ലഹരി കലർത്തിയ പ്രസാദം, നിർബന്ധിത വിവാഹം; യുവതികളെ ചൂഷണം ചെയ്ത ആത്മീയ ഗുരുവായ ഐ.ഐ.ടി ബിരുദധാരി പിടിയിൽ

ലഖ്നൗ: ആത്മീയ ഗുരുവാണെന്ന വ്യാജേന സമൂഹമാധ്യമങ്ങളിലൂടെ യുവതികളെ വശീകരിച്ച് ലൈംഗികമായി ചൂഷണം ചെയ്ത ഐ.ഐ.ടി ബിരുദധാരി ഉത്തർപ്രദേശിലെ മഥുരയിൽ അറസ്റ്റിൽ. ഒഡിഷ സ്വദേശിയായ അഭിഷേക് മിശ്രയാണ് (29) പിടിയിലായത്. ‘അധികർത്ത നാരായൺ ദാസ്’ എന്ന വ്യാജ നാമത്തിലാണ് ഇയാൾ തട്ടിപ്പുകൾ നടത്തിയിരുന്നത്.

ഐ.ഐ.ടി റൂർക്കിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദധാരിയായ ഇയാൾ 2017-2021 കാലയളവിലാണ് പഠനം പൂർത്തിയാക്കിയത്. ഛത്തീസ്ഗഢ് സ്വദേശിയായ ഒരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ബലാത്സംഗമടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

മഥുരയിലെ രാധാകുഞ്ച് മേഖലയിൽ നാല് വർഷമായി താമസിച്ചുവരികയായിരുന്നു അഭിഷേക് മിശ്ര. കഥാവാചക് (മതപ്രഭാഷകൻ) എന്ന നിലയിലാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്.

‘രാധാ കൃപ അമൃത’ എന്ന പേരിൽ യുട്യൂബ് ചാനൽ തുടങ്ങി ഹിന്ദിയിലും ഇംഗ്ലീഷിലും പ്രഭാഷണങ്ങൾ നടത്തിയാണ് ഇയാൾ അനുയായികളെ ആകർഷിച്ചത്. ലിങ്ക്ഡ്ഇന്നിലും ഇയാൾ വ്യാജ പേരിൽ പ്രൊഫൈൽ ഉണ്ടായിരുന്നു. എൻജിനീയറിങ് പശ്ചാത്തലമുള്ള യുവതികളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് പൊലീസ് പറയുന്നു.

യൂട്യൂബ് വിഡിയോകളിലൂടെ പരിചയപ്പെടുന്ന യുവതികളെ കുടുംബത്തിൽനിന്ന് അകറ്റുകയും മഥുരയിലെ തന്റെ വസതിയിലേക്ക് താമസം മാറ്റുകയുമാണ് ഇയാളുടെ രീതി. ഒരു ഘട്ടത്തിൽ 24 ഓളം യുവാക്കളും യുവതികളും ഇയാളുടെ വീട്ടിൽ താമസിച്ചിരുന്നു.

യുവതികളെ സ്വാധീനത്തിലാക്കിയ ശേഷം ‘ഗന്ധർവ വിവാഹം’ എന്ന പേരിൽ വിവാഹം കഴിക്കുകയാണ് പതിവ്. തുടർന്ന്, പ്രസാദം എന്ന വ്യാജേന ലഹരി കലർത്തിയ പാൽ നൽകി മയക്കി ലൈംഗികമായി പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു.

ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതികളെയും കുടുംബത്തെയും ഇയാൾ ബ്ലാക്ക് മെയിൽ ചെയ്തതായും പൊലീസ് ആരോപിക്കുന്നു. ഇയാളുടെ ഫോണിൽനിന്ന് അശ്ലീല ഫോട്ടോകളും വിഡിയോകളും കണ്ടെടുത്തു.

ഇയാളുടെ വസതിയിൽ താമസിച്ചിരുന്നവരുടെ കുടുംബങ്ങളിൽനിന്ന് പണം തട്ടുകയും ചെയ്തിരുന്നു. ആറുമാസം മുമ്പ് ഒരു യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ കുടുംബം എത്തിയപ്പോൾ ഇയാളും സംഘവും പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇയാളുടെ മാതാവും മകന്റെ പെരുമാറ്റത്തിൽ മനംനൊന്ത് നേരത്തെ വീടുവിട്ടിരുന്നു. ആദ്യം വാടക വീടുകളിൽ താമസിച്ചിരുന്ന ഇയാൾ പിന്നീട് സ്വന്തമായി വീട് നിർമിക്കുകയായിരുന്നു.

Tags:    
News Summary - IIT Graduate Posing as Guru Arrested in Mathura for Exploiting Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.