നേഹ ബോറയുടെ ഹരജി തള്ളി; സമാധാന ബോണ്ടിൽ ഒപ്പിടണമെന്ന് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: പീസ് ബോണ്ടിനെതിരായ ആൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്‍റ് നേഹ ബോറയുടെ ഹരജി ഡൽഹി ഹൈകോടതി തള്ളി. ക്രമസമാധാനം പാലിക്കുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയാണ് വെള്ളിയാഴ്ച കോടതി തള്ളിയത്.

സമരത്തിനിറങ്ങിയതിന് നേരത്തെ അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും അതി രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റേതാണ് ഉത്തരവ്. സമാധാന ബോണ്ട് ഒപ്പിട്ടു നൽകാൻ നേഹയോട് ആവശ്യപ്പെടുകയും ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 16ന് ന്യൂഡൽഹിയിലെ മണ്ഡി ഹൗസിന് സമീപം പ്രതിഷേധിച്ച നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 12 മണിക്കൂറോളം തടങ്കലിൽ കഴിഞ്ഞ ബോറയെ തൊട്ടടുത്ത ദിവസം രാവിലെയാണ് വിട്ടയച്ചത്. പിന്നാലെ നിരോധനാജ്ഞ ലംഘിക്കാൻ ആളുകളെ പ്രേരിപ്പിച്ചെന്നാരോപിച്ച് ഒരു വർഷത്തേക്ക് സമാധാനം പാലിക്കുമെന്ന് ഉറപ്പുനൽകുന്ന 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്ന് നിർദേശിച്ച് സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (എസ്.ഇ.എം) നോട്ടീസ് നൽകുകയായിരുന്നു.

അവ്യക്തവും സമാധാനപരമായ വിയോജിപ്പുകളെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബോറ ഡൽഹി ഹൈകോടതിയെ സമീപിച്ചത്. ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് ഔദ്യോഗിക അനുമതി ആവശ്യമില്ലെന്ന് ബോറയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സെൻട്രൽ പാർക്കിൽ സി.ജെ.പി ആഹ്വാനം ചെയ്ത പ്രത്യേക പരിപാടിയുമായി തനിക്ക് ബന്ധമില്ലെന്നും ബോറയുടെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

ഹർജി തള്ളിയെങ്കിലും അന്വേഷണ നടപടികളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ മജിസ്ട്രേറ്റിന് കോടതി നിർദേശം നൽകി. കേസിനാസ്പദമായ എല്ലാ വിവരങ്ങളും രേഖകളും ഹർജിക്കാരിക്ക് നൽകണമെന്നും നടപടിക്രമങ്ങളിൽ കൃത്യത പാലിക്കണമെന്നും നിർദേശിച്ചാണ് കോടതി ഹരജി തള്ളിയത്. നിരപരാധിയായ ഒരു യുവതി കോടതിക്ക് മുമ്പകെ നീതി ആവശ്യപ്പെടുന്നതല്ലെന്നും, നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സമാധാനാന്തരീക്ഷത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ആളാണെന്നുമുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ വാദം അംഗീകരിച്ചാണ് നേഹ ബോറയുടെ ആവശ്യം ഹൈകോടതി തള്ളിയത്.

Tags:    
News Summary - Neha Bora Faces Setback: Delhi High Court Rejects Plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.