ജാംഷഡ്പുർ എഫ്.സി
ഇന്ത്യൻ സൂപ്പർ ലീഗീന് പത്തു വർഷത്തെ പഴക്കമുണ്ടെങ്കിലും ജാംഷഡ്പുർ എഫ്.സിക്ക് ആറു കൊല്ലത്തെ പാരമ്പര്യമാണുള്ളത്. 2017ൽ ടാറ്റ സ്റ്റീൽസിന്റെ ഉടമസ്ഥതയിൽ സ്ഥാപിതമായ ടീം തുടക്കത്തിൽ ഐ.എസ്.എല്ലിനോട് പൊരുത്തപ്പെടാൻ സമയമെടുക്കേണ്ടിവന്നിരുന്നു. എന്നാൽ, പിന്നീടുള്ള ഓരോ സീസണിലും മികവ് കാണിച്ചു. 2021-22 സീസണിൽ 43 പോയന്റുമായി ഷീൽഡ് വിന്നറുമായി.
ഓരോ സീസണിലും കോച്ചുമാർ മാറി മാറി വന്നതും കളിശൈലിയിലുണ്ടായ മാറ്റങ്ങളും ജാംഷഡ്പുരിനെ ഒരൽപം നിരുത്സാഹരാക്കിയിരുന്നു. എന്നാൽ, ഇത്തവണ ടീം ഒരുങ്ങുന്നത് രണ്ടും കൽപിച്ചാണ്. ലക്ഷ്യം ആദ്യ കിരീടം തന്നെ. 32കാരനായ സെർബിയൻ മിഡ്ഫീൽഡർ അലൻ സ്റ്റെവനോവികിന്റെ സൈനിങ് ടീം ലൈനപ്പിനെ കരുത്തരാക്കിയിട്ടുണ്ട്. ഇന്റർമിലാൻ യൂത്ത് ടീമിലും മറ്റു ഇറ്റാലിയൻ ക്ലബുകളിലും മികച്ച കരിയറുള്ള സ്റ്റെവനോവിക് എന്തുകൊണ്ടും ജാംഷഡ്പുരിനൊരു മുതൽക്കൂട്ടാണ്. ബ്രസീലിയൻ മിഡ്ഫീൽഡർ എൽസീനോ, ക്രൊയേഷ്യൻ സ്ട്രൈക്കർ പീറ്റർ സ്ലിസ്കോവിച്, ജാപ്പനീസ് മിഡ്ഫീൽഡർ റേയ്തചിക്വാൻ അടക്കം എട്ടുപേരെയാണ് പുതിയ സീസണിലേക്ക് ജാംഷഡ്പുരിലേക്കെത്തിച്ചത്.
കളി പരിശീലിപ്പിച്ച ഇടങ്ങളിലെല്ലാം മികച്ച വിജയസാധ്യത പ്രകടമാക്കിയ ഫിലിപ്പീൻ നാഷനൽ ടീമിന്റെ മുൻപരിശീലകനും അയർലൻഡുകാരനുമായ സ്കോട്ട് ജോസഫ് കൂപ്പറിന്റെ ചിറകിലേറിയാണ് ഇത്തവണ ജാംഷഡ്പുർ തേരോട്ടത്തിനൊരുങ്ങുന്നത്. ഗ്രൗണ്ടിനു പുറത്ത് കളിയൊരുക്കുന്ന കളിയാശാന്മാരുടെ തന്ത്രങ്ങൾ പലപ്പോഴും കളിക്കളത്തിൽ മികച്ച പ്രകടനമായി കാണാറില്ല. എന്നാൽ, ഐറിഷുകാരനായ കൂപ്പർ പരിശീലിപ്പിച്ച ടീമുകൾ അങ്ങനെയായിരുന്നില്ല. 60 ശതമാനത്തോളം വിജയസാധ്യത കൂപ്പറിന്റെ പ്രത്യേകതയായിരുന്നു. അദ്ദേഹം ഒരുക്കുന്ന മാന്ത്രികതക്കും അത്ഭുതങ്ങൾക്കും സാക്ഷികളാകാൻ കണ്ണും കാതും കോർത്തിരിക്കയാണ് ആരാധകർ.
സെപ്. 25 Vs ഈസ്റ്റ് ബംഗാൾ
ഒക്ടോ. 1 Vs കേരള ബ്ലാസ്റ്റേഴ്സ്
ഒക്ടോ. 5 Vs ഹൈദരാബാദ് എഫ്.സി
ഒക്ടോ. 22 Vs പഞ്ചാബ് എഫ്.സി
ഒക്ടോ. 26 Vs നോർത്ത് ഈസ്റ്റ് യുനൈറ്റഡ്
നവം. 1 Vs മോഹൻ ബഗാൻ
നവം. 27 Vs എഫ്.സി ഗോവ
ഡിസം. 1 Vs ഒഡിഷ എഫ്.സി
ഡിസം. 7 Vs ചെന്നൈയിൻ എഫ്.സി
ഡിസം. 16 Vs ബംഗളൂരു എ.സി
ഡിസം. 21 Vs ഹൈദരാബാദ് എഫ്.സി
ഡിസം. 29 Vs ഒഡിഷ എഫ്.സി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.