നരേന്ദ്ര മോദി, ഡോണൾഡ് ട്രംപ്
ഇറാനിലേക്ക് മരുന്ന് എത്തിക്കാന്‍ വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നൽകുന്നില്ലെന്ന് ആരോപണം; നടപടി യു.എസ് ഉപരോധം ഭയന്ന്
ന്യൂഡൽഹി: യു.എസ് ഉപരോധത്തെ ഭയന്ന് ഇറാനിലേക്ക് മരുന്ന് കൊണ്ടുപോകാൻ ഇന്ത്യ തടസ്സം നിൽക്കുന്നുവെന്ന് ആരോപണം. അടിയന്തരമായി മരുന്നുകൾ കൊണ്ടുപോകാൻ ഇറാനിയൻ വിമാനങ്ങൾക്ക് രണ്ടര മാസത്തിലേറെയായി ഇന്ത്യ അനുമതി നിഷേധിക്കുകയാണെന്നാണ് ഇറാനിയൻ വൃത്തങ്ങളുടെ വെളിപ്പെടുത്തൽ. ചരക്കുവിമാനത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് യാത്രാവിമാനത്തിൽ മരുന്നുകൾ കൊണ്ടുപോകാമെന്ന നിർദേശവും ഇന്ത്യ അംഗീകരിച്ചില്ലെന്ന് ഇറാൻ എയർ മാനേജിങ് ഡയറക്ടർ താഹിർ അബ്ദുൽഹയ് ആരോപിച്ചു.
ഓഗസ്റ്റ് ആദ്യവാരം മുതൽ മരുന്നുകൾ ശേഖരിക്കുന്നതിനായി ഇന്ത്യയിലേക്ക് വിമാനങ്ങൾ അയക്കാൻ ഇറാന് അനുമതി ലഭിച്ചിട്ടില്ല. യു.എസ് ഉപരോധനടപടികൾ നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് ഇന്ത്യ നേരിട്ടുള്ള വിമാന സർവിസിന് അനുമതി നൽകാൻ മടിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. മരുന്നുകൾ റോഡുമാർഗം കൊണ്ടുപോകാനാണ് ഇന്ത്യൻ അധികൃതർ നിർദേശിച്ചതെന്നും ഇറാനിയൻ വൃത്തങ്ങൾ പറയുന്നു.
ഒക്ടോബർ 19ന് തെഹ്റാനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇറാൻ എയർ മാനേജിങ് ഡയറക്ടർ താഹിർ അബ്ദുൽഹയ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇന്ത്യയിൽനിന്നും സിംഗപ്പൂരിൽനിന്നും മരുന്നുകൾ കൊണ്ടുപോകുന്നതിനുള്ള വിമാന സർവിസുകൾക്ക് അനുമതി ലഭിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
മുംബൈയിൽനിന്ന് മരുന്നുകൾ കൊണ്ടുപോകാൻ ചരക്കുവിമാനത്തിന് അനുമതി തേടിയെങ്കിലും ലഭിച്ചില്ലെന്ന് അബ്ദുൽഹയ് പറഞ്ഞു. യാത്രാവിമാനത്തിൽ മരുന്നുകൾ കൊണ്ടുപോകാമെന്ന ബദൽ നിർദേശം മുന്നോട്ടുവെച്ചിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. സിംഗപ്പൂരിൽനിന്ന് 60 മുതൽ 70 ടൺ വരെ ചരക്ക് കൊണ്ടുപോകുന്നതിനും ഇറാൻ എയർ പലതവണ വിമാന സർവിസിന് അനുമതി തേടിയിരുന്നു. എന്നാൽ, ഈ ശ്രമങ്ങളും പരാജയപ്പെട്ടുവെന്ന് അബ്ദുൽഹയ് വ്യക്തമാക്കി.
മരുന്നുകൾ എത്തിക്കുന്നതിനുള്ള വിമാന സർവിസുകൾക്ക് അനുമതി നിഷേധിക്കുന്നതിനു പിന്നിൽ യു.എസ് ഉപരോധവുമായി ബന്ധപ്പെട്ട ആശങ്കകളാണെന്നാണ് ഇറാനിയൻ വൃത്തങ്ങളുടെ ആരോപണം. അതേസമയം, മരുന്നുകൾ കൊണ്ടുപോകുന്നതിനുള്ള അനുമതി നിഷേധിച്ചെന്ന ആരോപണത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാന്റെ വ്യോമയാന മേഖലക്കെതിരെ യു.എസ് ഉപരോധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ആരോപണം ഉയരുന്നത്. സെപ്റ്റംബർ എട്ടിന് ഇറാനിയൻ വിമാനക്കമ്പനികളുമായി സഹകരിക്കുന്ന വിദേശ സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് അമേരിക്കൻ ട്രഷറി വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.