നരേന്ദ്ര മോദി, മുഹമ്മദ് യൂനുസ്
മുംബൈ: രാജ്യത്തെ ബംഗ്ലാദേശുമായി ബന്ധിപ്പിക്കുന്ന റയിൽവേ പദ്ധതികൾ താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യ. ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വവും തൊഴിലാളികളുടെ സുരക്ഷയും കാരണമാണ് തീരുമാനം. മേഖലയിലെ സ്ഥിരതയും തന്ത്രപരമായ സുരക്ഷയും ഉറപ്പാക്കാൻ ഇന്ത്യ ബദൽ പാതകൾ ആലോചിക്കുന്നുണ്ട്.
ബംഗ്ലാദേശിനെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന വിധത്തിലായിരുന്നു പദ്ധതി. നിലവിൽ നിർമാണം നടക്കുന്ന അഖൗര-അഗർത്തല റെയിൽ ലിങ്ക്, ഖുൽന-മോംഗ്ല റെയിൽ ലിങ്ക്, ധാക്ക-ടോംഗി-ജോയ്ദേബ്പൂർ റെയിൽ വികസനം എന്നിവയാണ് നിർത്തിവെച്ച പദ്ധതികൾ. 5000 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണ് ഇവയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മറ്റ് അഞ്ച് പദ്ധതികളും നിർത്തിവെച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ അറിയിച്ചു.
നിലവിൽ ഇന്ത്യയും ബംഗ്ലാദേശും നല്ല ബന്ധത്തിലല്ല. ബംഗ്ലാദേശ് ഭരണകൂടത്തിന് കീഴിൽ ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമാകുന്നതും അവർ പാകിസ്താനുമായും ചൈനയുമായും കൂടുതൽ അടുക്കുന്നതുമാണ് പ്രശ്നങ്ങൾക്ക് കാരണം. ഏതാനും വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുരോഗതി കൈവരിച്ചിരുന്നു, എന്നാൽ നിലവിലെ ബംഗ്ലാദേശിലെ അസ്ഥിരതയും മേഖലയിൽ ചൈനീസ് വ്യാപനത്തിന് ആഹ്വാനം ചെയ്യുന്നതുൾപ്പെടെയുള്ള ഇന്ത്യ വിരുദ്ധ പ്രസ്താവനകളുമാണ് ബന്ധത്തെ മോശമായി ബാധിച്ചത്.
ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാറിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിന്റെ ചൈനയോടുള്ള സൗഹൃദ നിലപാടും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്ഷണവുമാണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ മോശമായി ബാധിച്ചത്. തുടർന്ന് ഇന്ത്യ ബംഗ്ലാദേശിനുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് അവകാശങ്ങള്‍ പിന്‍വലിച്ചു. ഇതിന് മറുപടിയായി ഇന്ത്യയില്‍ നിന്നുള്ള നൂല്‍ ഇറക്കുമതി ബംഗ്ലാദേശ് നിര്‍ത്തിവെച്ചിരുന്നു. ഇപ്പോൾ റെയില്‍ പദ്ധതികള്‍ കൂടി നിർത്തിവെക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ മോശമായി ബാധിക്കും.
2023 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സംയുക്തമായി വെർച്വൽ മോഡ് വഴി ഉദ്ഘാടനം ചെയ്തതാണിത്. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലക്കും ബംഗ്ലാദേശിലെ അഖൗരക്കും സമീപമുള്ള ക്രോസ്-ബോർഡർ റെയിൽ പദ്ധതി പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ അതിർത്തി കടന്നുള്ള വ്യാപാരം വർധിപ്പിക്കുമെന്നും അഗർത്തലക്കും ധാക്ക വഴി കൊൽക്കത്തക്കും ഇടയിലുള്ള യാത്രാ സമയം ചുരുക്കുകയും ചെയ്യുന്നു.
ഇന്ത്യാ ഗവൺമെന്റിന്റെ കൺസഷണൽ ലൈൻ ഓഫ് ക്രെഡിറ്റ് പ്രകാരമാണ് നടപ്പിലാക്കിയിരിക്കുന്നത്. മോംഗ്ല തുറമുഖത്തിനും ഖുൽനയിലെ നിലവിലുള്ള റെയിൽ മാർഗത്തിനും ഇടയിൽ ഏകദേശം 65 കിലോമീറ്റർ ബ്രോഡ്-ഗേജ് റെയിൽ പാതയുടെ നിർമ്മാണമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ തുറമുഖമായ മോംഗ്ല ബ്രോഡ്-ഗേജ് റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.