ന്യൂഡൽഹി: കേന്ദ്രമന്ത്രിക്കും ബി.ജെ.പി നേതാവിനും മറുപടി നൽകി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബെഗുസാരായി വെടിവെപ്പ് സംഭവത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കുറ്റപ്പെടുത്തേണ്ടതില്ലെന്നും തേജസ്വി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കുറ്റകൃത്യം നടക്കുന്നതെങ്കിൽ അത് അവരുടെ മുഖ്യമന്ത്രിയാണോ ചെയ്യുന്നത്? ബലാത്സംഗം നടക്കുന്നുണ്ടെങ്കിൽ അത് ചെയ്യുന്നത് അവരുടെ മുഖ്യമന്ത്രിയാണോ?"ബെഗുസരായ് വെടിവയ്പ്പിന് പിന്നിൽ മുഖ്യമന്ത്രി നിതീഷ് കുമാറാണെന്ന് ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് തേജസ്വി ചോദിച്ചു. എന്തടിസ്ഥാനത്തിലാണ് ബി.ജെ.പി ബിഹാറിന്റെ ക്രമസമാധാന നിലയെ ചോദ്യം ചെയ്യുന്നത്?
നിതീഷിന്റെ ജെ.ഡി(യു) ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ ആർ.ജെ.ഡിയുമായി കൈകോർക്കുകയും ചെയ്തതുമുതൽ ബിഹാറിലെ ബി.ജെ.പിയും മഹാഗഡ്ബന്ധൻ സർക്കാരും തമ്മിൽ വാക്പോര് നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രസ്താവന. 'ജംഗിൾ രാജ്' തിരിച്ചുവരുമെന്ന് അന്ന് മുതൽ ബി.ജെ.പി ആരോപിച്ചിരുന്നു.
ബെഗുസാരായി സംഭവത്തിന് മറ്റൊരു നിറം നൽകാൻ ചിലർ ശ്രമിക്കുന്നു. ഇവിടെ 'ജനതാരാജ്' ആണ്. ബി.ജെ.പിയുടെ പൂർണരൂപം 'ബഡ്ക ജൂത പാർട്ടി'യാണ്. അവർ ഒരിക്കലും പറയുന്നത് പോലെ ചെയ്യില്ല, അവർ ചെയ്യുന്നത് ആളുകളെ ഭിന്നിപ്പിക്കുകയും സമൂഹത്തെ വിഷലിപ്തമാക്കുകയുമാണ് "-തേജസ്വി കൂട്ടിച്ചേർത്തു.
നേരത്തെ, ബെഗുസരായ് വെടിവയ്പ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ കുറ്റപ്പെടുത്തി ഗിരിരാജ് സിംഗ് രംഗത്തെത്തിയിരുന്നു.'മഹാഗഡ്ബന്ധൻ' സർക്കാർ ഉണ്ടാകുമ്പോഴെല്ലാം ക്രമസമാധാന നില വഷളാകുന്നുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാർ ഇപ്പോൾ 'ജംഗിൾ രാജ്' എന്നതിനെ 'ജനതാരാജ്' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു"-ബിജെപി നേതാവ് പറഞ്ഞു.
ചൊവ്വാഴ്ച ബെഗുസരായ് വെടിവയ്പ്പുണ്ടായത്. മൂന്ന് പൊലീസ് സ്റ്റേഷനുകൾ കടന്ന് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ ബീഹാർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ 25 മിനിറ്റിലധികം വെടിയുതിർത്തിരുന്നു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.