ന്യൂഡൽഹി: പഹൽഗാമിൽ നിരപരാധികളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കറാച്ചി വ്യോമ താവളത്തിലടക്കം ഇന്ത്യ ആക്രമണം നടത്തിയതായി കര-നാവിക-വ്യോമ സേനകൾ സംയുക്തമായി നടത്തിയ വാർത്ത സമ്മേളനത്തിൽ സ്ഥിരീകരിച്ചു.
ഓപറേഷൻ സിന്ദൂറിൽ സ്വീകരിച്ച വിവിധ നടപടികൾ മൂന്നു സേന തലവന്മാരും വിശദീകരിച്ചു. പാക് ആക്രമണങ്ങളെ ഫലപ്രദമായി തകർത്തതായി സൈന്യം പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ് സംവിധാനം’ വിജയകരമായിരുന്നു. പാകിസ്താന്റെ നിരവധി ഡ്രോണുകളുള്‍പ്പെടെ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തുവെന്നും സേന വ്യക്തമാക്കി. ഭീകരർക്കെതിരായിരുന്നു ഇന്ത്യയുടെ നീക്കം. എന്നാൽ ഭീകരരും പാക് സൈന്യവും കൈകോർക്കുകയായിരുന്നു. വിവിധ തട്ടുകളായുള്ള വ്യോമ പ്രതിരോധ സംവിധാനം പ്രവർത്തിച്ചു. വിഡിയോകളും ചിത്രങ്ങളും സഹിതമായിരുന്നു വാർത്ത സമ്മേളനം.
ഓപറേഷന്‍ സിന്ദൂറില്‍ സേനകളുടെ ഏകോപനം ശക്തമായിരുന്നു. ഭാവിയിലെ ഏത് ആക്രമണവും നേരിടാന്‍ സേന സജ്ജമാണ്. ചൈനീസ് നിര്‍മ്മിത പി എസ് 15 മിസൈലുകള്‍ ഇന്ത്യ തകര്‍ത്തു. പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ ഉപയോഗിച്ച യിഹ, സോംഗര്‍ ഡ്രോണുകള്‍ തുര്‍ക്കി നിര്‍മ്മിതമാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.
കറാച്ചി മുതല്‍ ഇസ്ലാമാബാദ് വരെ ആക്രമിച്ചു. പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ചതും സേന സ്ഥിരീകരിച്ചു. യഹിയാര്‍ഖാന്‍ വിമാനത്താവളത്തിന്റെ റണ്‍വേ തകര്‍ത്തതിന്റെ ദൃശ്യങ്ങളും പുറത്തു വിട്ടു.
പാകിസ്താനിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങളെ തകർക്കാൻ കഴിഞ്ഞു. നാവിക സേനയും നിതാന്ത ജാഗ്രതയിലും നിരീക്ഷണത്തിലുമായിരുന്നു. ഇന്ത്യയുടെ എയർ ഡിഫൻസ് ശക്തമാണെന്ന് ഡയറക്ടര്‍ ജനറല്‍ എയര്‍ ഓപ്പറേഷന്‍സ് (ഡി.ജി.എ.ഒ)എയര്‍ മാര്‍ഷല്‍ എ.കെ ഭാരതി പറഞ്ഞു. ചൈനീസ് മിസൈലുകൾ തകർക്കാൻ കഴിഞ്ഞു. നമ്മുടെ എല്ലാ സൈനിക താവളങ്ങളും വ്യോമതാവളങ്ങളും പൂര്‍ണ്ണമായും സുരക്ഷിതമാണ്. ഭാവിയില്‍ ഏത് ഓപറേഷനും നടത്താന്‍ പൂർണമായും പ്രാപ്തമാണെന്നും എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി വിശദീകരിച്ചു.
ലഫ്. ജനറല്‍ രാജീവ് ഘായ് (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് -ഡിജിഎംഒ), എയര്‍ മാര്‍ഷല്‍ എ കെ ഭാരതി (ഡയറക്ടര്‍ ജനറല്‍ എയര്‍ ഓപ്പറേഷന്‍സ്-ഡിജിഎഒ), വൈസ് അഡ്മിറല്‍ എ. എന്‍. പ്രമോദ് (ഡയറക്ടര്‍ ജനറല്‍ നേവല്‍ ഓപറേഷന്‍സ്-ഡിജിഎന്‍ഒ), മേജര്‍ ജനറല്‍ സന്ദീപ് എസ് ശാര്‍ദ (ഡയറക്ടര്‍ ജനറല്‍ അറ്റ് ദ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍) എന്നിവരാണ് വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.