വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്താനും

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തലിന് സമ്മതിച്ചെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദത്തിന് പിന്നാലെ, വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്താനും. വൈകീട്ട് ആറിന് ഇന്ത്യയുടെ സൈനിക നടപടികളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‍രിയാണ് ഇക്കാര്യം അറിയിച്ചത്. പാക് ഉപപ്രധാനമന്ത്രി ഇഷാക് ധറും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും കര, നാവിക, വ്യോമ സൈനിക നടപടികളെല്ലാം നിർത്തിവെച്ചു. വൈകുന്നേരം അഞ്ച് മണിക്ക് വെടിനിർത്തൽ നിലവിൽ വന്നു.

ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് ധാരണയായെന്ന് പറഞ്ഞ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് വൈകുന്നേരം ആറു മണിക്കുള്ള വാർത്താ സമ്മേളനത്തിൽ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാകിസ്താനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചു എന്നായിരുന്നു ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. എന്നാൽ, സമാധാന ചർച്ച അമേരിക്കൻ മധ്യസ്ഥതയിലാണ് നടന്നതെന്ന നിലക്കല്ല ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

വളരെ ചുരുങ്ങിയ പ്രസ്താവന മാത്രമാണുള്ളതെന്ന് ആമുഖമായി പറഞ്ഞാണ് വിദേശ സെക്രട്ടറി വിക്രം മിസ്‍രി ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശനിയാഴ്ച ഉച്ചക്ക് ശേഷം 3.35ന് പാകിസ്താൻ മിലിട്ടറി ഓപറേഷൻ ഡയരക്ടർ ജനറൽ ഇന്ത്യയുടെ മിലിട്ടറി ഓപറേഷൻ ഡയരക്ടർ ജനറലിനെ വിളിച്ചുവെന്ന് മിസ്‍രി പറഞ്ഞു. വൈകീട്ട് അഞ്ച് മണിക്ക് പ്രാബല്യത്തിൽ വരുന്ന വിധം കരയിലും ആകാശത്തും കടലിലും എല്ലാ തരത്തിലുള്ള വെടിവെയ്പും സൈനിക നടപടിയും ഇന്ത്യയും പാകിസ്താനും നിർത്തിവെക്കാൻ ഇരുവർക്കുമിടയിൽ ധാരണയാ​യെന്നും ഈ ധാരണ നടപ്പാക്കാൻ ഇരു സൈന്യങ്ങൾക്കും നിർദേശം നൽകിയെന്നും മിസ്‍രി തുടർന്നു. തിങ്കളാഴ്ച 12 മണിക്ക് മിലിട്ടറി ഓപറേഷൻ ഡയരക്ടർ ജനറലുമാർ തമ്മിൽ വീണ്ടും സംഭാഷണം നടക്കുമെന്നും വിക്രം മിസ്‍രി കൂട്ടിച്ചേർത്തു.

ശേഷം മലയാളിയായ നാവിക സേന കോമഡോർ രഘു ആർ. നായർ, കേണൽ സോഫിയ ഖുറൈശിക്കും വ്യോമികാ സിങ്ങിനുമൊപ്പമെത്തി സൈന്യത്തിന്റെ ഭാഗത്തുനിന്നും വെടി നിർത്തൽ പ്രഖ്യാപിച്ചു. പാകിസ്താന്റെ ഭാഗത്തു നിന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് തിരുത്തേണ്ട ബാധ്യത ഒരു പ്രഫഷനൽ സേനയെന്ന നിലക്ക് ഇന്ത്യൻ സൈന്യത്തിനുണ്ടെന്ന് രഘു നായർ പറഞ്ഞു.

Tags:    
News Summary - India confirms ceasefire with pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.