിയിരുന്നു. ഇവ ഇന്ത്യയുടെ പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിൽ വിന്യസിച്ചിട്ടുമുണ്ട്. എന്നാൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ബാക്കി രണ്ട് സംവിധാനങ്ങളുടെ വിതരണം വൈകിയിരുന്നു. നിലവിൽ ഈ തടസ്സങ്ങൾ നീങ്ങിയതായും വിതരണം കൃത്യസമയത്ത് തന്നെ നടക്കുന്നുണ്ടെന്നും FSVTS മേധാവി ദിമിത്രി ഷുഗയേവ് വ്യക്തമാക്കി.

നാലാമത്തെ സംവിധാനം ഈ മാസം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചാമത്തെയും അവസാനത്തെയും യൂണിറ്റ് നവംബറോടെ കൈമാറും. ഇന്ത്യയിൽ 'സുദർശന ചക്ര' എന്ന പേരിൽ അറിയപ്പെടുന്ന എസ്-400 സംവിധാനം ഓപ്പറേഷൻ സിന്ദൂറിൽ നിർണ്ണായക പങ്കാണ് വഹിച്ചത്. ശത്രുക്കളുടെ വ്യോമാക്രമണ ഭീഷണികളെ തകർക്കാനും ഇന്ത്യയുടെ പ്രധാന വ്യോമസേനാ താവളങ്ങൾക്കും നഗരങ്ങൾക്കും സുരക്ഷയൊരുക്കാനും ഈ മൊബൈൽ മിസൈൽ പ്രതിരോധ പ്ലാറ്റ്‌ഫോമിന് സാധിച്ചിട്ടുണ്ട്.

പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാൻ ബഹുതല പ്രതിരോധ കവചം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇവ തന്ത്രപ്രധാന മേഖലകളിൽ വിന്യസിച്ചിരിക്കുന്നത്. ഒരേസമയം ഒന്നിലധികം വ്യോമ ലക്ഷ്യങ്ങളെ പിന്തുടരാനും തകർക്കാനും ശേഷിയുള്ള, ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനികമായ ദീർഘദൂര വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നായാണ് എസ്-400 വിലയിരുത്തപ്പെടുന്നത്.

എസ്-400 ചർച്ചകൾക്ക് പുറമെ, ഫ്രാൻസിൽ നിന്ന് ഇന്ത്യൻ വ്യോമസേനയ്ക്കായി 114 ദസ്സാൾട്ട് റാഫേൽ  യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നിർണ്ണായക പ്രതിരോധ കരാറിലേക്കും ഇന്ത്യ അടുക്കുകയാണ്. 4.5 ജനറേഷൻ വിഭാഗത്തിൽപ്പെട്ട ഈ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള 'ലെറ്റർ ഓഫ് റിക്വസ്റ്റ്' ഇന്ത്യ അന്തിമമാക്കിയിട്ടുണ്ട്. 

Tags:    
News Summary - India In Talks With Russia For More S-400 Missile Systems After Its Op Sindoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.