ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ പിന്നോട്ടില്ല; എല്ലാ ദിവസവും ജന്തർ മന്തറിലേക്ക് മാർച്ചെന്ന് സി.ജെ.പി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി. ഞായറാഴ്ച രാവിലെ 10 മണിക്ക് ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധ പ്രകടനം നടത്തുമെന്നും ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ എല്ലാ ദിവസവും തങ്ങൾ മാർച്ച് നടത്തുമെന്നും സി.ജെ.പി ദേശീയ സംഘടനാ ചുമതലയുള്ള അജിങ്ക്യ ഷിൻഡെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

"പ്രതിഷേധത്തിനെത്തിയവരെ അറസ്റ്റ് ചെയ്തതിന് ശേഷം ഞങ്ങൾ വീടുകളിലേക്ക് മടങ്ങുമെന്നാണ് സർക്കാർ കരുതിയിട്ടുണ്ടാകുക. മോദിയുടെയും ഷായുടെയും ഈ ഭയം വ്യക്തമാക്കുന്നത് നമ്മൾ പോരാട്ടത്തിന്റെ പകുതി വിജയിച്ചു എന്നാണ്. നിങ്ങൾ എത്രപേരെ കസ്റ്റഡിയിലെടുത്താലും, ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ ഞങ്ങൾ പിന്മാറില്ല. നാളെ രാവിലെ 10 മണിക്ക് ഞങ്ങൾ വീണ്ടും ജന്തർ മന്തറിലേക്ക് മാർച്ച് ചെയ്യും," അജിങ്ക്യ ഷിൻഡെ പറഞ്ഞു.

ജനങ്ങൾ വലിയ തോതിൽ പ്രതിഷേധത്തിൽ പങ്കെടുക്കണമെന്നും പൊലീസ് തടഞ്ഞാൽ പോലും പ്രതിഷേധം തുടരാനും അജിങ്ക്യ ഷിൻഡെ ആഹ്വാനം ചെയ്തു. "വലിയ ജനക്കൂട്ടമായി ജന്തർ മന്തറിലേക്ക് വരിക, ഡൽഹി പൊലീസ് നിങ്ങളെ എവിടെ തടയുന്നുവോ അവിടെ പ്രതിഷേധിക്കുക," അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഞായറാഴ്ച ന്യൂഡൽഹിയിലും മധ്യ ഡൽഹിയിലും ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന് ഡൽഹി ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാഹചര്യം അനുസരിച്ച് രാവിലെ 6 മണി മുതൽ വഴിതിരിച്ചുവിടലുകൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ സി.ജെ.പി, ഇൻഡ്യ സഖ്യ നേതാക്കൾ അടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ, യൂടൂബർ ധ്രുവ് റാഠി, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ എന്നിവരെയും കസ്റ്റഡിയിൽ എടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത 3000ഓളം പേരെ വിട്ടയച്ചിട്ടുണ്ട്. എന്നാൽ, അഭിജീത് ദീപ്കെയും ധ്രുവ് റാഠിയും കസ്റ്റഡിയിൽ തുടരുകയാണ്.

Tags:    
News Summary - 'We Will Not Go Back': CJP Vows To Continue Protests Until CEC Gyanesh Kumar Resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.