മ്യാൻമറിലെ ജുണ്ടാ സർക്കാറി​ന്‍റെ എതിരാളികളെ സെമിനാറിലേക്ക് ക്ഷണിച്ച് ഇന്ത്യ

പ്യോങ്യാങ്: മ്യാൻമറിലെ സൈനിക സർക്കാറി​ന്‍റെ രാഷ്ട്രീയ-സൈനിക എതിരാളികളായ വിമതപക്ഷത്തെ ഡൽഹിയിൽ നടക്കാനിരിക്കുന്ന സെമിനാറിലേക്ക് ഇന്ത്യ ക്ഷണിച്ചതായി റി​പ്പോർട്ട്. മേഖലയിലെ വിമതരായ ജനറൽമാരുമായി ബന്ധം നിലനിർത്താനുള്ള ദക്ഷിണേഷ്യൻ ശക്തിയുടെ സുപ്രധാന നീക്കമാണിതെന്ന്  ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി റോയിട്ടേഴ്സ് റി​പ്പോർട്ട് ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട സിവിലിയൻ ഗവൺമെ​ന്‍റിനെ 2021ഫെബ്രുവരിയിൽ നടത്തിയ അട്ടിമറിയിലൂടെ സൈന്യം പുറത്താക്കിയതുമുതൽ മ്യാൻമറുമായുള്ള ഇന്ത്യയുടെ 1,650കി.മീറ്റർ അതിർത്തികളുടെ സുരക്ഷയിലും സ്ഥിരതയിലും ഇന്ത്യ ആശങ്കയിലാണ്.

സമാന്തര ദേശീയ ഐക്യ സർക്കാറിനെയും ഇന്ത്യയുടെ അതിർത്തിയിലുള്ള ചിൻ, റാഖൈൻ, കച്ചിൻ സംസ്ഥാനങ്ങളിൽനിന്നുള്ള വംശീയ ന്യൂനപക്ഷ വിമതരെയും നവംബർ മധ്യത്തിൽ ഒരു സെമിനാറിലേക്ക് ക്ഷണിച്ചതായി ബന്ധപ്പെട്ട സ്രോതസ്സുകൾ പുറത്തുവിട്ടു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടുന്ന സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് ആണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുകയെന്നും അവർ വ്യക്തമാക്കി.

‘ഭരണഘടനാവാദവും ഫെഡറലിസവും’ എന്ന വിഷയത്തിൽ നടക്കുന്ന പരിപാടിയിലേക്ക് മ്യാൻമറിലെ സൈനിക സർക്കാറിനെയും ക്ഷണിക്കുമോ എന്ന് ഉടൻ വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന രാഖൈനിലെ പ്രധാന പ്രദേശങ്ങൾ നിയന്ത്രിക്കുന്ന അരാകാൻ ആർമിയും മ്യാൻമറിലെ ഏറ്റവും ശക്തമായ വിമത സേനകളിലൊന്നായ കച്ചിൻ ഇൻഡിപെൻഡൻസ് ആർമിയും (കെ.ഐ.എ) ക്ഷണിക്കപ്പെട്ട മറ്റ് സായുധ സംഘങ്ങളിൽ ഉൾപ്പെടുന്നു. അഭ്യർഥനകളോട് അരാകാൻ ആർമിയും കെ.ഐ.എയും ഉടൻ പ്രതികരിച്ചിട്ടില്ല. പ്രതിനിധികളെ അയക്കുമെന്ന് വംശീയ വിമത ഗ്രൂപായ ചിൻ നാഷണൽ ഫ്രണ്ടി​ന്‍റെ വൈസ് ചെയർമാൻ സുയി ഖാർ പറഞ്ഞു.

ജുണ്ടയുടെ എതിരാളികളുമായി ഇന്ത്യക്ക് ഇതുവരെ ഔപചാരികമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല. എന്താണ് സെമിനാറി​ന്‍റെ ലക്ഷ്യമെന്നോ ഇന്ത്യ എന്തിനാണ് പെട്ടെന്ന് ഇത്തരമൊരു നീക്കം നടത്തുന്നതെന്നോ വ്യക്തമല്ലെന്ന് റോയിട്ടർ റിപ്പോർട്ട് ചെയ്യുന്നു. അതിർത്തിയിലെ അസ്ഥിരതയെക്കുറിച്ചും മ്യാൻമറിലെ ഇന്ത്യയുടെ പദ്ധതികളുടെ സുരക്ഷാ അപകടങ്ങളെക്കുറിച്ചും ജൂണിൽ വിദേശകാര്യ മന്ത്രി ജയശങ്കർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തെ അഭിസംബോധന ചെയ്യുന്നതിൽ എല്ലാ പങ്കാളികളേയും ഉൾപ്പെടുത്താൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മ്യാൻമറി​ന്‍റെ പടിഞ്ഞാറ് ഭാഗത്ത് 400 മില്യൺ ഡോളറി​ന്‍റെ കലാദൻ തുറമുഖവും ഹൈവേ പദ്ധതിയും പുറമെ, മ്യാൻമർ വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ തായ്‌ലൻഡുമായി ബന്ധിപ്പിക്കുന്നതിനുള്ള മറ്റൊരു റോഡ് പദ്ധതിക്ക് ഏകദേശം 250 മില്യൺ ഡോളർ നൽകുന്നതിലും ഇന്ത്യ പങ്കാളിയാണ്.  2021 ഏപ്രിലിൽ നടന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ആസിയാൻ ഗ്രൂപ്പി​ന്‍റെ സമാധാന ശ്രമങ്ങൾക്കിടയിലാണ് സെമിനാർ വരുന്നത്.

Tags:    
News Summary - India extends unprecedented invite to Myanmar's anti-junta forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.