ഇസ് ലാമാബാദ്: എല്ലാ പാകിസ്താനികളും നവാസ് ശരീഫിനെപ്പോലെ ഭീരുക്കളല്ലെന്ന് പാകിസ്താൻ പ്രതിപക്ഷ പാർട്ടിയുടെ നേതാവും മുൻ ക്രിക്കറ്ററുമായ ഇമ്രാൻ ഖാൻ. കഴിഞ്ഞ ദിവസം റായ്വിൻറിൽ തെഹ്രീകെ ഇൻസാഫ് പാർട്ടി സംഘടിപ്പിച്ച റാലിയിലാണ് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ വിമർശിച്ചും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടി നൽകിയുമുള്ള ഇമ്രാെൻറ പ്രസ്താവന.
സമാധാനമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. മോദി ആഗ്രഹിക്കുകയാണെങ്കിൽ നിങ്ങളുമായി സൗഹൃദത്തിന് തങ്ങൾ തയ്യാറാണ്. പ്രശ്ന പരിഹാരങ്ങൾക്ക് യുദ്ധമല്ല വഴി. മോദിയെ കണ്ടപ്പോൾ ഇരുരാജ്യങ്ങൾക്കുമിടയിലെ സമാധാന പ്രക്രിയകൾക്ക് തുരങ്കം വെക്കുന്നത് ചെറിയ വിഭാഗം ആളുകൾ മാത്രമാണെന്ന് താൻ പറഞ്ഞിരുന്നു. ഉറി ആക്രമണമുണ്ടായപ്പോൾ യാതൊരു അന്വേഷണവും നടത്താതെ പാകിസ്താനെ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയുമാണ് മോദി ചെയ്തത്.
ജല വിതരണ കരാറിെൻറയും മിന്നലാക്രമണത്തിെൻറയും വിഷയത്തിൽ സംഭാഷണത്തിന് തയ്യാറല്ലെങ്കിൽ പാകിസ്താൻ ഒത്തൊരുമയോടെ സൈന്യത്തിന് കീഴിൽ അണിനിരക്കും. സമാധാനത്തിന് പകരം യുദ്ധം തെരഞ്ഞെടുത്താൽ ഇന്ത്യക്കാകും കൂടുതൽ നഷ്ടമുണ്ടാവുകയെന്നും മോദിയുടെ തിളങ്ങുന്ന ഇന്ത്യയെന്ന സ്വപ്നം പൂർത്തീകരിക്കപ്പെടുകയില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
കശ്മീരിൽ നടക്കുന്ന സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന് ധാർമികമായും രാഷ്ട്രീയപരമായുമുള്ള തങ്ങളുടെ പിന്തുണ തുടരും. നവാസ് ശരീഫ് പണത്തെ സ്നേഹിക്കുന്നയാളാണ്. അദ്ദേഹത്തിെൻറ സമയം അവസാനിച്ചെന്നും ശരീഫ് പാക് പ്രാധാനമന്ത്രിയായിരിക്കുന്നത് നമ്മുടെ ദൗർഭാഗ്യമാണെന്നും ഇമ്രാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.