യുക്രെയ്നിലെ സിവിലിയൻമാരുടെ മരണത്തിൽ യു.എന്നിൽ ആശങ്ക അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ സിവിലിയൻമാരുടെ മരണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വർധിച്ച് വരുന്ന സംഘർഷത്തിനിടയിൽ സിവിലിയൻമാരെ ലക്ഷ്യമിടുന്നത് ഇപ്പോൾ വളരെ എളുപ്പമായിരിക്കുകയാണെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരാംഗം ആർ. രവീന്ദ്ര പറഞ്ഞു. ചൊവ്വാഴ്‌ച യു.എൻ രക്ഷാസമിതിയിൽ യുക്രെയ്നുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

യുദ്ധത്തെ തുടർന്ന് ആളുകൾ ഭവനരഹിതരാകുകയും നിരവധി പേർ അയൽ രാജ്യങ്ങളിൽ അഭയം പ്രാപിക്കാൻ നിർബന്ധിതരാവുകയും ചെയ്തെന്ന് ഇന്ത്യ പറഞ്ഞു. ചൊവ്വാഴ്ച ക്രെമൻചുകിലെ തിരക്കേറിയ ഷോപ്പിങ് മാളിൽ നടന്ന മിസൈലാക്രമണത്തിൽ 18 പേർ മരിക്കുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് കണക്കുകൾ പുറത്ത് വന്നതെങ്കിലും അന്തിമ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്ന് യോഗത്തിൽ വിലയിരുത്തി.

സിവിലിയൻമാരുടെ മരണവാർത്തകൾ അഗാധമായ അസ്വസ്ഥതയുണ്ടാക്കുന്നു. ഇക്കാര്യത്തിൽ ഞങ്ങൾ കടുത്ത ഉത്കണ്ഠ പ്രകടിപ്പിക്കുന്നു- രവീന്ദ്ര പറഞ്ഞു. യുദ്ധത്തിനിടയിൽ സാധാരണക്കാരുടെ സംരക്ഷണത്തെ കുറിച്ച് അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ പരിഗണിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ബുച്ചയിൽ നടന്ന കൂട്ട കൊലപാതകങ്ങളെയും ഇന്ത്യ നേരത്തെ ശക്തമായി അപലപിക്കുകയും സ്വതന്ത്ര അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കൗൺസിൽ മീറ്റിങിനെ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയും അഭിസംബോധന ചെയ്തു. ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ചത് മുതൽ 15 രാജ്യങ്ങളുടെ യു.എൻ സംഘടനയുമായി സെലൻസ്കി നേരിട്ട് സംസാരിച്ചിരുന്നു.

Tags:    
News Summary - Reports Of Civilian Deaths In Ukraine War Deeply Disturbing: India At UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.