ഗുഹാവത്തി: അസമിൽ നിയമ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ ധരിച്ചത് സി.എ.എ വിരുദ്ധ ഷാളുകൾ. കേന്ദ്രസർക്കാറിന്‍റെ പുതിയ പൗരത്വ നിയമം ഏറ്റവുമധികം പേരെ ബാധിക്കുന്ന അസമിൽ വിഷയം സജ്ജീവമായി ഉയർത്താനാണ് കോൺഗ്രസ് ലക്ഷ്യം. രാഹുലിനൊപ്പമുണ്ടായിരുന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ അടക്കമുള്ളവരും സമാന ഷാളാണ് ധരിച്ചത്.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒരുകാരണവശാലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി അസമിലെ ശിവസാഗറിൽ നടന്ന കോൺഗ്രസ് റാലിയിൽ വ്യക്തമാക്കി.'ഞങ്ങൾ ധരിച്ച ഷാളിൽ സി.എ.എ എന്ന് എഴുതിയത് തടഞ്ഞിട്ടുണ്ട്. അതിനർഥം, സാഹചര്യം എന്ത് തന്നെയായാലും സി.എ.എ നടപ്പാക്കില്ല എന്ന് തന്നെയാണ്. 'നാം രണ്ട് നമുക്ക് രണ്ട്' ശ്രദ്ധിച്ച് കേട്ടോളൂ, സി.എ.എ ഇവിടെ നടപ്പാക്കില്ല. ഒരിക്കലും നടപ്പാക്കില്ല.'' -രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ 'മോദി -അമിത് ഷാ, അംബാനി -അദാനി' ബന്ധത്തെകുറിച്ച് രാഹുൽ തൊടുത്തുവിട്ട 'നാം രണ്ട്, നമുക്ക് രണ്ട്' ('ഹം ദോ ഹമാരേ ദോ') പരാമര്‍ശമാണ് അസമിലും അദ്ദേഹം ആവർത്തിച്ചത്.
അസം കരാറിലെ തത്വങ്ങൾ കോൺഗ്രസ് സംരക്ഷിക്കുമെന്നും അതിൽനിന്ന് ഒരിഞ്ച് വ്യതിചലിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. "ബി.ജെ.പിയും ആർ.എസ്.എസും അസമിനെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. നരേന്ദ്ര മോദിയെയും അമിത് ഷായെയും ഇത് ബാധിക്കില്ലായിരിക്കും. പക്ഷേ, അസമിനെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. അസമിലെ ജനങ്ങളെ കോൺഗ്രസ് ഒന്നിപ്പിച്ചു. പണ്ട് പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നവർ അക്രമം കാരണം നാട്ടിലേക്ക് മടങ്ങുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യമായിരുന്നു" അദ്ദേഹം പറഞ്ഞു.
അസമിലെ തേയില തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും മികച്ച വേതനം ഉറപ്പുവരുത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ചടങ്ങിൽ പുൽവാമ രക്തസാക്ഷികളുടെ സ്മരണയ്ക്കായി ആദരാഞ്ജലി അർപ്പിക്കുകയും മൗന പ്രാർഥന നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.